ടെസ്‍ലയുടെ നികുതിയിളവ് ആവശ്യം തള്ളി സർക്കാർ; ഇലോൺ മസ്കിനോട് 'ആത്മനിർഭർ' ആവാനും നിർദേശം
text_fieldsലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‍ലയുടെ നികുതിയിളവ് ആവശ്യംതള്ളി സർക്കാർ. പ്രാദേശികമായി വാഹനങ്ങൾ നിർമിക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്‌ല ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാരുമായുള്ള വിയോജിപ്പാണു വൈകുന്നതിനു കാരണമെന്നു നേരത്തേ ടെസ്‍ല ഉടമ ഇലോൺ മസ്ക് പറഞ്ഞിരുന്നു. സി.കെ.ഡി(Completely Knocked Down)വ്യവസ്ഥയിൽ വാഹന നിർമാണം നടത്താനാണ് ടെസ്‍ലയോട് കേന്ദ്രം ആവശ്യപ്പെടുന്നത്. വാഹന ഭാഗങ്ങൾ ഇറക്കുമതിചെയ്തശേഷം രാജ്യത്ത് കൂട്ടിച്ചേർക്കുകയാണ് സി.കെ.ഡി പ്രകാരം ചെയ്യുന്നത്.
'ഭാഗികമായി നിർമിച്ച വാഹനങ്ങൾ ഇറക്കുമതി ചെയ്യാനും കുറഞ്ഞ നികുതിയിൽ പ്രാദേശികമായി അസംബിൾ ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. സർക്കാർ ടെസ്‌ലയെ പ്രാദേശികമായി ഉത്പ്പാദിപ്പിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി കുറയ്ക്കണമെന്നാണു മസ്ക് ആവശ്യപ്പെടുന്നത്. സർക്കാർ ആവശ്യപ്പെട്ടിട്ടും പ്രാദേശിക ഉൽപാദനത്തിനും സംഭരണത്തിനുമുള്ള പദ്ധതി ടെസ്‌ല അവതരിപ്പിച്ചിട്ടില്ല'– സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ജോഹ്‌രി പറയുന്നു.
ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് പ്രത്യേക നികുതി ഇളവുകൾ ഒന്നും കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നില്ല. വൈദ്യുത വാഹനങ്ങളുടെ പ്രാദേശിക ശേഷി വർധിപ്പിക്കുന്നതിന് നിക്ഷേപം നടത്തുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ വഴി ടെസ്‌ല പിന്തുടരണമെന്നും ജോഹ്‌രി പറഞ്ഞു.
മെഴ്‌സിഡസ്-ബെൻസ് പോലുള്ള നിർമാതാക്കൾ രാജ്യത്ത് ഇലക്ട്രിക് കാറുകൾ പ്രാദേശികമായി അസംബിൾ ചെയ്യുമെന്ന് പ്രഖ്യാപിച്ച സമയത്താണ് ടെസ്‌ലയുടെ അഭ്യർത്ഥനകളും വരുന്നത്. ബെൻസ് ഈ വർഷാവസാനം മുതൽ ഇ.ക്യു.എസ് എന്ന ഇ.വി പ്രാദേശികമായി അസംബിൾ ചെയ്യാൻ തുടങ്ങും. കൂടാതെ, മാരുതി സുസുകി, ഹ്യുണ്ടായ് തുടങ്ങിയ നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൊത്തം ഓട്ടോമൊബൈൽ വിൽപ്പനയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇവി വിഭാഗത്തിന്റെ വിഹിതം.
2019 മുതൽ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കാൻ ടെസ്‌ല ആഗ്രഹിച്ചിരുന്നു. ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ 100 ശതമാനം ഇറക്കുമതി തീരുവ എന്ന ഇന്ത്യയുടെ നയത്തിന്റെ പേരിൽ കമ്പനി പിന്മാറുകയായിരുന്നു. ഉയർന്ന തീരുവകൾ ടെസ്‌ല കാറുകളെ 'താങ്ങാനാകാത്തതാക്കുന്നു' എന്നാണ് മസ്ക് പറയുന്നത്.ഇറക്കുമതി തീരുവ കുറച്ചു വാഹനങ്ങൾ മിതമായ വിലയിൽ ഇന്ത്യയിൽ വിറ്റഴിക്കാൻ സർക്കാർ പിന്തുണയ്ക്കണമെന്നാണ് മസ്കിന്റെ ആവശ്യം.
ഇന്ത്യയിൽ ചൈനീസ് നിർമിത കാറുകൾ വിൽക്കാൻ പാടില്ലെന്നും ഇന്ത്യയിലെ പ്രാദേശിക ഫാക്ടറിയിൽ വാഹനങ്ങൾ നിർമിക്കണമെന്നും കഴിഞ്ഞ ഒക്ടോബറിൽ ടെസ്‌ലയോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 'നിലവിലെ താരിഫ് ഘടനയിൽ ചില നിക്ഷേപങ്ങൾ ഇതിനകം വന്നിട്ടുണ്ട്. ഇപ്പോഴത്തെ താരിഫ് ഘടനയിൽ രാജ്യത്ത് വിൽക്കുന്ന മറ്റ് വിദേശ ബ്രാൻഡുകളും ഉണ്ട്. അപ്പോൾ ടെസ്‍ലക്ക് വരാൻ കഴിയാത്തത് എന്തുകൊണ്ട്'-വിവേക് ജോഹ്‌രിചേദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.