കാത്തിരിപ്പിന് വിരാമം; ഓല ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15ന് പുറത്തിറങ്ങും
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാഹന ലോകം കാത്തിരിക്കുന്ന ഒാല ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ. ചൊവ്വാഴ്ച ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒാല ഇ.വി സ്കൂട്ടറിന്റെ വിലയും മറ്റ് ഫീച്ചറുകളും അന്ന് തന്നെയാകും അറിയാൻ സാധിക്കുക.
രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സർവിസ് കമ്പനിയായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ഈ വർഷം ജൂലൈയിൽ വിപണിയിലെത്തിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒാല ഇ.വി സ്കൂട്ടറുകളുടെ വേഗത, റേഞ്ച് എന്നിവയിൽ കമ്പനി അധികൃതർ ഇനിയും അവസാന തീരുമാനത്തിലെത്തിയിട്ടില്ല. നിലവിൽ പലതരം അഭ്യൂഹങ്ങളാണ് ഇക്കാര്യത്തിൽ പ്രചരിക്കുന്നത്. 150 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വേഗതയുടെ കാര്യത്തിലും കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
നേരത്തേ 499 രൂപക്ക് വാഹനം ബുക്ക് ചെയ്യാനുള്ള അവസരവും ഒാല നൽകിയിരുന്നു. ബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക് നമ്പരിലെത്താനും ഒാലക്കായി. ജൂലൈ 15നാണ് ഇ.വി സ്കൂട്ടർ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് എന്നതിനുപകരം റിസർവേഷൻ എന്നാണ് കമ്പനി ഇൗ പ്രക്രിയയെ വിളിച്ചത്. തുക കുറവായതിനാലാണ് ഇത്രയധികം ബുക്കിങ് ലഭിച്ചതെന്നാണ് സൂചന. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ് ലഭിക്കുന്ന വാഹനമായി ഒാല ഇ.വി മാറി.
400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിങ് പോയിന്‍റുകൾ ഉൾപ്പെടുത്തി ഹൈപ്പർചാർജർ നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ഓല. തമിഴ്‌നാട്ടിൽ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഫാക്ടറി സ്ഥാപിക്കുന്നതിന് 2,400 കോടി രൂപ നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫാക്ടറി പൂർത്തിയാകുമ്പോൾ പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഓല ഇ.വി
സ്റ്റൈലിഷ് ഇ.വി സ്കൂട്ടറാണ് ഓല. 1860 എം.എം ആണ് വാഹനത്തിന്‍റെ നീളം. 700 എം.എം വീതിയും 1155 എം.എം ഉയരവുമുണ്ട്. 1345 എം.എം ആണ് വീൽബേസ്. ആറ് കിലോവാട്ടിന്‍റെ ഇലക്ട്രിക് മോേട്ടാറാണ് സ്കൂട്ടറിനെ ചലിപ്പിക്കുക. ഊരിമാറ്റാൻ സാധിക്കുന്ന ബാറ്ററിയുടെ പരമാവധി റേഞ്ച് 240 കിലോമീറ്ററാണ്. 3.9 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽനിന്ന് 45 കി.മീറ്റർ വേഗത കൈവരിക്കാനാകും. 100 കിലോമീറ്ററാണ് പരമാവധി വേഗത. എൽ.ഇ.ഡി ഹെഡ്‌ലാമ്പും എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകളുമെല്ലാം വാഹനത്തെ കൂടുതൽ സ്റ്റൈലിഷാക്കി മാറ്റുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറി തമിഴ്‌നാട്ടിൽ നിർമിക്കുകയാണ് ഓല. 500 ഏക്കറിലായാണ് ഫാക്ടറി ഒരുക്കുന്നത്. പ്രാരംഭഘട്ടത്തിൽ പ്രതിവർഷം രണ്ട് ദശലക്ഷം യൂനിറ്റ് വാഹനങ്ങൾ ഇവിടെ നിർമിക്കും. ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആഗോള ഉൽപാദന കേന്ദ്രമായി ഇവിടം മാറും. യൂറോപ്പ്, യു.കെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ആസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര വിപണികളിലേക്ക് ഇവിടെനിന്ന് വാഹനം കയറ്റുമതി ചെയ്യും. ആംസ്റ്റർഡാം ആസ്ഥാനമായ ഏറ്റെർഗൊ ബി.വി എന്ന കമ്പനിയെ കഴിഞ്ഞ മേയിൽ ഓല ഇലക്ട്രിക് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് വൈദ്യുത സ്കൂട്ടർ രൂപകൽപ്പനക്കും നിർമാണത്തിനുമുള്ള അധികശേഷി ഓലക്ക് ലഭിച്ചത്.
ഹൈപ്പർ ചാർജർ ശൃഘല
400 നഗരങ്ങളിൽ ഒരു ലക്ഷം ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്ന വമ്പൻ പദ്ധതിയും ഓല പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഹൈപ്പർചാർജർ ശൃംഖല സ്ഥാപിക്കാനാണ് ഓലയുടെ നീക്കം. ചാർജിങ് സ്റ്റേഷനുകൾ ഓല ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായുള്ളതായിരിക്കും. വെറും 18 മിനുട്ട്കൊണ്ട് ഓല സ്കൂട്ടറുകൾ 50 ശതമാനം ചാർജ് ചെയ്യാൻ ഹൈപ്പർ ചാർജർ പോയിന്‍റുകൾവഴി സാധിക്കും.
ഹൈപ്പർചാർജർ ശൃംഖലയുടെ ഭാഗമായി ഇന്ത്യയിലെ 400 നഗരങ്ങളിലായി 1,00,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലുതും സാന്ദ്രവുമായ വൈദ്യുത ഇരുചക്ര വാഹന ചാർജിങ് ശൃംഖല ഇതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യ വർഷത്തിൽ 100 നഗരങ്ങളിലായി 5,000 ചാർജിങ് പോയിന്‍റുകൾ ആരംഭിക്കും. പിന്നീടിത് ഘട്ടംഘട്ടമായി വർധിപ്പിക്കും. രാജ്യത്ത് നിലവിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇൻഫ്രാസ്ട്രക്ചറിനെ ഇത് ഇരട്ടിയാക്കുമെന്ന് ഓല പറയുന്നു. തങ്ങളുടെ ഹൈപ്പർചാർജർ ശൃംഖല അതിവേഗ ഇരുചക്ര വാഹന ചാർജിങ് നെറ്റ്‌വർക്കായിരിക്കുമെന്നും ഓല അവകാശപ്പെടുന്നുണ്ട്.
ചാർജിങ് പോയിന്‍റിന് 18 മിനിറ്റിനുള്ളിൽ ഒരു ഓല ഇലക്ട്രിക് സ്കൂട്ടറിൽ 50 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. ഇതിലൂടെ വാഹനത്തിനെ 75 കിലോമീറ്റർ പരിധിയിലേക്ക് എത്തിക്കാനും കഴിയും. ഐടി പാർക്കുകൾ, മാളുകൾ, കഫേകൾ തുടങ്ങിയ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ബാറ്ററിയുടെ ചാർജിങ് നില ഓല ഇലക്ട്രിക് ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോണിൽ കാണാൻ കഴിയും. ആപ്പ് ഉപയോഗിച്ച് വൈദ്യുതിക്ക് പണമടയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.