ആകാശക്കാഴ്ച വിശാലമാക്കി നെക്സോൺ
text_fieldsഇന്ത്യൻ റോഡുകളിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ എവിടെ, എപ്പോൾ എന്ത് സംഭവിക്കുമെന്ന് യാതാരു ഐഡിയയും കിട്ടില്ലെന്നറിയാമല്ലോ. അപ്പോൾ കൂടെ കരുതേണ്ട പ്രധാനപ്പെട്ട ഒന്നാണ് പ്രാർഥന. ഏതുതരം വിശ്വാസിയാണെങ്കിലും ദൈവത്തെ ഓർക്കുമ്പോൾ മുകളിലേക്കുനോക്കുന്നതാണ് നമ്മുടെ ശീലം. എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് എന്നാണല്ലോ ഓൾഡ് ജൻ മുത്തശ്ശിമാരൊക്കെ പറഞ്ഞിരുന്നത്. ട്രാഫിക് ബ്ലോക്കിലൊക്കെ കിടന്നുമടുത്ത് കൺട്രോൾ വിട്ടുകഴിയുമ്പോൾ മുകളിലേക്ക് നോക്കി രണ്ടു ഡയലോഗ് പറയാൻ തോന്നുന്നവർക്ക് ഏറ്റവും അത്യാവശ്യം വേണ്ട സൗകര്യമാണ് സൺ റൂഫ്. നിലവിൽ അത്യാവശ്യം കാശുകാർക്ക് മാത്രം ഈ സൗകര്യം നൽകിയാൽ മതിയെന്നായിരുന്നു ഇന്ത്യയിലെ വണ്ടിക്കമ്പനികളുടെ നിലപാട്. മിഡ് സെഗ്മെന്റിലെ ഏറ്റവും കൂടിയ മോഡലുകളിൽ മാത്രമാണ് ആകാശത്തിന്‍റെ അനന്തത കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത്.
ദൈവവിശ്വാസിയല്ലാത്തവർക്ക് കാട്ടുവഴിയിലൂടെയും മറ്റും പോകുമ്പോൾ തലക്കുമുകളിലൂടെ കുരങ്ങു ചാടുന്നതും നാട്ടിലെ കറണ്ടുകമ്പിയിൽ കാക്കയിരിക്കുന്നതുമൊക്കെ ഇതിലൂടെ കണ്ടാസ്വദിക്കാനാവും. അതിനാൽ എല്ലാത്തരം ആളുകൾക്കിടയിലും പൊതുസമ്മതനായാണ് മേൽക്കൂരയിലെ തുള അഥവാ സൺറൂഫ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഭൂരിഭാഗം സബ് ഫോർ മീറ്റര്‍ എസ്.യു.വികളും ഇലക്ട്രിക് സണ്‍റൂഫാണ് ഘടിപ്പിക്കുന്നത്. കഴിവുണ്ടായിട്ടും കരകയറാൻ പറ്റാതിരുന്ന എക്സ്.യു.വി ത്രീഡബിൾഒയെ അഴിച്ചുപണിത് ത്രീഎക്സ്.ഒ ആക്കിയിറക്കിയ മഹീന്ദ്ര ഈ വിഭാഗത്തിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫും അതിനു നൽകി. ഈ കൂട്ടത്തിൽ ഇത്രയും പ്രദേശം മുഴുവൻ സണ്‍റൂഫുള്ള ആദ്യ കാർ കണ്ടു വാഹനപ്രേമികൾ എല്ലാവരും ഞെട്ടിയെങ്കിലും അടിമുടി വിറച്ചത് സാക്ഷാൽ ടാറ്റയാണ്. ഇപ്പോൾതന്നെ ആലോചിക്കാതെ ഓരോന്നു ചെയ്തതിന്‍റെ ഫലം അനുഭവിക്കുകയാണ് അവർ.
നേരത്തെ വിൽപനയിൽ ഒന്നാമതായിരുന്ന നെക്സോൺ ഇപ്പോൾ പതിയെ താഴേക്കിറങ്ങുന്നു. സ്വന്തം കുടുംബത്തിൽ തന്നെയുള്ള പഞ്ചാണ് പണിവെച്ചത്. ആളുകൾക്ക് പഞ്ച് മതിയെന്നതാണ് സ്ഥിതി. അതിനൊപ്പമാണ് ത്രീഎക്സ്ഒയുടെ വരവ്. പ്രഖ്യാപനം വന്നയുടനെ മഹീന്ദ്രക്ക് കിട്ടിയത് അരലക്ഷം ബുക്കിങ്ങാണ്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സ്ഥിതിയിൽ പനോരമിക് സണ്‍റൂഫ് ചേര്‍ത്ത് നെക്‌സോണ്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ പോകുകയാണ് ടാറ്റയെന്നാണ് വിവരം. നിലവില്‍ നെക്സോണ്‍ സിംഗിള്‍ പേന്‍ വോയ്‌സ് ബേസ്ഡ് ഇലക്ടിക് സണ്‍റൂഫാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇന്‍റർനെറ്റിലെ പാപ്പരാസികൾ പറയുന്നതനുസരിച്ച് നെക്‌സോണിന്റെ പനോരമിക് സണ്‍റൂഫിന് ത്രീഎക്സ്ഒ മോഡലിന്റെ അത്രത്തോളം വലിപ്പമുണ്ടെന്ന് തോന്നുന്നു. പിന്നിലെ യാത്രക്കാര്‍ക്കാണ് പനോരമിക് സണ്‍റൂഫിന്‍റെ ഗുണം കിട്ടുക. നെക്സോണിന്‍റെ വിലകൂടിയ മോഡലുകളിലായിരിക്കും പനോരമിക് സണ്‍റൂഫ് ലഭ്യമാകുക.
താഴ്ന്ന വേരിയന്റുകള്‍ പഴയ ഇലക്ട്രിക് സണ്‍റൂഫുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഏകദേശം 16-17 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര കുറഞ്ഞ വിലയില്‍ ത്രീഎക്സ്ഒയുടെ പുതിയ മോഡല്‍ പുറത്തിറക്കിയതിന് പിന്നാലെ ടാറ്റ നെക്സോണിന്‍റെ പുതിയ വേരിയന്റുകള്‍ ഇറക്കിയിരുന്നു. നെക്സോൺ പെട്രോള്‍ വേരിയന്‍റിന് ഇപ്പോള്‍ എട്ടു ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10 ലക്ഷം രൂപയുമാണ് പ്രാരംഭ വില. നെക്സോണിന്റെ പുതിയ എന്‍ട്രി-ലെവല്‍ പെട്രോള്‍ വേരിയന്റിന് സ്മാര്‍ട്ട് (O) എന്നാണ് പേര്. നേരത്തെയുണ്ടായിരുന്ന അടിസ്ഥാന വേരിയന്‍റിനേക്കാള്‍ 15,000 രൂപ കുറവാണിത്. സ്മാര്‍ട്ട് പ്ലസ്, സ്മാര്‍ട്ട് പ്ലസ് എസ് വേരിയന്റുകളുടെ വില യഥാക്രമം 30,000, 40,000 രൂപ കുറക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.