ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജി.എസ്.ടി; വ്യക്തത വരുത്തി ഗഡ്കരി
text_fieldsന്യൂഡൽഹി: ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജി.എസ്.ടി ചുമത്തുമെന്ന വാർത്തയിൽ വ്യക്തത വരുത്തി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അധിക നികുതി ചുമത്താനുള്ള യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് ഗഡ്കരി വിശദീകരിച്ചു. ട്വിറ്ററിലൂടെയാണ് ഗഡ്കരിയുടെ പ്രതികരണം.
ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജി.എസ്.ടി ചുമത്തുകയാണെന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, നിലവിൽ അങ്ങനെയൊരു നിർദേശം കേന്ദ്രസർക്കാറിന്റെ പരിഗണനയിലില്ലെന്ന് ഗഡ്കരി അറിയിച്ചു.
2070ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കി കുറക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനായി ഡീസൽ പോലുള്ള അപകടകരമായ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്നതും വാഹനങ്ങളുടെ അതിപ്രസരം കൊണ്ടുണ്ടാകുന്നതുമായ മലിനീകരണം കുറക്കണം. ഇതിനായി മലനീകരണതോത് കുറവുള്ള ചെലവ് കുറഞ്ഞ ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കണമെന്നും ഗഡ്കരി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിക്കുന്ന ഇന്ധനങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും ഗഡ്കരി നിർദേശിച്ചു.
നേരത്തെ ഡീസലിനോട് വിടപറയണമെന്നും അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾക്ക് അധിക നികുതി ചുമത്തേണ്ടി വരുമെന്ന് ഗഡ്കരി പറഞ്ഞിരുന്നു. പെട്രോളും ഡീസലും ഒഴിവാക്കി മലിനീകരണമില്ലാത്ത പുതിയ ഒരു വഴിയിലൂടെ നമുക്ക് പോകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡീസൽ വാഹനങ്ങളുടെ ജി.എസ്.ടി ഉയർത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നും ഇതിനുള്ള നിർദേശം ഗതാഗത മന്ത്രാലയം ധനമന്ത്രാലയത്തിന് നൽകിയെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.