ഒന്നാമത്തെ ഹൈപ്പർ ചാർജർ ഇൗ നഗരത്തിൽ സ്ഥാപിച്ച് ഒല; 18 മിനിറ്റിൽ 50 ശതമാനം ചാർജ് ചെയ്യാം
text_fieldsടെസ്റ്റ് റൈഡുകൾക്ക് മുന്നോടിയായി ഒല ഇലക്ട്രിക് അതിന്റെ ആദ്യ ഹൈപ്പർചാർജർ സ്ഥാപിച്ചു. 18 മിനിറ്റിൽ 0- 50% ചാർജ് ചെയ്യാൻ കഴിയുന്നതാണ് ഹൈപ്പർ ചാർജറുകൾ. 75 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്രയും ചാർജ് മതിയാകും. ദീപാവലിക്കുശേഷം ഒല ഇലക്ട്രിക് അവരുടെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ഭാവിയിൽ 400 ഇന്ത്യൻ നഗരങ്ങളിൽ 100,000 ലധികം ടച്ച് പോയിന്റുകളിൽ ഇത്തരം ചാർജറുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആദ്യ ചാർജർ ഇവിടെ
തമിഴ്നാട് കൃഷ്ണഗിരിയിലെ ഒല ഫ്യൂച്ചർ ഫാക്ടറിയിലാണ് ആദ്യ ചാർജർ സ്ഥാപിച്ചത്. നവംബർ 10നാണ് ഒല ടെസ്റ്റ് റൈഡ് ആരംഭിക്കുക. കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ തെൻറ എസ് 1 ഇ-സ്കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. 'ആദ്യത്തെ ഹൈപ്പർചാർജർ തത്സമയം... പ്രഭാത യാത്രയ്ക്കുശേഷം എന്റെ S1 ചാർജ് ചെയ്യുന്നു'-ഭവിഷ് ട്വിറ്ററിൽ കുറിച്ചു. ഹൈപ്പർചാർജറുകൾ സ്ഥാപിച്ച് ഉപഭോക്താക്കൾക്ക് ചാർജിങ് പിന്തുണ നൽകുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മൾട്ടി ലെവൽ ലേഔട്ടിൽ ഒന്നിൽക്കൂടുതൽ ഇ.വികൾ ചാർജ് ചെയ്യുന്നതിനും ഹൈപ്പർ ചാർജറിൽ സൗകര്യം ഉണ്ടാകും. ഒല എസ് 1 മോഡലിന് ഒരു ലക്ഷം രൂപയാണ് വില. 10 കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന് ഒറ്റ ചാർജിൽ 180 കിലോമീറ്റർ സഞ്ചരിക്കാനാവും. 1.30 ലക്ഷം രൂപയാണ് പ്രോയുടെ വില. മണിക്കൂറിൽ 115 കിലോമീറ്റർ ആണ് വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.