'ആരുപറഞ്ഞു സ്റ്റോറേജ് സ്പേസില്ലായെന്ന്..!'; ഇതാ വരുന്നു, ബജാജ് ചേതകിന്റെ പുതിയ തലമുറ, ഡിസംബർ 20ന് ലോഞ്ചിങ്
text_fieldsന്യൂഡൽഹി: 2020 ൽ അരങ്ങേറ്റം കുറിച്ച ബജാജ് ചേതക് ഇലക്ട്രിക്കിന്റെ പുതിയ ജനറേഷൻ അണിയറയിൽ ഒരുങ്ങികഴിഞ്ഞു. ഡിസംബർ 20 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനിടെയാണ് ചേതക് അടിമുറി കളത്തിലിറങ്ങുന്നത്. അവതരണത്തിന്റെ തുടക്കത്തിലെ മന്ദഗതി ഒഴിച്ചുനിർത്തിയാൽ 2023ലേക്ക് എത്തിയപ്പോൾ വൻ വിജയത്തിലേക്ക് ചേതക് നീങ്ങിയിരുന്നു.
പുതിയ അപ്ഡേറ്റിന് പിന്നിലെ പ്രധാന ലക്ഷ്യം പ്രായോഗികത മെച്ചപ്പെടുത്തുക എന്നതാണ്. ഏഥർ, ടി.വി.എസ്, ഒല എന്നിവയിൽ നിന്നുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബജാജ് ചേതകിനെ പിറകോട്ടടിക്കുന്നത് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസാണ്. മറ്റെല്ലാ മുഖ്യധാരാ ഇവികളിലും ലഭ്യമായ 30+ ലിറ്റർ സ്റ്റോറേജുള്ളപ്പോൾ ചേതക്കിന് 22 ലിറ്റർ മാത്രമാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുക എന്നതാണ് ഈ അപ്‌ഡേറ്റിൻ്റെ പ്രധാന ലക്ഷ്യം.
പുതിയ ഷാസിയിലായിരിക്കും ചേതക് രംഗപ്രവേശം ചെയ്യുക. ബാറ്ററി പായ്ക്ക് ഫ്ലോർബോർഡിന് താഴെ സ്ഥാനം മാറ്റിയായിരിക്കും സീറ്റിനടിയിൽ കൂടുതൽ സംഭരണ ശേഷി കണ്ടെത്തുക.
ഡിസൈൻ ഉൾപ്പെടെ സ്കൂട്ടറിൻ്റെ മറ്റ് വശങ്ങൾ സ്ഥിരമായി തുടരാൻ സാധ്യതയുണ്ട്. ചേതക്കിന്റെ മനോഹരമായ രൂപഭംഗിയിൽ തൊട്ട് കളിക്കാൻ ധൈര്യപ്പെടില്ലായെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലവിൽ 96,000 രൂപ മുതൽ 1.29 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം, ഡൽഹി) വിലയുള്ള മൂന്ന് വേരിയൻ്റുകളാണ് ഓഫർ ചെയ്യുന്നത്. ഒരുപക്ഷേ ചെറിയ വർധനവോടെ വിലകൾ അതേ നിലയിൽ തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.