സ്‌കൂട്ടർ ഹിറ്റായി; ഇലക്ട്രിക് ബൈക്ക് ഉടൻ അവതരിപ്പിക്കാൻ തയാറെടുത്ത് ഒല
text_fieldsമികച്ച ഫീച്ചറുകളുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മാണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല. റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ എക്സ്, റോഡ്സ്റ്റര്‍ പ്രോ എന്നീ മൂന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലുകളാണ് ഒല പുറത്തിറക്കുന്നത്. മൂന്ന് മോഡലുകളിലായി എട്ട് വേരിയന്റുകളില്‍ എത്തുന്ന ഇലക്ട്രിക് ബൈക്കുകള്‍ക്ക് 74,999 രൂപ മുതല്‍ 2.49 ലക്ഷം രൂപ വരെയാണ് കണക്കാക്കുന്ന എക്സ്ഷോറൂം വില.
മൂന്ന് മുതല്‍ നാലുവരെ റൈഡിങ് മോഡുകള്‍, 4.3 ഇഞ്ച് എല്‍.ഇ.ഡി, 6.8 ഇഞ്ച്, 10 ഇഞ്ച് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകള്‍, അഡാസ് ലെവല്‍ 3 ഫീച്ചറുകള്‍, റേസ് മോഡ്, യു.എസ്.ഡി ഫോര്‍ക്ക്-മോണോ ഷോക്ക് സസ്പെന്‍ഷന്‍ സംവിധാനം, ഡിസ്‌ക് ബ്രേക്കുകള്‍, സ്വിച്ചബിള്‍ എ.ബി.എസ് ഫീച്ചര്‍, എല്‍.ഇ.ഡി ഹെഡ് ലാമ്പ്, കണക്ടിവിറ്റി ഫീച്ചറുകള്‍ തുടങ്ങി പുതുതലമുറ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ബൈക്ക് എത്തുന്നത്.
2.5, 3.5, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് അടിസ്ഥാന മോഡലായ റോഡ്സ്റ്റര്‍ എക്സ് എത്തുക. 4.5, ആറ് കിലോവാട്ട് എന്നീ ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും റോഡ്സ്റ്റര്‍ മോഡല്‍ എത്തുന്നത്. ഉയര്‍ന്ന വകഭേദമായ പ്രോയില്‍ എട്ട് കിലോവാട്ട്, 16 കിലോവാട്ട് ബാറ്ററി പാക്കുകളും ഉണ്ടായിരിക്കുക. റോഡ്സ്റ്റര്‍ എക്സില്‍ 14.9 പി.എസ് പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും സ്ഥാനം പിടിക്കുക. 4.5 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡലിന് 200 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. മണിക്കൂറില്‍ 124 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗത. കേവലം 2.8 സെക്കൻഡില്‍ പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.
റോഡ്സ്റ്റര്‍ എന്ന വേരിയന്റിലും മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 17.6 പി.എസ് കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. ആറ് കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡല്‍ 248 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കും. പരമാവധി വേഗത മണിക്കൂറില്‍ 126 കിലോമീറ്റര്‍ ഉള്ള ഈ മോഡല്‍ രണ്ട് സെക്കൻഡില്‍ പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്ന് ഒല അവകാശപ്പെടുന്നു.
പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കുകളുടെ കരുത്തുമായാണ് ഒല റോഡസ്റ്റര്‍ പ്രോ എന്ന മോഡല്‍ എത്തുന്നത്. എട്ട് കിലോവാട്ട്, 16 കിലോവാട്ട് ബാറ്ററി പാക്കുകളില്‍ എത്തുന്ന ഈ പതിപ്പിലെ മോട്ടോര്‍ 70 പി.എസ് പവറും 105 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 16 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡല്‍ 1.2 സെക്കൻഡില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. രണ്ടാമത്തെ പതിപ്പ് 1.9 സെക്കന്റില്‍ 40 കിലോമീറ്റർ വേഗത്തിലെത്തും. 248 കിലോമീറ്റര്‍ റേഞ്ചുള്ള ഈ മോഡലിന്റെ പരമാവധി വേഗത 126 കിലോമീറ്ററാണ്. കഴിഞ്ഞ ദിവസം ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും 2025ല്‍ മാത്രമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.