പുതിയ എസ് ക്രോസ് അവതരിപ്പിച്ച് സുസുകി; അഡാസ്, ബൂസ്റ്റർജെറ്റ് എഞ്ചിൻ തുടങ്ങി വമ്പൻ കൂട്ടിച്ചേർക്കലുകൾ
text_fieldsമൂന്നാം തലമുറ എസ്-ക്രോസിന്റെ ആദ്യ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തുവിട്ട് സുസുകി. എസ്-ക്രോസിന് അകത്തും പുറത്തും നിരവധി മാറ്റങ്ങളുണ്ട്. സുസുകിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 1.4-ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. മുൻഗാമിയേക്കാൾ കൂടുതൽ എസ്‌യുവി ലുക്കുണ്ട് വാഹനത്തിന്. 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി അഡാസ് സേങ്കതികവിദ്യയും ലഭിക്കും.
രണ്ടാം തലമുറ വാഹനത്തിന് സമാനമാണ് അഴകളവുകൾ. 4300 എംഎം നീളവും 1785 എംഎം വീതിയും 1585 എംഎം ഉയരവും 2600 എംഎം വീൽബേസും ഉണ്ട്. വലിയ പിയാനോ ബ്ലാക്ക് ഗ്രിൽ, ഗ്രില്ലിന് ഇരുവശത്തുമുള്ള ട്രൈ-ബീം എൽഇഡി എലമെന്റുകളുള്ള മെലിഞ്ഞതും സ്റ്റൈലിഷുമായ ഹെഡ്‌ലാമ്പുകൾ, മധ്യഭാഗത്ത് സുസുകി ലോഗോ എന്നിവയാണ് മുൻകാഴ്ച്ചകൾ. സിൽവർ സ്‌കിഡ് പ്ലേറ്റുകളുടെ സാന്നിധ്യം എസ്‌യുവി പോലെയുള്ള രൂപം നൽകുന്നു.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പരിഷ്കരിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിന് പുതിയ ഡിസൈൻ ലഭിക്കും. വലിയ ഫ്രീ സ്റ്റാൻഡിങ് 9.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്താണ്. സെൻട്രൽ എസി വെന്റുകൾ ഇപ്പോൾ സ്‌ക്രീനിന് താഴെയായി സ്ഥാപിച്ചിരിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബ്രെസ്സയിലും ബലേനോയിലും സമാനമായ ഇന്റീരിയർ ഡിസൈൻ പ്രതീക്ഷിക്കാം.
ഇന്ത്യയിലേക്ക് വരുമോ?
മുന്നാം തലമുറ എസ്-ക്രോസ് ചില യൂറോപ്യൻ വിപണികളിൽ മാത്രമാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഭാവിയിൽ മോഡൽ ഇന്ത്യയിലേക്ക് വരുമോ എന്നതിനെക്കുറിച്ച് സ്ഥിരീകരണമൊന്നും സുസുകി നടത്തിയിട്ടില്ല. ഇന്ത്യയിലെ നിലവിലെ തലമുറ എസ്-ക്രോസ് ഇടത്തരം എസ്‌യുവി വിഭാഗത്തിലാണ് വരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരാണ് പ്രധാന എതിരാളികൾ.
പുതിയ എസ്-ക്രോസ് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ലെങ്കിലും, മാരുതി സുസുകി ഇന്ത്യൻ വിപണിയിൽ ഒരു കൂട്ടം പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കാനൊരുങ്ങുകയാണ്. ഇവയിൽ ആദ്യത്തേത്, അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ബലേനോ ആണ്. അതുപോലെതന്നെ കമ്പനി അപ്‌ഡേറ്റ് ചെയ്ത ബ്രെസ്സയുടെ പണിപ്പുരയിലാണ്. 2022-ൽ ഇന്ത്യയിൽ വാഹനം ലോഞ്ച് ചെയ്യും. ഇന്ത്യക്കായി 5-ഡോർ ജിംനിയും എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.