പുതിയ ഓട്ടോമാറ്റിക് വേരിയൻറുമായി പോളോ; വിലയിൽ ഒരു ലക്ഷം രൂപ കുറവ്
text_fieldsപ്രീമിയം ഹാച്ച്ബാക്ക് എന്നാൽ ഇന്ത്യക്കാരുടെ മനസ്സിലെത്തുന്ന ആദ്യ വാഹനങ്ങളിലൊന്ന് ഫോക്‌സ്‌വാഗൺ പോളോയായിരിക്കും. ഫീച്ചറുകൾ കുറവാണ്, വില അധികമാണ് എന്നൊക്കെ എതിരാളികൾ ദോഷം പറയുമെങ്കിലും വാഹനപ്രേമികളുടെ മനസ്സിൽനിന്ന് പോളോയെ പറിച്ചുനടാനാവില്ല.
വില കൂടുതലാണ് എന്ന് പറയുന്നവർക്ക് മുന്നിൽ പുതിയ ഓട്ടോമാറ്റിക് വേരിയൻറ് പുറത്തിറക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. കംഫർട്ട്‌ലൈൻ വേരിയൻറിലാണ് ഇപ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇടംപിടിച്ചിട്ടുള്ളത്. പുതിയ ട്രിം-ലൈനിൻെറ എക്സ് ഷോറൂം വില ഏകദേശം 8.51 ലക്ഷം രൂപയാണ്.
നേരത്തെ ഹൈലൈൻ വേരിയൻറിൽ മാത്രമേ ഓട്ടോമാറ്റിക് ലഭ്യമായിരുന്നുള്ളൂ. ഇതിന് എക്സ് ഷോറൂം വില 9.45 ലക്ഷം രൂപയാണ്. അതായത് പുതിയ വേരിയൻറിന് ഒരു ലക്ഷം രൂപക്കടുത്ത് കുറവാണ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ യൂനിറ്റാണ് പുതിയ വേരിയൻറിലുമുള്ളത്. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനവും 17.7 സെൻറിമീറ്റർ ബ്ലൗപങ്ക് മ്യൂസിക് സിറ്റവും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.
'പോളോ കുടുംബത്തിൽ പുതിയ ട്രിംലൈൻ അവതരിപ്പിച്ചതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി കംഫർട്ട്‌ലൈൻ ടി.എസ്.ഐ എ.ടി എന്ന വേരിയൻറ് കൂടി തെരഞ്ഞെടുക്കാം. ഈ വിഭാഗത്തിലെ ശക്തനായ മത്സരാർത്ഥിയായി പോളോ തുടരും.
ഈ പ്രഖ്യാപനത്തിലൂടെ ഞങ്ങളുടെ മുൻനിര മോഡലിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കളുമായി തുടർച്ചയായി സംവദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ ഫൺ-ടു-ഡ്രൈവ് അനുഭവത്തോടൊപ്പം സുരക്ഷിതവും സൂക്ഷ്മവുമായ ജർമൻ എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യും' -ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
പുതിയ വേരിയൻറിൽ എൻജിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 1 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഇതിലുള്ളത്. പരമാവധി 109 ബി.എച്ച്.പിയും 175 എൻ.എം ടോർക്കുമാണ് ഈ എൻജിൻ നൽകുക. ഫ്ലാഷ് റെഡ്, സൺസെറ്റ് റെഡ്, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിൽ പുതിയ വേരിയൻറ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.