ഒറ്റയടിക്ക് മൂന്ന് വാഹനങ്ങൾ അവതരിപ്പിച്ച് നിസാൻ, പക്ഷെ ഉടൻ വിൽക്കില്ല; കാരണം ഇതാണ്
text_fieldsകൊച്ചി: ലോകോത്തര വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ആഗോള വാഹന വിപണിയിലെ തങ്ങളുടെ ഏറ്റവും പ്രസിദ്ധമായ വാഹനങ്ങള്‍ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് നിസാൻ. എന്നാലിത്തവണ ഈ അവതരണത്തിന് ചെറിയൊരു വ്യത്യാസമുണ്ട്. മൂന്ന് വാഹനങ്ങൾ പൂർണമായി ഇറക്കുമതി ചെയ്ത് പരീക്ഷണ ഓട്ടം നടത്തുകയാണ് കമ്പനി ആദ്യം ചെയ്യുക. പതിയെ ഇവിടത്തെ സാഹചര്യത്തിന് യോജിക്കുന്ന ഓരോ വാഹനങ്ങളായി വിൽക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഡൽഹിയിലാണ് വാഹനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്.
നിസ്സാന്‍ എക്‌സ്- ട്രെയില്‍, ക്വാഷ്‌കി, ജ്യൂക് എന്നീ മോഡലുകളാണ് ഇത്തരത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. എക്‌സ്- ട്രെയില്‍, ക്വാഷ്‌കി എന്നീ എസ്.യു.വികളുടെ ഇന്ത്യന്‍ റോഡുകളിലെ പരീക്ഷണ ഓട്ടം ഉടന്‍ ആരംഭിക്കും. ജ്യൂക്കിന്റെ പ്രദര്‍ശനമാവും ആദ്യം നടത്തുക. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇവ എത്രത്തോളം യോജിക്കുമെന്ന് അറിയുകയാണ് കമ്പനിയുടെ ലക്ഷ്യം. ചെന്നൈയിലെ നിസ്സാന്‍ പ്‌ളാന്റിനടുത്തുള്ള റോഡുകളിലായിരിക്കും നിസാൻ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലുള്ള പരീക്ഷണ ഓട്ടങ്ങള്‍. ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയാല്‍ എക്‌സ്- ട്രെയില്‍ ആയിരിക്കും ഇന്ത്യയില്‍ ആദ്യം വില്‍പനയാരംഭിക്കുക. മറ്റു മോഡലുകള്‍ അതിനുശേഷം അവതരിപ്പിക്കും.
ഇന്ത്യന്‍ വിപണിക്കു വലിയ സാധ്യതകളുണ്ടെന്നും പുതിയ തലമുറയിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിണങ്ങുന്ന മികച്ച വാഹന നിര ഇവിടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും നിസ്സാന്‍ ഇന്ത്യ പ്രസിഡണ്ട് ഫ്രാങ്ക് ടോറെസ് പറയുന്നു. നിസ്സാന്‍ മാഗ്‌നൈറ്റിന്റെ വന്‍ വിജയമാണ് പുതിയ എസ്.യു.വികള്‍ അവതരിപ്പിക്കാന്‍ പ്രയോജനമായതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച മോഡലും സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഉത്പാദന സൗകര്യങ്ങളുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ വിജയമുറപ്പാമെന്ന ആത്മവിശ്വാസത്തിലാണ് ജാപ്പനീസ് വാഹന ഭീമൻ.
എക്സ്ട്രെയിൽ
പരീക്ഷണം പൂർത്തിയായിക്കഴിഞ്ഞാൽ നിസാൻ എക്‌സ്-ട്രെയിലാവും രാജ്യത്ത് ആദ്യം വിൽക്കുക. എക്‌സ്-ട്രെയിലിന്റെ ആദ്യത്തെ ആഗോള വിപണി ആയിരിക്കും ഇന്ത്യ. റെനോ- നിസാൻ - മിത്സുബിഷി കൂട്ടുകെട്ടിന്റെ ഭാഗമായ CMF-C ക്രോസ്ഓവർ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച പതിപ്പാണ് നിസാൻ എക്സ്ട്രെയിലിന് അടിസ്ഥാനമാകുന്നത്. ഇതേ ഡിസൈനിലാണ് ക്വാഷ്‌കി എസ്‌യുവിയും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. എക്സ്ട്രെയില്‍ 1.5L ടർബോ പെട്രോളും 1.5L ടർബോ പെട്രോളും രണ്ടാം തലമുറ ഇ-പവർ സീരീസ് ഹൈബ്രിഡ് ടെക് പവർട്രെയിൻ ഓപ്ഷനുകളുമായാണ് വരുന്നത്. നിസാന്റെ ഇ-പവർ സിസ്റ്റം ബാറ്ററി ചാർജ് ചെയ്യാൻ പെട്രോൾ മോട്ടോർ ഉപയോഗിക്കുന്നു എന്നതാണ് ശ്രദ്ധേയം. അത് ഫ്രണ്ട് ആക്‌സിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിലേക്ക് പവർ നൽകുന്നു.
എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് 4WD (ഫോർ-വീൽ ഡ്രൈവ്) സഹിതം വരുമ്പോൾ, നോൺ-ഹൈബ്രിഡ് മോഡലിന് FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) സംവിധാനമുണ്ട്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പവും എക്‌സ്-ട്രെയില്‍ എത്തും. മഡ്, സ്നോ, ഗ്രേവൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനം വാഗ്‍ദാനം ചെയ്യുന്നു.
ക്വാഷ്‌കി
മൂന്നാം തലമുറ ക്വാഷ്‌കി നിസാന്റെ പുതിയ വി-മോഷൻ ക്രോം ഗ്രിൽ സറൗണ്ടും മുൻവശത്ത് പുതിയ ബൂമറാങ് ആകൃതിയിലുള്ള എൽഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകളും സഹിതമാണ് വരുന്നത്. മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയതിന് നീളവും വീതിയും ഉയരവും വീൽബേസും കൂടുതലാണ്. ഫീച്ചറുകളുടെ കാര്യത്തിൽ, നിസാൻ ക്വാഷ്‌കി സമ്പന്നമാണ്. 9.0 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD),ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്‌സ എന്നിവ ലഭിക്കും.
ജ്യൂക്
നിസാൻ ജ്യൂക്കിന് 115 ബിഎച്ച്‌പി സൃഷ്‍ടിക്കുന്ന 1.0 എൽ, 3 സിലിണ്ടർ എഞ്ചിനിൽ നിന്നാണ് കരുത്ത് പകരുന്നത്. ഈ എസ്‌യുവി രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് വരുന്നത്. ആറ് സ്പീഡ് മാനുവലും ഏഴ് സ്‍പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് പാഡിൽ ഷിഫ്റ്ററുമാണിത്. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ലൈവ് ട്രാഫിക് സംവിധാനമുള്ള നാവിഗേഷൻ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജ്യൂക്കിനുണ്ട്. ഇൻഫോ സിസ്റ്റം നിസാൻ കണക്ഷൻ ആപ്പുമായി പ്രവർത്തിക്കുകയും ഇൻ-കാർ വൈഫൈ നൽകുകയും ചെയ്യും. മുൻ ഹെഡ്‌റെസ്റ്റിൽ സ്പീക്കറുകൾ സംയോജിപ്പിച്ചിരിക്കുന്ന ബോസ് ഓഡിയോ സിസ്റ്റമാണ് എസ്‌യുവിക്കുള്ളത്. ഒരു ഓപ്ഷണൽ ഡ്യുവൽ-ടോൺ അൽകന്റാര അപ്ഹോൾസ്റ്ററിയും ലഭ്യമാണ്. ബാൻഡിന്റെ CMF-B പ്ലാറ്റ്‌ഫോമിലാണ് നിസ്സാൻ ജൂക്ക് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.