വന്ദേഭാരതിൽ ഇനി സുഖമായി ഉറങ്ങാം; സ്വപ്നയാത്രയുടെ തുടക്കം കശ്മീരിലേക്ക്, ആദ്യ ട്രെയിനിന്റെ സമയ ക്രമവും പ്രത്യേകതകളും ..!
text_fieldsന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ ജനുവരി 26 ന് ഓടി തുടങ്ങും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകൾ സജ്ജമായിരിക്കുന്നത്. ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴിന് പുറപ്പെട്ട് രാവിലെ എട്ടിന് കശ്മീരിലെ ശ്രീനഗറിൽ എത്തും. ഇതുവഴി യാത്രക്കാരുടെ വിലയേറിയ പകൽ സമയം ലാഭിക്കാനാകും.
ന്യൂഡൽഹി-ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ജമ്മു കശ്മീരിലെ വിനോദ സഞ്ചാരത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ ഈ സർവീസ് കൊണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
തുടക്കത്തിൽ ന്യൂഡൽഹിക്കും ശ്രീനഗറിനും ഇടയിലാണ് സർവീസ് നടത്തുന്നതെങ്കിലും ബാരാമുള്ളയിലേക്ക് സർവീസ് നീട്ടാനുള്ള പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ വിപുലീകരണം വടക്കൻ ജമ്മു കശ്മീരിലുടനീളം കണക്റ്റിവിറ്റി വർധിപ്പിക്കും. ഇത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്ര എളുപ്പമാക്കുന്നു.
അംബാല കാൻറ്, ലുധിയാന, ജമ്മു താവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ പരിമിതമായ സ്റ്റോപ്പുകൾ മാത്രമായിരിക്കും ഉണ്ടാകുക.
16 സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതിൽ എ.സി ത്രീ ടയർ, ടൂ ടയർ, ഫസ്റ്റ് എസി കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാം. എ.സി 3 ടയറിന് 2,000 രൂപയും എ.സി 2 ടയറിന് 2,500 രൂപയും എ.സി ഫസ്റ്റ് ക്ലാസിന് 3,000 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെന്റുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. യാത്രയിൽ വലിയ കുലുക്കമൊഴിവാക്കാനും സുരക്ഷക്കുമുള്ള ബഫറുകളും കപ്ലറുകളുമടക്കം യാത്രയെ സുഖരമാക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗർ വരെയുള്ള പ്രകൃതി മനോഹരമായ റൂട്ടിൽ കംഫർട്ട് ഫോക്കസ്ഡ് ഡിസൈൻ യാത്രക്കാർക്ക് ആശ്വാസമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.