ഇന്ത്യയിലെ 7.5 ശതമാനം വീടുകളിൽ കാറുകൾ; ഏറ്റവും കുറവ് ബീഹാറിൽ, കേരളത്തിലെ കണക്കുകളും പുറത്ത്
text_fieldsഇന്ത്യയിലെ വാഹന സാന്ദ്രതയെപ്പറ്റിയുള്ള കണക്കുകൾ പുറത്ത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് രാജ്യത്തെ വാഹനങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ട്വിറ്ററിൽ പങ്കുവച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വളർച്ചയുള്ള വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ 7.5 ശതമാനം വീടുകളിൽ മാത്രമാണ് പാസഞ്ചർ കാറുകൾ ഉള്ളത്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്തുവന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉടമകളുള്ളത് ഗോവയിലാണെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇവിടെയുള്ള 45.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളുള്ള വീടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. 24.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്ന് സര്‍വേ പറയുന്നു. ജമ്മു-കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും 20 ശതമാനത്തില്‍ അധികം ആളുകള്‍ കാറുടമകളാണ്.
അഞ്ച് സംസ്ഥാനങ്ങളില്‍ 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ് കാറുടമകളുടെ എണ്ണം. മിസോറാമില്‍ 15.5 ശതമാനവും, ഹരിയാനയില്‍ 15.3 ശതമാനവും മേഘാലയ 12.9, ഉത്താരാഘണ്ഡ് 12.7 ശതമാനവും ഗുജറാത്തില്‍ 10.9 ശതമാവും വീടുകളിലാണ് കാറുള്ളതെന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ച് ശതമാനത്തിലും പത്ത് ശതമാനത്തിലും ഇടയിലാണ് കാറുടമകളുടെ എണ്ണം.
കാറുകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നാല് സംസ്ഥാനങ്ങളാണ്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2.8 ശതമാനം വീടുകളില്‍ മാത്രമാണ് കാറുകളുള്ളതെങ്കില്‍ ഒഡീഷയില്‍ ഇത 2.7 ശതമാനവും ബീഹാറില്‍ രണ്ട് ശതമാനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.