ഹോണ്ടയും നിസാനും ഒന്നിക്കുന്നു; ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമാതാക്കളാകും
text_fieldsജാപ്പാനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും ഒരുമിക്കുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തിങ്കളാഴ്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു. നിസാൻ സഖ്യത്തിന്റെ ഭാഗമായ മിറ്റ്സുബിഷി മോട്ടോർസും അവരുടെ ബിസിനസുകൾ ലയിപ്പിക്കാൻ സമ്മതം അറിയിച്ചതായി ഇരുകമ്പനികളും അറിയിച്ചു.
ഹോണ്ടയും നിസാനും സംയുക്ത ഹോള്‍ഡിങ് കമ്പനിയുടെ കീഴില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്ന് ഹോണ്ടയുടെ പ്രസിഡന്റ് തോഷിഹിരോ മിബെ പറഞ്ഞു. ജൂണില്‍ ഒരു ഔപചാരിക ലയന കരാര്‍ ഉണ്ടാക്കുകയും 2026 ആഗസ്റ്റില്‍ കരാര്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിൽ ഇരു കമ്പനികളും എതിരാളികളിൽനിന്ന് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഒരുമിച്ചുപോകാൻ ധാരണയായത്. ലയനം പൂർത്തിയായാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാകും ഹോണ്ട -നിസാൻ.
ലയനത്തോടെ മൂന്ന് വാഹന നിർമാതാക്കളുടെയും വിപണി മൂലധനം 50 ബില്യൺ ഡോളറായി (4.26 ലക്ഷം കോടി രൂപ) ഉയരും. ഹോണ്ടയും നിസാനും ഫ്രാന്‍സിലെ റെനോ എസ്എയുമായും ചെറുകിട വാഹന നിർമാതാക്കളായ മിറ്റ്‌സുബിഷി മോട്ടോഴ്സ് കോര്‍പ്പറേഷനുമായും സഖ്യത്തിലേര്‍പ്പെട്ടാല്‍, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമായും ജര്‍മ്മനിയുടെ ഫോക്സ്വാഗണ്‍ എജിയുമായും മത്സരിക്കാനുള്ള കരുത്ത് നേടും.
എങ്കിലും ടൊയോട്ട മുന്‍നിര ജാപ്പനീസ് വാഹന നിർമാതാക്കളായി തുടരും. 2023 ല്‍ 11.5 ദശലക്ഷം വാഹനങ്ങളാണ് ടൊയോട്ട പുറത്തിറക്കിയത്. നിസാനും ഹോണ്ടയും മിസ്തുബിഷിയും ചേര്‍ന്നാലും വര്‍ഷം ഏകദേശം 8 ദശലക്ഷം വാഹനങ്ങളാണ് നിർമിക്കാന്‍ സാധിക്കുക.
2023ൽ ഹോണ്ട നാല് മില്യണും നിസാൻ 3.4 മില്യണും വാഹനങ്ങൾ നിർമിച്ചു. നിസാനെ രക്ഷപ്പെടുത്താനുള്ള ഏക ജാപ്പനീസ് പങ്കാളിയായാണ് ഹോണ്ടയെ കാണുന്നത്.
കമ്പനിയുടെ സ്വത്തുക്കളുടെ ദുരുപയോഗം, അഴിമതി തുടങ്ങിയ ആരോപണത്തെ തുടർന്ന് 2018ൽ മുൻ ചെയർമാൻ കോർലോസ് ഘോസൻ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നിസാൻ പ്രതിസന്ധിയിലായത്. ഒടുവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ അദ്ദേഹം ലെബനാനിലേക്ക് പലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.