ചരിത്രത്തിലാദ്യമായി ചൊവ്വയിൽ ഒരു ടെസ്റ്റ് ഡ്രൈവ്; റോവർ സഞ്ചരിച്ചത് 6.5 മീറ്റർ, വീഡിയോ വൈറൽ
text_fieldsചരിത്രത്തിലാദ്യമായി ചൊവ്വയിൽ ഒരു വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തി. ഫെബ്രുവരി 18ന് ലാൻഡ് ചെയ്ത റോവർ ആണ് ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ചത്. 33 മിനിട്ട് എടുത്ത് 6.5 മീറ്റർ ദൂരമാണ് േറാവർ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആറ് ചക്ര വാഹനമാണ് റോവർ. റോവറിലെ ശാസ്ത്രീയ ദൗത്യം ആരംഭിക്കുന്നതിനുമുമ്പ് എല്ലാ സിസ്റ്റങ്ങളും സബ്സിസ്റ്റവും പരിശോധിക്കാനും കാലിബ്രേറ്റ് ചെയ്യാനും ആദ്യത്തെ ടെസ്റ്റ് ഡ്രൈവിലൂടെ സാധിച്ചതായി നാസയിലെ വിദഗ്ധർ പറയുന്നു.
ആദ്യ ഡ്രൈവിൽ റോവർ നാല് മീറ്റർ മുന്നോട്ട് നീങ്ങി. തുടർന്ന് 150 ഡിഗ്രി ഇടത്തേക്ക് തിരിഞ്ഞ് 2.5 മീറ്റർ പിന്നിലേക്ക് സഞ്ചരിക്കുകയും ചെയ്തു. നിലവിൽ വാഹനം ചൊവ്വയുടെ താൽക്കാലിക പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയാണെന്ന് നാസ പറയുന്നു. 'മറ്റ് ഗ്രഹങ്ങളിലെത്തുന്ന ചക്ര വാഹനങ്ങളുടെ കാര്യമെടുത്താൽ, ആദ്യത്തെ ഡ്രൈവിന് വലിയ പ്രാധാന്യമുണ്ട്. റോവറിലെ എല്ലാ സിസ്റ്റങ്ങളും സബ്സിസ്റ്റവും പരിശോധിക്കാനും കാലിബ്രേറ്റ് ചെയ്യാനും ഇതിലൂടെ സാധിച്ചു. വാഹനത്തിന്‍റെ ഡ്രൈവ് സിസ്റ്റം കാര്യക്ഷമമാണെന്ന് ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പുണ്ട്' -നാസയുടെ മാർസ് 2020 റോവർ മൊബിലിറ്റി ടെസ്റ്റ് എഞ്ചിനീയർ അനൈസ് സരിഫിയാൻ പറഞ്ഞു.
പാറ സാമ്പിളുകൾ ശേഖരിച്ച് അണുവിമുക്തമാക്കിയ ടൈറ്റാനിയം ട്യൂബുകളിൽ അടയ്ക്കുന്നത് റോവറിന്‍റെ ദൗത്യങ്ങളിൽ ഒന്നാണ്. ശാസ്ത്രജ്ഞർക്ക് ചൊവ്വയിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം പഠിക്കാൻ ഇതിലൂടെ കഴിയും. ഇത് ഗ്രഹത്തിന്‍റെ ഭൂമിശാസ്ത്രത്തെയും മുൻകാല കാലാവസ്ഥയെയും അറിയാൻ സഹായിക്കും. ഇത് ചൊവ്വയിലേക്കുള്ള മനുഷ്യന്‍റെ നേരിട്ടുള്ള പര്യവേക്ഷണത്തിന് വഴിയൊരുക്കുകയും ചെയ്യും. ദൗത്യം ആരംഭിച്ചുകഴിഞ്ഞാൽ റോവർ 200 മീറ്ററിലധികം യാത്ര ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ഫെബ്രുവരി 18ന് ചൊവ്വയിൽ ഇറങ്ങിയ വാഹനത്തിൽ ആദ്യംചെയ്തത് സോഫ്റ്റ്വെയർ അപ്ഡേറ്റ് പോലുള്ള പതിവ് പരിശോധനകളാണ്. ചൊവ്വയിലേക്ക് ഇറങ്ങാൻ സഹായിച്ച കമ്പ്യൂട്ടർ പ്രോഗ്രാമിനെ മാറ്റിസ്ഥാപിച്ച് നാസ ഗ്രഹത്തെ വിശകലനം ചെയ്യാനുള്ള സോഫ്റ്റ്വെയർ ഇടുകയാണ് ആദ്യം ചെയ്തത്. മാർച്ച് രണ്ടിന് രണ്ട് മീറ്റർ നീളമുള്ള റോബോട്ടിക് കൈകൾ ആദ്യമായി പ്രവർത്തിപ്പിച്ചു. റോവർ അതിന്‍റെ 25 ക്യാമറകൾ ഉപയോഗിച്ചാണ് ചൊവ്വയിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അയയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.