24 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്; ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ് വാഹനമായി ഒാല ഇ.വി
text_fieldsബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക് നമ്പർ മറികടന്ന് ഒാല ഇ.വി. ജൂലൈ 15നാണ് ഇ.വി സ്കൂട്ടർ ബുക്കിങ് ആരംഭിച്ചത്. 499 രൂപ നൽകിയായിരുന്നു സ്കൂട്ടർ ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് എന്നതിനുപകരം റിസർവ്വേഷൻ എന്നാണ് കമ്പനി ഇൗ പ്രക്രിയയെ വിളിച്ചത്. തുക കുറവായതിനാലാണ് ഇത്രയധികം ബുക്കിങ് ലഭിച്ചതെന്നാണ് സൂചന. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ് ലഭിക്കുന്ന വാഹനമായി ഒാല ഇ.വി മാറി.
'ഞങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉപഭോക്തൃ മുൻഗണനകൾ ഇവികളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണ് ഇത്. ഓല സ്കൂട്ടർ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തിൽ പങ്കുചേർന്ന എല്ലാ ഉപഭോക്താക്കൾക്കും നന്ദി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണ്'-ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ജൂലൈ അവസാനം വാഹനം നിരത്തിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. വില പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്നാണ് സൂചന. വൈദ്യുത സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജും വേഗവുമാണ് ഒാല വാഗ്ദാനം ചെയ്യുന്നത്. ഇൗഥർ 450 എക്സ്, ടി.വി.എസ് െഎ ക്യൂബ്, ബജാജ് ചേതക് പോലുള്ള മുൻനിര ഇ.വികളുടെ എതിരാളിയായാണ് ഒാല എത്തുന്നത്.
ഒാല സി.ഇ.ഒ ഭവിഷ് അഗർവാൾ ട്വിറ്ററിൽ പങ്കുവച്ചതുപ്രകാരം ഒാലക്ക് ആധുനികമായ നിരവധി സവിശേഷതകളുണ്ട്. ഏറ്റവും വലിയ ഇൻ-ക്ലാസ് ബൂട്ട് സ്പേസ്, മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത കീലെസ്സ് എൻട്രി, സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും ഉയർന്ന റേഞ്ച് എന്നിവയാണ് ഒാല വാഗ്ദാനം ചെയ്യുന്നത്. ഇതിെൻറ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ ഇ.വി സ്കൂട്ടറുകളെല്ലാം വാഹനങ്ങൾക്കായി പ്രത്യേക ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി മുതൽ റേഞ്ചും സർവ്വീസ് ഹിസ്റ്ററിയുംവരെ ഇത്തരം ആപ്പുകളിലുണ്ടാകും. എന്നാൽ വാഹനം സ്റ്റാർട്ട് ചെയ്യാനും നിർത്താനുമുള്ള സാേങ്കതികത ആപ്പ്വഴി ഒരു വാഹനത്തിൽ വരുന്നത് ആദ്യമായാണ്. 18 മിനിറ്റുകൊണ്ട് 50 ശതമാനംവരെ ചാർജ് ചെയ്യാൻ വാഹനത്തിനാകും. ഇതുകൊണ്ട് 75 കിലോമീറ്റർ വരെ സഞ്ചരിക്കാം. സ്കൂട്ടറിെൻറ ആകെ റേഞ്ച് 150 കിലോമീറ്ററായിരിക്കുമെന്നും സൂചനയുണ്ട്. എതിരാളികളായ ഇൗഥർ 450 എക്സ്, ടിവിഎസ് ഐക്യൂബ് എന്നിവയേക്കാൾ കൂടുതലാണിത്. ഫുൾ-എൽഇഡി ലൈറ്റിങ്, ഫാസ്റ്റ് ചാർജിങ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവയും ഒാലയിലുണ്ട്. ഒരു ലക്ഷം മുതൽ 1.2 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്.
ടെസ്റ്റ് ഡ്രൈവ്
നിർമാണം പൂർത്തിയായ ഒാലയുടെ ടെസ്റ്റ് ഡ്രൈവ് വീഡിയോ നേരത്തേ കമ്പനി പുറത്തുവിട്ടിരുന്നു. ബംഗളൂരുവിലാണ് ഡ്രൈവ് നടന്നത്. ഏറെക്കാലമായി വൈദ്യുത സ്കൂട്ടറുകളുടെ പണിപ്പുരയിലാണ് ഒാല. വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ഹൈപ്പർ ചാർജർ ശൃഖല സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ചാർജിങ് സംവിധാനം വരുന്നത്. 400 നഗരങ്ങളിൽ ഒരു ലക്ഷം ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങളാണ് ഒാല ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണ ഫാക്ടറി ഒാല തമിഴ്നാട്ടിൽ ആരംഭിച്ചിട്ടുണ്ട്. 500 ഏക്കർ സ്ഥലത്തവണ് മെഗാ ഫാക്ടറി സ്ഥാപിച്ചത്. 2020 ഡിസംബറിൽ തമിഴ്‌നാട് സർക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. 2,400 കോടി രൂപയാണ് ആദ്യഘട്ടത്തിൽ കമ്പനി നിക്ഷേപിക്കുന്നത്. നിർമാണം പൂർത്തിയായ ഫാക്ടറിക്ക് പ്രതിവർഷം 20 ലക്ഷം യൂനിറ്റ് ശേഷി ഉണ്ടായിരിക്കും.
'ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാക്കുന്നതിന് ശക്തമായ ചാർജിങ് ശൃംഖല ആവശ്യമാണ്. ഇന്ന്, നമ്മുടെ രാജ്യത്തെ പ്രധാന ഇൻഫ്രാസ്ട്രക്ചർ വിടവുകളിലൊന്നാണ് ചാർജിങ് നെറ്റ്വർക്ക്. ഒാലയുടേത് ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്കായിരിക്കും. 400 നഗരങ്ങളിലും പട്ടണങ്ങളിലുമായി 1,00,000 ചാർജിങ് പോയിൻറുകൾ ഞങ്ങൾ നിർമ്മിക്കും'-ഒാല സി.ഇ.ഒ ഭവീഷ് അഗർവാൾ പറയുന്നു.
ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, യു.കെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനും ഒാലക്ക് പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. 5000 ലധികം റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും ഉപയോഗിച്ചാവും ഫാക്ടറി പ്രവർത്തിക്കുക. ഓല കഴിഞ്ഞ വർഷം ആംസ്റ്റർഡാം ആസ്ഥാനമായുള്ള എറ്റെർഗോ സ്‌കൂട്ടർ കമ്പനി സ്വന്തമാക്കിയിരുന്നു. എറ്റെർഗോ വികസിപ്പിച്ച മോഡലിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുക. മികച്ച ഡിസൈൻ, നീക്കംചെയ്യാവുന്ന ബാറ്ററി, ഉയർന്ന പ്രകടനം, മൈലേജ് എന്നിവ ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു.
ഒാല പാസഞ്ചർ വെഹിക്കിൾ
വൈദ്യുത ഇരുചക്ര വാഹനങ്ങളോടൊപ്പം ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ (പി.വി) വിഭാഗത്തിലേക്ക് പ്രവേശിക്കാനും ഓലക്ക് പദ്ധതിയുണ്ട്. നഗരത്തിനുവേണ്ടിയുള്ള ചെറുതും പ്രായോഗികവുമായ വാഹനമായിരിക്കും ഒാല പുറത്തിറക്കുകയെന്നാണ് പ്രാഥമിക സൂചന. തദ്ദേശീയമായിട്ടായിരിക്കും വാഹനം വികസിപ്പിക്കുക. ഇലക്ട്രിക് കാർ ഡിവിഷനായി ബംഗളൂരുവിൽ ആഗോള ഡിസൈൻ സെൻറർ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കളിമൺ മോഡലിങിനും സിഎംഎഫ് (നിറം, മെറ്റീരിയലുകൾ, ഫിനിഷ്) ലാബ് എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഇലക്ട്രിക് പിവി പ്രോജക്റ്റിനായി ഓല ഇതിനകം ടാറ്റയിൽ നിന്നുള്ള ഡിസൈനർമാരെ റാഞ്ചിയിട്ടുണ്ട്.
ഒാലയുടെ ചരിത്രം
ഇലക്ട്രിക് വാഹനവിപണിയിലെ ഒാലയുടെ പരീക്ഷണങ്ങൾ ഏറെ കാലങ്ങൾക്കുമുമ്പുതന്നെ തുടങ്ങിയിരുന്നു. 2017-18 ൽ, ടാറ്റ നാനോയുടെ ബാറ്ററി ഇലക്ട്രിക് പതിപ്പായ ജയം നിയോയുടെ പരിമിതമായ എണ്ണം യൂനിറ്റുകൾ കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ്സ് നിർമിച്ചിരുന്നു. ആ പദ്ധതിയിൽ ഒാലയും പങ്കാളികളായിരുന്നു. തങ്ങളുടെ ടാക്സി സർവീസിലേക്ക് ഇ.വികൾ എത്തിക്കുകയായിരുന്നു അന്ന് ഒാലയുടെ താൽപ്പര്യം. വൈദ്യുതീകരിച്ച നാനോക്കായുള്ള പദ്ധതികൾ ഉപേക്ഷിച്ചതോടെ ഈ നീക്കം ഫലവത്തായില്ല. ചില നഗരങ്ങളിൽ മഹീന്ദ്രയുടെ ഇ 2O ഇ.വിലും ഓല ഉപയോഗിച്ചിരുന്നു. ഒാലയുടെ പുതിയ ഇലക്ട്രിക് കാറുകൾ രണ്ടുതരത്തിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. സ്വകാര്യ ഉപയോഗത്തിനും ടാക്സികൾക്കുമായിരിക്കും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.