ഒറ്റ ചാർജിൽ 190 കിലോമീറ്റർ; വില 1.10 ലക്ഷം മാത്രം; പുത്തൻ സ്കൂട്ടറുമായി ഒല
text_fieldsകുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുള്ള ഇ.വി സ്കൂട്ടർ അവതരിപ്പിച്ച് ഒല ഇലക്ട്രിക്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എസ് 1 എക്സ് ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടര്‍ ഒല അവതരിപ്പിച്ചിരുന്നു. എസ് 1 എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ 4 kWh വേരിയന്റ് ആണ് ഇപ്പോൾ പുറത്തിറക്കത്. ഒലയുടെ എന്‍ട്രി ലെവല്‍ സ്കൂട്ടറായ എസ് 1 എക്സിന്റെ റേഞ്ച് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്കൂട്ടർ അവതരിപ്പിച്ചത്. ഉയര്‍ന്ന റേഞ്ചുള്ള പുത്തന്‍ വേരിയന്റിനായുള്ള ബുക്കിങ് ഒല ആരംഭിച്ചു.
കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച്
കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ ലോഞ്ചിന്റെ പ്രധാന ഹൈലൈറ്റ്. പുതിയ എസ് 1 എക്സ് സ്കൂട്ടറിന്റെ 4 kWh വേരിയന്റ് ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 190 കിലോമീറ്റർ ദൂരമോടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒലയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോ ജെന്‍2 ഇലക്ട്രിക് സ്കൂട്ടറിനേക്കാള്‍ വെറും 5 കിലോമീറ്റര്‍ മാത്രമാണ് റേഞ്ച് കുറവ്.
എസ് 1 എക്സിന്റെ വിലയില്‍ S1 പ്രോയുടെ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടര്‍ എന്നാണ് പുതിയ ഒലയെ വിശേഷിപ്പിക്കുന്നത്. 4 kWh ബാറ്ററി പായ്ക്ക് എസ് 1 എക്സ് ഇലക്ട്രിക് സ്കൂട്ടര്‍ നിരയിലെ ഏറ്റവും വലുതാണ്. 1.10 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വാഹനം വാങ്ങാന്‍ സാധിക്കുക. എസ് 1 എക്സ് 3 kWh വേരിയന്റിനേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതലാണിത്. റേഞ്ചും വിലയും കുറവ് മതി എന്നുള്ളവര്‍ക്ക് ഒല എസ് 1 എക്സ് 2 kWh വേരിയന്റ് വാങ്ങാവുന്നതാണ്. 79,999 രൂപയാണ് ഈ വകഭേദത്തിന്റെ എക്സ്-ഷോറൂം വില.
സ്റ്റൈലിങ്, ഫീച്ചര്‍
സ്റ്റൈലിങ്, ഫീച്ചര്‍, വലിപ്പം എന്നീ കാര്യങ്ങളില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമമാണ് എസ് 1 എക്സ് 4 kWh വേരിയന്റ്. ഭാരത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചില്ലറ മാറ്റം. എസ് 1 എക്സ് 4 kWh വേരിയന്റിന് 112 കിലോഗ്രാമാണ് ഭാരം. അതായത് എസ് 1 എക്സ് 3 kWh വേരിയന്റിനേക്കാള്‍ ഇതിന് 4 കിലോഗ്രാം അധിക ഭാരമുണ്ട്.
പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡില്‍ വാഹനം പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 6 kW (8 bhp) പവര്‍ നല്കുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നീ മൂന്ന് റൈഡിങ് മോഡുകളും വരുന്നുണ്ട്. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 30 മിനിറ്റ് എടുക്കും.
വിതരണം ഏപ്രില്‍ മുതല്‍
ഒല S1 X 2 kWh, 3 kWh, 4 kWh വേരിയന്റുകളുടെ വിതരണം 2024 ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുകൂടാതെ S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് 8 വര്‍ഷം/80,000 കിലോമീറ്റര്‍ വാറന്റിയും ഒല പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി വാങ്ങുന്ന S1 ഇ-സ്കൂട്ടറുകള്‍ക്ക് അധിക മുടക്കില്ലാതെ ഈ വാറന്റി ലഭ്യമാകും. 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്റിയും നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 12,500 രൂപ മുടക്കിയാല്‍ 1.25 ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്റി ഓപ്ഷനും ഓഫര്‍ ചെയ്യുന്നു.
തങ്ങളുടെ സര്‍വീസ് ഔട്ട്ലെറ്റുകളുടെ എണ്ണം നിലവിലുള്ള 400-ല്‍ നിന്ന് 600 ആയി വികസിപ്പിക്കാന്‍ പോകുകയാണെന്നും കമ്പനി പ്രഖ്യാപിച്ചു. 2024 ഏപ്രിലോടെ 10,000 ഫാസ്റ്റ് ചാര്‍ജറുകള്‍ കൂടി സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ ഒലക്ക് 1000 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.