നാട്രാക്സിൽ വേഗ റെക്കോർഡുകൾ തകർത്ത് ‘മഹീന്ദ്ര’യുടെ ഹൈപ്പർ കാർ ; പിനിൻഫരീന ബാറ്റിസ്റ്റ എന്ന അദ്ഭുതം
text_fieldsഇന്ത്യയുടെ സ്വന്തം സ്പീഡ് ട്രാക്കായ നാട്രാക്സിൽ പുതിയ വേഗ റെക്കോർഡുകൾ സ്ഥാപിച്ച് ബാറ്റിസ്റ്റ ഹൈപ്പർ കാർ. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഡിസൈനർ കമ്പനിയായ പിനിൻഫരീനയാണ് ബാറ്റിസ്റ്റ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ എന്ന വിശേഷണം നേരത്തേതന്നെ ബാറ്റിസ്റ്റ സ്വന്തമാക്കിയിരുന്നു.
ഓൾ-ഇലക്‌ട്രിക് വാഹനമായ ബാറ്റിസ്റ്റ, നാട്രാക്സിൽ 8.55 സെക്കൻഡിൽ ക്വാട്ടർ മൈൽ സ്‌പ്രിന്റും 13.38 സെക്കൻഡിൽ ഹാഫ് മൈൽ സ്പ്രിന്റും പൂർത്തിയാക്കി. മിഷെലിൻ പൈലറ്റ് സ്‌പോർട്ട് കപ്പ് 2 ടയറുകൾ ഫിറ്റ് ചെയ്യ്താണ് ബാറ്റിസ്റ്റയുടെ ടോപ് സ്പീഡ് ടെസ്റ്റ് നടത്തിയത്. ഈ പരീക്ഷണത്തിൽ കാർ, ട്രാക്കിൽ മണിക്കൂറിൽ 358.03 കിലോമീറ്റർ വേഗത കൈവരിച്ചു. ഇന്ത്യയിലെ മുൻകാല ടോപ് സ്പീഡ് റെക്കോർഡ് മണിക്കൂറിൽ 332 കിലോമീറ്ററാണ്.
എഫ്.ഐ.എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്ത്യൻ കായിക സംഘടനയായ ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്സ് ഓഫ് ഇന്ത്യ (FMSCI) റെക്കോർഡ് ഓട്ടത്തിന് മേൽനോട്ടംവഹിച്ചു. 120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയില്‍ നല്‍കിയിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 1900 പി.എസ്. കരുത്തും 2300 എന്‍.എം ടോര്‍ക്കുമേകും. രണ്ട് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. 12 സെക്കന്റില്‍ 300 കിലോമീറ്റര്‍ വേഗത നേടും.
പിനിന്‍ഫരീന ഇലക്ട്രിക് ഹൈപ്പര്‍ കാറായ ബാറ്റിസ്റ്റ 2019-ലാണ് പ്രഖ്യാപിക്കുന്നത്. ബാറ്റിസ്റ്റയെ ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഓട്ടോമൊബിലി പിനിൻഫറിന സിഇഒ പൗലോ ഡെല്ലച്ച പറഞ്ഞു. സൂപ്പര്‍കാറുകളുടെ തനതായ ഡിസൈന്‍ ശൈലികള്‍ പിന്തുടര്‍ന്നാണ് ബാറ്റിസ്റ്റയും ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് സ്പ്ലിറ്റര്‍, സൈഡ് ബ്ലേഡുകള്‍, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് സൂപ്പര്‍ കാര്‍ ഭാവം പകരുന്നത്.
പ്രീമിയം ലെതറില്‍ ഐകോണിക്ക ബ്ലു കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള സീറ്റാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. കറുപ്പാണ് ഇന്റീരിയറിന്റെ ഭാവം. മികച്ച റേഞ്ചാണ് ബാറ്റിസ്റ്റക്ക്. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 476 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇലക്ട്രിക് വാഹനങ്ങളില്‍ എതിരാളികള്‍ ഇല്ലാത്ത ഈ മോഡലിന് എതിരാളികളായി വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനിയുടെ മോഡലുകള്‍ എന്നിവയായിരിക്കും. ബാസ്റ്റിസ്റ്റയുടെ 150 യൂനിറ്റ് മാത്രമായിരിക്കും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ യൂനിറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.