നെക്സോണിന്‍റെ ചേട്ടനും ഇലക്ട്രിക് ആവുന്നു; ഹാരിയർ വരും, ഇത് ടാറ്റയുടെ ഉറപ്പ്
text_fieldsഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഇവിയാണ് ടാറ്റ നെക്സോൺ. നെക്സോണിനോട് മുട്ടി നിൽക്കാൻ പെടാപ്പാട് പെടുകയാണ് മറ്റ് വാഹന നിർമാതാക്കൾ. നെക്സോണിന് കൂട്ടായി അനിയൻമാരായ ടിഗോർ, ഗിയാഗോ ഇവികൾ കളം നിറഞ്ഞ് കളിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് ഹാരിയർ എസ്.യു.വി കൂടി എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.
പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്.യു.വിയുടെ ലോഞ്ച് 2024ൽ ഉണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ഹാരിയർ ഇവിയുടെ ഒരു ചിത്രവും ടാറ്റ പങ്കുവെച്ചിട്ടുണ്ട്. വെങ്കലവും വെള്ളയും നിറങ്ങൾ സംയോജിപ്പിച്ച് പൂർണ്ണമായും പുതിയ പെയിന്റ് തീം ആണ് ഹാരിയർ ഇവിക്ക് കമ്പനി നൽകിയത്. വാഹനപ്രേമികൾ ഇതിനോടകം ചിത്രം ഏറ്റെടുത്തു.
2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയർ എസ്.യു.വിയുടെ ഒരു ഇലക്ട്രിക് കൺസെപ്റ്റ് കമ്പനി പ്രദർശിപ്പിച്ചിരുന്നു. നിലവിലുള്ള ഹാരിയർ എസ്.യു.വിയിലെ ലാൻഡ് റോവറിൽ നിന്നുള്ള ഒമേഗ രൂപകൽപന തന്നെയാണ് ഇലക്ട്രിക് മോഡലിനും ടാറ്റ നൽകിയിരിക്കുന്നത്.
കൃത്യമായ ബാറ്ററി കപ്പാസിറ്റി അല്ലെങ്കിൽ ഇലക്ട്രിക് മോട്ടോറിന്‍റെ കരുത്ത് ടാറ്റ മോട്ടോഴ്‌സ് ഉടൻ വെളിപ്പെടുത്തുമെന്നാണ് സൂചന. ഇരട്ട മോട്ടോറും ഓൾവീൽ ഡ്രൈവ് സജ്ജീകരണവും വാഹനത്തിലുണ്ടാവും. 400 മുതൽ 500 കിലോമീറ്റർ വരെയാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. 22 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില ഹാരിയർ ഇവിക്ക് ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതോടെ ടാറ്റയുടെ ഏറ്റവും വിലകൂടിയ വാഹനമായി ഇത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.