കൂടുതൽ സുരക്ഷ, ഇന്ധനക്ഷമത; ടയറുകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
text_fieldsടയറുകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിർദേശിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിൽ വിൽക്കുന്ന ടയറുകൾ റോളിംഗ് റെസിസ്റ്റൻസ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എമിഷൻ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇവ വാഹനങ്ങളുടെ സുരക്ഷയും ഇന്ധനക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ, വാഹനങ്ങൾക്കായി ടയർ വാങ്ങുമ്പോൾ ശരിയായ തീരുമാനമെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഭ്യന്തര ടയർ നിർമാതാക്കളും ഇറക്കുമതി െചയ്യുന്നവരും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
2016 മുതൽ യൂറോപ്പ് പോലുള്ള വിപണികളിൽ സമാനമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പുതിയ മാനദണ്ഡങ്ങൾ ഈ വർഷം ഒക്ടോബർ മുതൽ എല്ലാ പുതിയ ടയറുകൾക്കും ബാധകമാണെന്ന് നിർദേശിക്കുന്നു. അതേസമയം, നിലവിലുള്ള മോഡലുകൾ 2022 ഒക്ടോബർ മുതൽ ഇവ പാലിച്ചാൽ മതി.
ടയറുകൾക്കായി 'സ്റ്റാർ റേറ്റിംഗ്' സംവിധാനം കൊണ്ടുവരുന്നതിന്‍റെ ആദ്യപടിയായിട്ടാണ് ഈ നീക്കം. അടുത്തിടെ, സിയറ്റ് ഇന്ത്യയിൽ സ്വന്തമായി ടയർ ലേബൽ സംവിധാനം സെക്യുറാ ഡ്രൈവ് ശ്രേണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ പുതിയ മാനദണ്ഡങ്ങൾ പരാമർശിക്കുന്നുണ്ട്.
നിരവധി ആഭ്യന്തര ടയർ നിർമാതാക്കൾ ആഗോളതലത്തിൽ മറ്റ് വിപണികളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതിനാൽ, പുതിയ മാനദണ്ഡങ്ങൾ പാലിക്കൽ വലിയ പ്രശ്നമാകില്ലെന്നാണ് സൂചന.
നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ടയറുകൾക്ക് ടയർ ക്വാളിറ്റി കൺട്രോൾ ഓർഡറിന് കീഴിൽ നിർബന്ധിത ബി.ഐ.എസ് ബെഞ്ച്മാർക്ക് അംഗീകാരമാണ് ലഭിക്കുന്നത്. എന്നാൽ, ഒരു ടയർ വാങ്ങുന്നതിനുമുമ്പ് ഇത് എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാൻ ഇതുപ്രകാരം ഉപഭോക്താവിന് കഴിഞ്ഞിരുന്നില്ല. പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ അതിന് സാധ്യമാകും എന്നാണ് പ്രതീക്ഷ. കൂടാതെ യു.എസ്, യൂറോപ്പ്, ജപ്പാൻ, മറ്റ് വികസിത വിപണികൾ എന്നിവിടങ്ങളിലെ നിയമങ്ങളുമായി ഇന്ത്യയിൽ വിൽക്കുന്ന ടയറുകളെ അടുപ്പിക്കാൻ പുതിയ മാനദണ്ഡങ്ങൾ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.