ബാബർ അസമിന് 'ഓഡി ശാപം'! അമിത വേഗത്തിൽ കാർ ഓടിച്ച പാക് ക്യാപ്റ്റനെ തൂക്കി പൊലീസ്
text_fieldsഅമിത വേഗതയിൽ കാർ ഓടിച്ചതിന് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന് പഞ്ചാബ് മോട്ടോർവേ പൊലീസ് പിഴ ചുമത്തിയതായി റിപ്പോർട്ട്. സെപ്തംബർ 17ന് തന്റെ ഓഡി കാറിൽ അമിത വേഗത്തിൽ പോയ ബാബറിനെ പാക് പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് ഓഡിയുടെ ഏത് മോഡലാണെന്ന് വ്യക്തമല്ല.ഒരു പൊലീസുകാരന്റെ സമീപം തന്റെ വെളുത്ത ഓഡി കാറുമായി ബാബർ നിൽക്കുന്നത് ദൃശ്യത്തിൽ കാണാം.
ചിത്രം വൈറലായതോടെ ട്രോളുകളുടെ പൂരമാണ് ബാബറിനെതിരെ ഉയരുന്നത്. 'എന്തിനാണ് ഈ പിഴ, ബാബറിന്‍റെ സ്ട്രൈക്ക് റേറ്റും കാറിന്‍റെ സ്പീഡും ഒരിക്കലും 85-90ന് മുകളിൽ പോവില്ല' എന്നാതാണ് ഇതിൽ രസകരമായ ഒരു കമന്‍റ്. ഇതാദ്യമായല്ല ബാബർ ട്രാഫിക് പൊലീസിന്‍റെ കൈയ്യിൽപ്പെടുന്നത്. കാറിന് കൃത്യമായ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ ട്രാഫിക് പൊലീസ് മെയ് മാസത്തിലും ഇദ്ദേഹത്തെ തടഞ്ഞിരുന്നു. അതേസമയം, ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി സെപ്തംബർ 29ന് ഹൈദരാബാദിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിൽ പാക് ടീമിനെ നയിക്കുന്നതും ബാബറാണ്. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പിന് ഇന്ത്യയിൽ തുടക്കമാവുന്നത്.
നേരത്തെ, ഏഷ്യ കപ്പ് മത്സരത്തിനിടെ തന്‍റെ പുത്തൻ ഓഡി ഇ-ട്രോണ്‍ ജി.ടി ഇലക്ട്രിക് സ്പോര്‍ട്സ് കാറുമായി പ്രത്യക്ഷപ്പെട്ടപ്പോഴും ബാബർ 'എയറിൽ' ആയിരുന്നു. പാകിസ്താനില്‍ ഏകദേശം എട്ട് കോടി രൂപ വിലമതിക്കുന്ന കാര്‍ ബാബറിന് നൽകിയത് സഹോദരന്‍ ഫൈസല്‍ അസം ആയിരുന്നു. കുടുംബത്തിനും ക്രിക്കറ്റിനും ബാബര്‍ നല്‍കിയ സംഭാവനകള്‍ക്ക് സമ്മാനമെന്ന നിലയിലാണ് കാര്‍ സമ്മാനിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.ബാബര്‍ കാര്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫസല്‍ യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു. ബാബറിന്റെ വിഡിയോ എക്‌സിലും (ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ടു.
ഇതിന് പിന്നാലെയാണ് ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകരെത്തിയത്. ഔഡി ഇ-ട്രോണിന് ഇന്ത്യയില്‍ രണ്ട് കോടി രൂപ മാത്രമേ വിലയുള്ളൂവെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ബാബര്‍ ഓടിക്കുന്ന വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് ചിലര്‍ അസമിനെ ട്രോളുന്നത്. 2015 മുതല്‍ ഓഡിയുടെ ബ്രാന്‍ഡ് അംബാസഡറായ കോഹ്‌ലി ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിങ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളുടെയും ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.