കോഡിയാകിന്‍റെ കൂടുതൽ വിശദാംശങ്ങൾ വെളിെപ്പടുത്തി സ്കോഡ; ഒക്ടോബര്‍ നാലിന് ആഗോള അവതരണം
text_fieldsകോഡിയാക് എസ്.യു.വിയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് സ്കോഡ. ഒക്ടോബര്‍ നാലിന് ആഗോള തലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന വാഹനം അഞ്ച്, ഏഴ് സീറ്റുകളിൽ ലഭ്യമാകും. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവ വാഴുന്ന പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലാണ് കൊഡിയാക് വിൽപ്പനയ്ക്ക് എത്തുക.
വാഹനത്തിന്റെ ഡിസൈൻ സ്കെച്ചുകൾ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് സ്കോഡ. 2024 കൊഡിയാക്കിന്റെ ഇന്റീരിയറും എഞ്ചിൻ ഓപ്ഷനുകളും ബ്രാൻഡ് ഇതിനകം വെളിപ്പെടുത്തിയിരുന്നു. ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി എത്തുന്ന പുതിയ കോഡിയാകിന് നിലവിലെ മോഡലിനേക്കാളും നീളം കൂടുതലാണ്.
സ്ലാവിയയിലും കുഷാകിലുമുള്ളതു പോലുള്ള സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ലെ തന്നെയാണ് പുതിയ കോഡിയാക്കിലും. രണ്ടാം തലമുറ സ്പ്ലിറ്റ് എല്‍ഇഡി മെട്രിക്‌സ് ഹെഡ്‌ലാംപാണ് മുന്നില്‍. 17 ഇഞ്ച് മുതല്‍ 20 ഇഞ്ചു വരെയുള്ള നാലു വ്യത്യസ്ത വലിപ്പങ്ങളിലുള്ള ചക്രങ്ങളില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനാവും.
മുൻമോഡലിനെ അപേക്ഷിച്ച് വലിപ്പത്തിന്റെ കാര്യത്തിലും കാര്യമായ മാറ്റമുണ്ടാവും. റിപ്പോർട്ടുകൾ അനുസരിച്ച് വരാനിരിക്കുന്ന മോഡലിന് 4,758 മില്ലീമീറ്റർ നീളമുണ്ടാവും. ഇത് മുൻഗാമിയേക്കാൾ 61 മില്ലീമീറ്റർ കൂടുതലാണ്. ഉയരം, വീതി, വീൽബേസ് എന്നിവയിൽ സ്കോഡ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
എസ്‌യുവിയുടെ ഇന്റീരിയറും അടിമുടി പൊളിച്ചെഴുതിയിട്ടുണ്ട്. ഉള്ളിലെ കണ്‍സോളില്‍ മൂന്നു നോബുകളാണ് പ്രധാനമായുള്ളത്. ഇതില്‍ അറ്റത്തെ രണ്ടെണ്ണം വാഹനത്തിലെ താപനിലയും സീറ്റ് വെന്റിലേഷനും നിയന്ത്രിക്കാനുള്ളതാണ്. നടുവിലെ നോബ് ഉപയോഗിച്ചാണ് ശബ്ദം, ഫാന്‍ സ്പീഡ്, ഡ്രൈവിങ് മോഡുകള്‍ എന്നിവ നിയന്ത്രിക്കുക. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ളിലുണ്ട്.
ആഗോള വിപണിയിൽ പെട്രോൾ, ഡീസൽ, PHEV എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാവും കൊഡിയാക് വിപണത്തിന് എത്തുക. പെട്രോൾ പതിപ്പുകളിൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിനായിരിക്കും ലഭിക്കുക. ഫോർ വീൽ ഡ്രൈവ് സിസ്റ്റമുള്ള 204 bhp, 2.0 ലിറ്റർ ടിഎസ്‌ഐ യൂനിറ്റും ഉണ്ടാവും.
2.0 ലീറ്റർ ടിഎസ്ഐ ഇവോ പെട്രോളായിരിക്കും ഇന്ത്യയിൽ എത്തുക. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്. ഇക്കോ, കംഫർട്, നോർമൽ, സ്പോർട്, ഇൻഡിവിജ്വൽ, സ്നോ എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളും പുത്തൻ കൊഡിയാക്കിനുണ്ടാവും. 0-100 വേഗത കൈവരിക്കാൻ കൊഡിയാക്കിന് 7.8 സെക്കൻഡ് സമയം മതിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.