എക്സ്.യു.വി 400 ഇ.വി പ്രത്യേക പതിപ്പ് ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര; താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം
text_fieldsഎക്സ്.യു.വി 400 ഇ.വി പ്രത്യേക പതിപ്പ് ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര. 2023 ഫെബ്രുവരി 10ന് ലേലം നടക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ജനുവരി 26ന് രാവിലെ 11 മുതൽ 31 വരെയുള്ള സമയം ഓൺലൈനായി ലേലത്തിന് രജിസ്റ്റർ ചെയ്യാം. വിജയിച്ച ലേലക്കാരന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയിൽ നിന്ന് എക്സ്.യു.വി 400 ഡെലിവറി ലഭിക്കും. ലേലത്തുക സാമൂഹിക ആവശ്യത്തിനായി സംഭാവന ചെയ്യുകയും മഹീന്ദ്ര സുസ്ഥിരത അവാർഡ് ജേതാക്കൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
മഹീന്ദ്രയിലെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസും ഫാഷൻ ഡിസൈനർ റിംസിം ദാദുവും ചേർന്നാണ് എക്സ്.യു.വി 400 രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോഡലിന് പ്രത്യേക നീല നിറത്തിലുള്ള ഡിസൈൻ ഉണ്ട്. മുൻവശത്ത് ബ്രോൺസ് ആക്‌സന്റുകൾ ഉണ്ട്. മഹീന്ദ്രയുടെ ട്വിൻ പീക്ക് ലോഗോ, ബോണറ്റ് ഇന്റഗ്രേറ്റഡ് ബാഡ്ജ്, സി-പില്ലർ, ബൂട്ട് ലിഡ് എന്നിവയ്ക്ക് ചുറ്റും നീല ഹൈലൈറ്റ് കാണാം.
മഹീന്ദ്ര എക്സ്.യു.വി 400 എക്സ്ക്ലൂസീവ് എഡിഷന്റെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും സാധാരണ മോഡലിന് സമാനമാണ്. എന്നിരുന്നാലും, ഹെഡ്‌റെസ്റ്റുകളിലും പിൻ ആംറെസ്റ്റിലും കോപ്പർ സ്റ്റിച്ചിംഗും 'റിംസിം ദാദു xബോസ്' ബാഡ്ജിംഗും ഉള്ള ഒരു പുതിയ അപ്‌ഹോൾസ്റ്ററി ഇതിന് ലഭിക്കും.
കരുത്തൻ
എക്സ്.യു.വി 300-നെ അടിസ്ഥാനമാക്കിയാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 2,600 എം.എം വീല്‍ബേസുള്ള വാഹനത്തിന് 4.3 മീറ്ററാണ് നീളം. ബൂട്ട് സ്‌പേസ് 368 ലിറ്ററാണ്. ആര്‍ട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഇന്‍ഫിനിറ്റി ബ്ലൂ, നാപോളി ബ്ലാക്ക്, ഗാലക്സി ഗ്രേ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാവുക. ഏറ്റവും ഉയർന്ന ഇ.എൽ വേരിയന്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലും ഒരുക്കിയിട്ടുണ്ട്.
ഇ.വിക്ക് കരുത്ത് പകരുന്നത് 150 bhp കരുത്തും 310 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സില്‍-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ്. 8.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഉണ്ട്.
ഫീച്ചറുകൾ
മഹീന്ദ്രയുടെ അഡ്രിനോക്സ് സോഫ്റ്റ്‌വെയറുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ആറ് എയര്‍ബാഗുകള്‍ എന്നിവ വാഹനത്തിലുണ്ട്. നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, ബാറ്ററി പാക്കിനുള്ള IP67 റേറ്റിങ്, ഐസോഫിക്സ് ആങ്കറേജുകള്‍ എന്നിവ മറ്റ് സവിശേഷതകളാണ്.
ആദ്യ വര്‍ഷം തന്നെ വാഹനത്തിന്റെ 20,000 യൂനിറ്റുകള്‍ നിരത്തില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഹനത്തിന് സ്റ്റാന്‍ഡേര്‍ഡ് ആയി 3 വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയും ബാറ്ററിക്കും മോട്ടോറിനും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ അധിക വാറന്റിയും കമ്പനി നല്‍കും. 50kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. യഥാക്രമം 6 മണിക്കൂര്‍ 30 മിനിറ്റിലും 13 മണിക്കൂറിലും 7.2kW അല്ലെങ്കില്‍ 3.3kW എ.സി ചാര്‍ജര്‍ ഉപയോഗിച്ചും വാഹനം ചാര്‍ജ് ചെയ്യാം.
ഇ.സി, ഇ.എൽ എന്നീ രണ്ട് വേരിയന്റുകളില്‍ എക്സ്.യു.വി 400 ലഭിക്കും. 15.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇ.സി വേരിയന്റിന് 34.5 kWh ബാറ്ററി പാക്കും 375 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഇ.എൽ വേരിയന്റിന് 456 കിലോമീറ്റര്‍ റേഞ്ചാണുള്ളത്. 39.4 kWh ബാറ്ററി പായ്ക്ക് ഈ മോഡലിന് ലഭിക്കും. ഇ.സി വേരിയന്റിന്റെ 34.5 kWh ബാറ്ററി പാക്കുള്ള വാഹനത്തിനാണ് 15.99 ലക്ഷം രൂപ വില വരുന്നത്.7.2 കിലോവാട്ട് ചാര്‍ജറുള്ള അതേ വേരിയന്റിന് 16.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഇ.എൽ വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന വില, 18.99 ലക്ഷം. ഇതിൽ 7.2 kW ബാറ്ററി സ്റ്റാന്‍ഡേര്‍ഡാണ്. 18.34 ലക്ഷം മുതല്‍ 19.84 ലക്ഷം രൂപ വരെ (എക്സ്‌ഷോറൂം, ഇന്ത്യ) വിലയുള്ള ടാറ്റ നെക്സോണ്‍ ഇവി മാക്സുമായാണ് എക്സ്.യു.വി 400 വിപണിയിൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.