സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ഉത്പ്പന്നം വരുമെന്ന് ഒല; സ്കൂട്ടറോ കാറോ എന്ന ആശയക്കുഴപ്പവുമായി വാഹനപ്രേമികൾ
text_fieldsരാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ഉത്പ്പന്നത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്ന് ഒല ഇലക്ട്രിക് സി.ഇ.ഒ ഭവിഷ് അഗർവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാഹനപ്രേമികൾക്കിടയിൽ ഒരു ചൂടൻ ചർച്ച ആരംഭിച്ചിരിക്കുകയാണ്. ഈ പുതിയ ഉത്പ്പന്നം കാറാണോ അതോ വിലകുറഞ്ഞ ഇ.വി സ്കൂട്ടറാണോ എന്നാണ് ചർച്ച നടക്കുന്നത്. കഴിഞ്ഞ വർഷം, സ്വാതന്ത്ര്യ ദിനത്തിലാണ് S1 ഇലക്ട്രിക് സ്കൂട്ടർ ഒല (ola) പുറത്തിറക്കിയത്.
'ഈ ഓഗസ്റ്റ് 15ന് ഒരു പുതിയ ഉത്പ്പന്നം പ്രഖ്യാപിക്കുന്നതിൽ അതിയായ ആവേശത്തിലാണ്! ഞങ്ങളുടെ വലിയ ഭാവി പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കും'എന്നാണ് ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തത്. 2022 ഓഗസ്റ്റ് 15-ന് പുതിയ ഒല വാഹനം അവതരിപ്പിക്കുമെന്ന കിംവദന്തികൾ ഇന്റർനെറ്റിൽ നിറഞ്ഞിരിക്കുകയാണ്. ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാർ ആയിരിക്കും ഇതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് ഒരു പുതിയ സ്‌കൂട്ടറായിരിക്കുമെന്നും സൂചനയുണ്ട്. കൂടുതൽ റേഞ്ച് അല്ലെങ്കിൽ നീക്കം ചെയ്യാവുന്നതും ലോക്ക് ചെയ്യാവുന്നതുമായ ബാറ്ററി, വിലക്കുറവ് എന്നീ സവിശേഷതകളുള്ള വാഹനമായിരിക്കും ഇതെന്നും പറയുന്നവരുമുണ്ട്.
ഇലക്‌ട്രിക് വാഹനങ്ങൾക്ക് സ്വന്തമായി ലിഥിയം അയൺ ബാറ്ററികൾ നിർമിക്കാൻ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ പി.എൽ.ഐ സ്കീമിൽ ഒല ഉൾപ്പെട്ടിരുന്നു. അതിനാൽ, ഒലയുടെ സ്വന്തം ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോക്കറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 15-ന് അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ ഗ്രീനസ്റ്റ് ഇ.വി ആണ് പുറത്തിറങ്ങുക എന്ന സൂചനയും ഭവിഷ് അഗർവാൾ സമൂഹമാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രാൻഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസർ വിഡിയോ പുറത്തുവിട്ടിരുന്നു. ഇതാണ് കാർ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ പടരാൻ കാരണം. കൂപ്പെ പോലെയുള്ള റൂഫ്‌ലൈനുള്ള ഫോർ-ഡോർ സെഡാൻ ആയിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഒല ഇതുവരെ തയ്യാറായിട്ടില്ല.
ഒലയുടെ ഫോർ വീലർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 1000 ഏക്കർ ഭൂമിക്കായി അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നിരുന്നു. ഒല എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന തമിഴ്‌നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയുടെ ഇരട്ടി വലുപ്പമായിരിക്കും ഇതെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നുണ്ട്.
പുതുതായി എന്ത് അവതരിപ്പിച്ചാലും അതിനുമുമ്പ് ഇപ്പോഴുള്ള സ്കൂട്ടർ നന്നാക്കാൻ ഒലയോട് ആവശ്യപ്പെടുന്നവരുമുണ്ട്. അടുത്തകാലത്തായി സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിരുന്നു. ഇതിനെ പരിഹരിക്കാനാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.