ഏറ്റവും വിലകുറഞ്ഞ ഇ.വി സ്കൂട്ടർ അവതരിപ്പിച്ച് ഒല ഇലക്ട്രിക്; പേര് എസ് വൺ എയർ
text_fieldsഎസ് വൺ, എസ്‍വൺ പ്രോ എന്നിവയ്ക്കുശേഷം തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇ.വി സ്കൂട്ടർ അവതരിപ്പിച്ച് ഒല ഇലക്ട്രിക്. എസ് വൺ എയർ എന്നാണ് പുതിയ സ്കൂട്ടറിന് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ 79,999 രൂപയ്ക്കാവും വാഹനം വിൽക്കുക. പിന്നീടിത് കൂടാൻ സാധ്യതയുണ്ട്. ബുക്ക് ചെയ്യുന്നതിനുള്ള നിശ്ചിത സമയത്തിനുശേഷം വില 85,000 രൂപയിലേക്ക് ഉയരും. 999 രൂപ അടച്ചാണ് വാഹനം റിസർവ്വ് ചെയ്യേണ്ടത്.
വില കുറവാണ് എന്നതിനാൽതന്നെ സ്കൂട്ടറിന്റെ റേഞ്ചും കുറവാണ്. 101 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന സർട്ടിഫൈഡ് റേഞ്ച്. യഥാർഥ സാഹചര്യങ്ങളിൽ ഇത് പിന്നേയും കുറയാനാണ് സാധ്യത. 76 കിലോമീറ്റർ ആയിരിക്കും ട്രൂറേഞ്ച് എന്ന് കമ്പനി തന്നെ പറയുന്നുണ്ട്. 90 കിലോമീറ്റർ ആണ് വാഹനത്തിന്റെ ഉയർന്ന വേഗത.
ഹോണ്ട ആക്ടിവ, ടി.വി.എസ് ജൂപ്പിറ്റർ, സുസുകി ആക്‌സസ്, യമഹ ഫാസിനോ തുടങ്ങിയ പരമ്പരാഗത സ്‌കൂട്ടറുകൾ ആധിപത്യം തുടരുന്ന വിപണിയാണ് പുതിയ സ്കൂട്ടറിലൂടെ ഒല ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ സബ്സിഡികൾ ലഭിച്ചിട്ടും ഇ.വി സ്കൂട്ടറുകളുടെ വില കൂടുതലാണ്. വില കുറച്ച് വിറ്റാൽ പരമ്പരാഗത വിപണിയിലേക്ക് കടന്നുകയറാമെന്നാണ് കമ്പനി കരുതുന്നത്.
ഒല എസ് വൺ എയറിന് 2.47 kWh ബാറ്ററി പാക്കാണ് ലഭിക്കുന്നത്. ഒല എസ് വൺ പ്രോയിലെ 3.97 kWh ബാറ്ററിയേക്കാൾ ചെറുതാണ് ഇത്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. 4.5kW മോട്ടോറാണ് എസ് വൺ എയറിന് കരുത്തുപകരുന്നത്. ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 101 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് ഒല ഇലക്ട്രിക് അവകാശപ്പെടുന്നു.
മണിക്കൂറിൽ 90 കിലോമീറ്റർ ആണ് സ്കൂട്ടറിന്റെ പരമാവധി വേഗത. 4.3 സെക്കൻഡിൽ 0-ൽ നിന്ന് 40 kmph-ൽ എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. എസ് വൺ എയറിന് 99 കിലോ ഭാരമുണ്ട്. മറ്റ് ഒല വാഹനങ്ങളേക്കാൾ കുറവാണിത്. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും ഇരട്ട പിൻ ഷോക്ക് അബ്‌സോർബറുകളും വാഹനത്തിന്ന് ലഭിക്കും.
എസ് വൺ പ്രോയിൽ കാണുന്ന അതേ ഏഴ് ഇഞ്ച് TFT ഡിസ്‌പ്ലേ ആണ് എയറിന് ലഭിക്കുന്നത്. റിവേഴ്‌സ് ബട്ടൺ, ഹിൽ-ഹോൾഡ് ഫംഗ്‌ഷണാലിറ്റി, ഒന്നിലധികം പ്രൊഫൈൽ സജ്ജീകരണം, പ്രോക്‌സിമിറ്റി അലേർട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂസർ ഇന്റർഫേസായ മൂവ് ഒ എസ് 3 സ്റ്റാൻഡേർഡാണ്. എസ്1 പ്രോയിലെ 36 ലിറ്ററിനേക്കാൾ കുറവാണ് സ്റ്റോറേജ് സ്പേസ്. 34 ലിറ്റർ ആണ് എയറിൽ വരിക. മുൻവശത്തെ ഫ്ലാറ്റ് ഫ്ലോർബെഡ് ആണ് മറ്റൊരു സവിശേഷത. കൂടുതൽ സാധനങ്ങൾ സൂക്ഷിക്കാൻ ഇത് സഹായിക്കും. S1, S1 പ്രോ എന്നിവയിൽ ഈ സൗകര്യം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.