ക്രെറ്റയെ വെല്ലാൻ എംജി ആസ്റ്റര്‍; പുത്തൻ രൂപത്തിൽ വരുന്നു
text_fieldsഎംജി മോട്ടോറിന്റെ പുതിയ ആസ്റ്റര്‍ എസ്.യു.വി ഒക്ടോബര്‍ 26ന് അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കും. വിദേശ വിപണികളില്‍ എംജി ഇസഡ്.എസ് എന്ന പേരിലായിരിക്കും ഈ വാഹനം അറിയപ്പെടുക. ലോഞ്ച് തീയതി അടുക്കുന്ന സാഹചര്യത്തില്‍ കാറിന്റെ പ്രധാന സവിശേഷതകളും വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എംജി മോട്ടോര്‍ പറയുന്നതനുസരിച്ച് കാര്‍ ആദ്യം ആസ്ട്രേലിയയിലാണ് പുറത്തിറക്കുക. ഇന്ത്യ ഉൾപ്പെടെ മറ്റ് വിപണികളിലേക്ക് ക്രമേണ എത്തും.
പുതിയ എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകളും ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകളും എയര്‍ ഇന്‍ടേക്കുകളും സഹിതം നവീകരിച്ച രൂപമായിരിക്കും വാഹനത്തിനുണ്ടാവുക. പുതുക്കിയ അലോയ് വീലുകള്‍, ടെയില്‍ ലൈറ്റുകള്‍, റിയര്‍ ബമ്പര്‍ എന്നിവയായിരിക്കും വാഹനത്തിനുണ്ടായിരിക്കുക. ബാഹ്യരൂപമാറ്റങ്ങള്‍ക്കു പുറമേ, ഡ്രൈവിങ് ഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിനായി എം.ജി ആസ്റ്റര്‍ ഷാസി പരിഷ്‌കരണവും നടത്തിയിട്ടുണ്ട്. വരാന്‍ പോകുന്ന മോഡലിന്റെ പ്രധാന ആകര്‍ഷണം ഇതിലെ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്റെ സാന്നിധ്യമാണ്. രാജ്യാന്തര വിപണിയില്‍ എസ്.യു.വി പെട്രോള്‍ ഹൈബ്രിഡ് ആയി ലഭ്യമാകുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് സിസ്റ്റമായിരിക്കും പുതിയ എം.ജി ഇസഡ്.എസ് ഹൈബ്രിഡ് പ്ലസിന്റെ കാതല്‍.
പുതിയ ഹൈബ്രിഡ് സിസ്റ്റത്തിനായി ലിഥിയം, അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കാനാണ് സാധ്യത. കുറഞ്ഞ ദൂരം ഇലക്ട്രിക് മോഡില്‍ സഞ്ചരിക്കാനും വാഹനത്തിന് സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് ലഭിക്കുമോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എസ്.യു.വിയുടെ ക്യാബിനില്‍ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിക്കുമെന്ന് എം.ജി വ്യക്തമാക്കി.
പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്, പുതിയ ഫങ്ഷനുകള്‍ ഉള്ള അഡാസ് എന്നിവ ഉണ്ടാകും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവക്കൊപ്പം സിട്രണ്‍ ബസാള്‍ട്ട്, ടാറ്റ കര്‍വ് തുടങ്ങിയ പുതിയ മോഡലുകള്‍ കൂടി ചേരുന്ന ഈ വിഭാഗത്തില്‍ ഇപ്പോള്‍ മത്സരം കടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.