വിൽപന കൂട്ടാൻ സ്കൂട്ടറിന്റെ വില കുറച്ച് ഒല
text_fieldsഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല വിലകുറവുമായി രംഗത്ത്. അവരുടെ ഒരു മോഡലിന്റെ വിലയിൽ മാത്രമാണ് 12.5 ശതമാനം കുറവ് വരുത്തിയത്. കമ്പനി നഷ്ടത്തിൽ പോകുന്നതിനിടെ വിൽപന കൂട്ടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഒല സ്കൂട്ടറിന്റെ വില കുറച്ചിരിക്കുന്നത്. നേരത്തെ കേന്ദ്രസർക്കാർ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നൽകുന്ന സബ്സിഡി വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില കുറക്കാൻ ഒല നിർബന്ധിതമായത്.
ഒലയുടെ അടിസ്ഥാന മോഡലായ എസ്1 എക്സിന്റെ വില 79,999 രൂപയിൽ നിന്നും 69,999 രൂപയായാണ് കുറച്ചത്. ഒലയുടെ മാർക്കറ്റിങ് മേധാവി അൻഷുൽ ഖാണ്ഡവാലാണ് വിലക്കുറവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സോഫ്റ്റ്ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഒല കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് എസ്1 എക്സ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ അപ്രതീക്ഷിത നീക്കത്തിലൂടെ കേന്ദ്രസർക്കാർ ഇ-സ്കൂട്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചു. അതേസമയം, എസ്1 എക്സിന്റെ വില കുറക്കാനുള്ള തീരുമാനം ഒലക്ക് തിരിച്ചടിയാവുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.
2024 സാമ്പത്തിക വർഷത്തിൽ 3,26,443 ഇ-സ്കൂട്ടറുകളാണ് ഒല വിറ്റത്. ഇ-സ്കൂട്ടർ വിപണിയിലെ മറ്റ് പ്രമുഖ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഒല സ്കൂട്ടറുകൾക്ക് വില കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പെട്രോൾ സ്കൂട്ടറായ ഹോണ്ട ആക്ടീവയേക്കാളും താഴെയാണ് ഒലയുടെ എസ്1 എക്സിന്റെ വില. ആക്ടീവക്ക് 78,000 രൂപ മുതൽ 82,000 രൂപ വരെയാണ് വില.
2021 മുതൽ സ്കൂട്ടറുകൾ വിൽക്കുന്ന ഒലക്ക് വിപണിയിൽ 35 ശതമാനം വിഹിതമുണ്ട്. രണ്ടാം സ്ഥാനത്ത് ടി.വി.എസാണ് 19 ശതമാനമാണ് ടി.വി.എസിന്റെ വിഹിതം.12 ശതമാനം വിഹിതത്തോടെ ഏഥറാണ് മൂന്നാമത്. രാജ്യത്തെ ആകെ ടൂവീലർ വിൽപനയിൽ അഞ്ച് ശതമാനമാണ് ഇ-സ്കൂട്ടറുകളുടെ സംഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.