തീ പിടിച്ച് പൊട്ടിത്തെറിക്കൽ; ഓല 1441 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചു
text_fieldsതീ പിടിച്ച് കത്തിനശിക്കുന്ന സംഭവങ്ങൾ പതിവായതോടെ 1441 ഇലക്ട്രിക് സ്കൂട്ടറുകൾ ഓല ഇലക്ട്രിക് കമ്പനി തിരിച്ചുവിളിച്ചു. മാർച്ച് 26ന് പുണയിൽ സ്കൂട്ടർ കത്തിനശിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഈ ബാച്ചിലെ സ്കൂട്ടറുകളിൽ വിശദമായ പരിശോധന നടത്തുന്നതിനുവേണ്ടിയാണ് തിരിച്ചുവിളിക്കുന്നത്. ഈ സ്കൂട്ടറുകളിലെ ബാറ്ററി, സുരക്ഷ, തെർമൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തങ്ങളുടെ എൻജിനീയറിങ് വിഭാഗം വിശദമായി പരിശോധിക്കും. ബാറ്ററി സംവിധാനം എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമിച്ചതെന്നും കമ്പനി വ്യക്തമാക്കി.
അടുത്തിടെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ച സംഭവങ്ങൾ ആവർത്തിക്കുന്നതാണ് സ്കൂട്ടറുകൾ തിരിച്ചുവിളിക്കാൻ ഓലയെ പ്രേരിപ്പിച്ചത്. ഒകിനാവ ഓട്ടോടെക്ക് 3000 യൂനിറ്റുകളും പ്യുർ ഇ.വി 2000 യൂനിറ്റുകളും തിരിച്ചുവിളിച്ചിരുന്നു. കൂടാതെ, ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷ സംവിധാനങ്ങൾ പരിശോധിക്കാൻ സർക്കാർ സമിതി രൂപവത്കരിച്ചിരുന്നു. വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.