കിടിലൻ ഫീച്ചറുകളുമായി മാഗ്നൈറ്റ് സ്പെഷ്യൽ എഡിഷൻ; ജെ.ബി.എൽ സ്പീക്കറുകൾ മുതൽ പുത്തൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വരെ ഉൾപ്പെടുത്തും
text_fieldsനിസാന്റെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ മാഗ്നൈറ്റ് എസ്.യു.വിയുടെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കുന്നു. ഗെസ എന്ന പേരിലുള്ള പുതിയ വേരിയന്റിന്റെ ടീസർ വിഡിയോ നിസാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാഗ്നൈറ്റ് സബ്-കോംപാക്‌ട് എസ്.യു.വിക്കുള്ളിലെ യാത്രാനുഭവം ഉയർത്താനായി മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റ് ഗെസ സ്പെഷ്യൽ എഡിഷനിൽ ഉണ്ടാകും.
പുറത്ത് കാര്യമായ മാറ്റങ്ങൾ സ്പെഷ്യൽ എഡിഷന് ഉണ്ടാവില്ല. ജെ.ബി.എൽ സ്പീക്കറുകൾ, ഹൈ റെസല്യൂഷനുള്ള 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ പുതിയ മോഡലിൽ ഉൾപ്പെടുത്തും. ഇതോടൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും നൽകിയിട്ടുണ്ട്.
കൂടാതെ പ്രത്യേക പതിപ്പിന് ട്രാക്ക് റിയർ ക്യാമറ, മൊബൈൽ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിങ്, പ്രീമിയം ബീജ് നിറത്തിലുള്ള അപ്ഹോൾസ്റ്ററി എന്നിവയും നൽകും. പുറത്ത് ഒരു ഷാർക്-ഫിൻ ആന്റിനയായിരിക്കും അപ്ഡേഷനായി ലഭിക്കുക.
ഗെസ എഡിഷനിൽ എഞ്ചിൻ പരിഷ്ക്കാരങ്ങളൊന്നും ഉണ്ടാവില്ല. സ്റ്റാൻഡേർഡ് വേരിയന്റിലെ അതേ രണ്ട് പെട്രോൾ എഞ്ചിനുകളാവും ഇവിടേയും വരിക. ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ എൻ.എ യൂനിറ്റ് 72 bhp പവറിൽ പരമാവധി 96 Nm ടോർക് വരെ നൽകും. രണ്ടാമത്തെ എഞ്ചിനായ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp കരുത്തും 160 Nm ടോർകും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
പുത്തൻ വേരിയന്റ് വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. മെയ് 26-നാണ് മോഡലിന്റെ ഔദ്യോഗിക ലോഞ്ചും വില പ്രഖ്യാപനവും നടക്കാനിരിക്കുന്നത്. നിലവിൽ മാഗ്‌നൈറ്റിന് 6 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
സേഫ്റ്റിയുടെ കാര്യത്തിലും മാഗ്നൈറ്റ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളിൽ ഒന്നാണ്. ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ടൽ എയർബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്. ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, 360-ഡിഗ്രി ക്യാമറ, ആന്റി-തെഫ്റ്റ് അലാറം, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് അൺലോക്ക് എന്നിവ പോലുള്ള അധിക സേഫ്റ്റി ഫീച്ചറുകൾ മാഗ്നൈറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ നിസാൻ മാഗ്നൈറ്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (VDC), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA) എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി നൽകിക്കൊണ്ടാണ് വിപണിയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.