35 കിലോമീറ്റര്‍ മൈലേജുമായി മാരുതിയുടെ സി.എന്‍.ജി ഡിസയര്‍; ആഗസ്റ്റിൽ വിപണിയിലേക്ക്
text_fieldsഉയർന്ന മൈലേജ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് മാരുതിയുടെ പുതിയ സി.എന്‍.ജി മോഡല്‍ വൈകാതെ വിപണിയിലെത്തും. നാലാം തലമുറ ഡിസയറാണ് 35 കിലോമീറ്റര്‍ മൈലേജുമായെത്തുന്നത്. നിലവില്‍ ഡിസയറിന്റെ മൂന്നാം തലമുറ മോഡലാണ് വിപണയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ ഡിസയറിന്റെ തലമുറമാറ്റം മൊത്തം സെഗ്മെന്റിന് തന്നെ അത്യാവശ്യമാണ്. പഴയതില്‍ നിന്നുമാറി ഡിസയറിന്റെ എക്സ്റ്റീരിയറില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തുന്നതെന്ന് ഇന്റർനെറ്റിൽ ചോർന്ന ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. നാലാംതലമുറ ഡിസയര്‍ ആഗസ്റ്റ് അവസാനം വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഡിസയര്‍ വരിക. ഹെഡ്‌ലൈറ്റുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍, ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം പുനര്‍രൂപകല്‍പന ചെയ്യും. ഹെഡ്‌ലൈറ്റുകള്‍ക്ക് സ്വിഫ്റ്റില്‍നിന്ന് വ്യത്യസ്തമായ ഡിസൈനായിരിക്കും. അലോയ് വീലുകളുടെ രൂപകല്‍പനയിലും മാറ്റമുണ്ടാകും. കാറിന്റെ പിന്‍ഭാഗത്തായിരിക്കും പ്രധാന മാറ്റം. എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍ക്കൊപ്പം മാറ്റം വരുത്തിയ പിന്‍ഭാഗമായിരിക്കും ഡിസയറിന് ലഭിക്കുക.
ഫീച്ചറുകളുടെ കാര്യത്തില്‍ സ്വിഫ്റ്റിനേക്കാള്‍ സമ്പന്നന്‍ ആയിരിക്കും ഡിസയര്‍. ഇലക്ട്രിക് സണ്‍റൂഫ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പുതിയ തലമുറ മോഡലില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍. മാരുതി സുസുക്കി ഡിസയര്‍ നിലവില്‍ സി.എന്‍.ജി ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 31.12 കിലോമീറ്റര്‍ മൈലേജാണ് ഡിസയര്‍ സി.എന്‍.ജി വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ എഞ്ചിനുമായി വരുമ്പോള്‍ ഡിസയര്‍ സിഎന്‍ജിയുടെ ഇന്ധനക്ഷമത വീണ്ടും കൂടും. ഒരു കിലോയ്ക്ക് 35 കിലോമീറ്റര്‍ മൈലേജ് വരെ പ്രതീക്ഷിക്കാം.
മാര്‍ക്കറ്റില്‍ പെട്രോള്‍ മോഡലിന് 1.2 ലിറ്റര്‍ ത്രീ സിലിൻഡര്‍ എൻജിനും ഫൈവ് സ്പീഡ് മാനുവല്‍, എ.എം.ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഉണ്ടായിരിക്കും. സിറ്റി ഡ്രൈവുകള്‍ മികച്ചതാക്കാന്‍ പുതുതായി വികസിപ്പിച്ച എൻജിനാണിത്. മാനുവല്‍ വേരിയന്റിൽ ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസയറിന്റെ എ.എം.ടി വേരിയന്റുകളില്‍ 26 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതാം. ഉയര്‍ന്ന മൈലേജ് നല്‍കാന്‍ കഴിയുന്ന സെഡാന്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ വരുന്നത് വരെ കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.