ഒല കൊച്ചിയിൽ ഓടിച്ചുനോക്കാം; അടുത്തയാഴ്ച കോഴിക്കോട്ടും തിരുവനന്തപുരത്തും ടെസ്റ്റ് റൈഡ്
text_fieldsകോഴിക്കോട്: ഒല ഇലക്ട്രിക് സ്കൂട്ടർ ടെസ്റ്റ് റൈഡിന് കൊച്ചിയിൽ അവസരം. സ്കൂട്ടർ രാജ്യവ്യാപകമായി ടെസ്റ്റ് റൈഡിന് അവസരമൊരുക്കുന്നതിെൻറ ഭാഗമായാണ് കൊച്ചിയിലും എത്തിച്ചത്.
വാഹനം ബുക് ചെയ്തവർക്കോ വാങ്ങിയവർക്കോ മാത്രമായിരിക്കും തൽക്കാലം ടെസ്റ്റ് റൈഡ്. ഈ മാസം 27 മുതൽ കോഴിക്കോടും തിരുവനന്തപുരത്തും സ്കൂട്ടർ ഓടിക്കാൻ അവസരമൊരുക്കുമെന്ന് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫിസർ അരുൺ സർദേശ്മുഖ് പറഞ്ഞു. വാഹനം ബുക്ക് ചെയ്തവരുടെ ഇമെയിലിലേക്കും മൊബൈലിലേക്കും ടെസ്റ്റ് ഡ്രൈവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും ഒല അറിയിച്ചിട്ടുണ്ട്.
നേരത്തെ രാജ്യത്തെ തെരഞ്ഞെടുത്ത മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമായിരുന്നു ടെസ്റ്റ് റൈഡിന് അവസരം. എന്നാൽ ഇപ്പോൾ 1000 നഗരങ്ങളിലേക്ക് ടെസ്റ്റ് റൈഡ് വ്യാപിപ്പിച്ചിരിക്കുകയാണ് കമ്പനി.
എസ് വൺ (എക്സ് ഷോറൂം വില ഒരു ലക്ഷം), എസ് വൺ പ്രൊ (1.30 ലക്ഷം) എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. രണ്ടു ദിവസം കൊണ്ട് 1,100 കോടി രൂപയുടെ സ്കൂട്ടറുകൾ വിറ്റതായാണ് കമ്പനിയുടെ അവകാശവാദം.
ആദ്യ ഹൈപ്പർചാർജർ ഇവിടെ
ടെസ്റ്റ് റൈഡുകൾക്ക് മുന്നോടിയായി കമ്പനി ആഴ്ചകൾക്ക് മുമ്പ് തങ്ങളുടെ ആദ്യ ഹൈപ്പർചാർജർ സ്ഥാപിച്ചിരുന്നു. തമിഴ്നാട് കൃഷ്ണഗിരിയിലെ ഒല ഫ്യൂച്ചർ ഫാക്ടറിയിലാണ് ആദ്യ ചാർജർ സ്ഥാപിച്ചത്. 18 മിനിറ്റിൽ 0- 50% ചാർജ് ചെയ്യാൻ കഴിയുന്നതാണ് ഹൈപ്പർ ചാർജറുകൾ. 75 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്രയും ചാർജ് മതിയാകും. ഭാവിയിൽ 400 ഇന്ത്യൻ നഗരങ്ങളിൽ 100,000 ലധികം ടച്ച് പോയിന്റുകളിൽ ഇത്തരം ചാർജറുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൾട്ടി ലെവൽ ലേഔട്ടിൽ ഒന്നിൽക്കൂടുതൽ ഇ.വികൾ ചാർജ് ചെയ്യുന്നതിനും ഹൈപ്പർ ചാർജറിൽ സൗകര്യം ഉണ്ടാകും.
നിർമിക്കുന്നത് സ്ത്രീകൾ ചേർന്ന്; ലോകത്തിലെ ഏറ്റവുംവലിയ വനിതാ ഫാക്ടറിയുമായി ഇന്ത്യൻ കമ്പനി
ഓല ഇലക്ട്രിക് സ്കൂട്ടർ നിർമാണശാല ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയായി മാറുമെന്നാണ് കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ പറയുന്നത്. തമിഴ്‌നാട്ടിലെ ഫാക്ടറിക്ക് ശക്തി പകരുന്നതിന് 10,000 സ്ത്രീകളെ നിയമിക്കാനാണ് കമ്പനിയുടെ നീക്കം. 'ആത്മനിർഭർ ഭാരതത്തിന് ആത്മനിർഭരരായ സ്ത്രീകൾ ആവശ്യമാണ്. ഓല ഫ്യൂച്ചർഫാക്ടറി പൂർണമായും പതിനായിരത്തിലധികംവരുന്ന സ്ത്രീകളാൽ നടത്തപ്പെടുമെന്നതിൽ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയാണിത്'-ഭവിഷ് അഗർവാൾ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ സ്ത്രീകളെ പുരുഷന്മാരുമായി തുല്യത കൈവരിക്കാൻ സഹായിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഗർവാൾ അറിയിച്ചു. 'സാമ്പത്തിക അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്തമാക്കുന്നത് അവരുടെ ജീവിതത്തെ മാത്രമല്ല കുടുംബങ്ങളേയും മെച്ചപ്പെടുത്തുന്നു. കുടുംബങ്ങളിലൂടെ മുഴുവൻ സമൂഹവും'-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.