ഓട്ടത്തിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു; യാത്രക്കാരൻ ചാടി രക്ഷപ്പെട്ടു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിൽ ഇലക്ട്രിക് സ്കൂട്ടറിന് ഓട്ടത്തിനിടെ തീപ്പിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്കൂട്ടർ യാത്രികൻ തീ ശ്രദ്ധയിൽപ്പെട്ടയുടൻ ചാടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബൊമ്മചന്ദ്ര ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സതീഷ്(29) ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഒരു വർഷമായി സതീഷ് ഈ സ്കൂട്ടർ ഉപയോഗിക്കുന്നു. പതിവുപോലെ സ്കൂട്ടറിൽ ഓഫിസിലേക്ക് പോകവെയാണ് ജുജൂവാടിക്ക് സമീപംവെച്ച് തീപിടിച്ചത്. സീറ്റിനടിയിൽ തീ ശ്രദ്ധയിൽപെട്ടതോടെ സതീഷ് ചാടിയിറങ്ങുകയായിരുന്നു.
നാട്ടുകാർ സ്കൂട്ടറിൽ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ സിപ്കോട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തമിഴ്നാട്ടിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപ്പിടിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. വേനൽ ആരംഭിച്ചതിന് ശേഷമുള്ള ഏഴാമത്തെ ഇലക്ട്രിക് വാഹന തീപിടിത്തമാണ് ഇന്നുണ്ടായത്. ഈയിടെ ഇ-സ്‌കൂട്ടറിന് തീപിടിച്ച് ചെന്നൈയിലെ ഒകിനാവ ഡീലർഷിപ്പ് ഷോറൂം കത്തിനശിച്ചിരുന്നു.
മാർച്ച് 26ന് വെല്ലൂരിന് സമീപം സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഉണ്ടായ അഗ്നിബാധയിൽ അച്ഛനും മകളും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.