പുതിയ എസ്.യു.വി പുറത്തിറക്കുംമുമ്പ് ബുക്കിങ് ആരംഭിച്ചു; ഹോണ്ടയുടെ കളികൾ ഇന്ത്യക്കാർ കാണാനിരിക്കുന്നതേയുള്ളൂ
text_fieldsകുറച്ചുനാളായി വിപണിയിൽ കിതക്കുകയാണ് ഹോണ്ട ഇന്ത്യ. മോഡലുകളുടെ വൈവിധ്യമില്ലായ്മ മുതൽ വിൽപ്പന വരൾച്ചവരെ ഹോണ്ട ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളാണ്. ഹോണ്ട ഇന്ത്യയിൽ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം എസ്.യു.വി ക്ഷാമമാണ്. ഇന്ത്യക്കാരുടെ എസ്.യു.വി ഭ്രമത്തെ തൃപ്തിപ്പെടുത്താൻ പോന്ന ഒറ്റ മോഡൽ പോലും ഹോണ്ടയുടെ വാഹനനിരയിലില്ല. സിറ്റി അമേസ് പോലുള്ള മികച്ച സെഡാനുകൾ ഉള്ളപ്പോഴും ക്രെറ്റ, സെൽറ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ എസ്.യു.വികളോട് കിടപിടിക്കുന്ന വാഹനങ്ങൾ ഹോണ്ടക്കില്ല. ഈ പ്രശ്നം പരിഹരിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനഭീമൻ.
ഇന്ത്യക്കായി പുതിയൊരു വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾ വാഴുന്ന മിഡ് സൈസ് എസ്‍യുവി വിപണിയാണ് ഹോണ്ടയുടെ ലക്ഷ്യം. വളരെ കരുതലോടെയാണ് ഹോണ്ട കരുക്കൾ നീക്കുന്നത്. എന്തായാലും കാത്തിരിപ്പ് അധികം നീളില്ലെന്നാണ് വിവരം. വരുന്ന ജൂണില്‍ ഹോണ്ടയുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തും.
പുതിയ എസ്‌യുവിക്കായുള്ള ബുക്കിങ് ഹോണ്ട ഡീലർഷിപ്പുകൾ ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. നേരത്തേ വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. നിലവിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം ജാപ്പനീസ് ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. പുതിയ ഹോണ്ട എസ്‌യുവിയെ "ദി എലിവേറ്റ്" എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ ഒരുക്കുക. ഇത് കമ്പനിയുടെ രാജസ്ഥാനിലെ തപുകര ആസ്ഥാനമായുള്ള പ്ലാന്റിൽ നിർമ്മിക്കും. 2023 ഏപ്രിൽ മുതൽ ഉത്പാദന ശേഷി പ്രതിദിനം 540 യൂനിറ്റിൽ നിന്ന് 660 യൂനിറ്റായി ഉയർത്താനാണ് ഇപ്പോൾ കമ്പനി ലക്ഷ്യമിടുന്നത്.
CR-V, HR-V എന്നിവയ്ക്ക് സമാനമായ സ്റ്റൈലിംഗോടെയാവും പുതിയ മോഡൽ എത്തുക. ഹോണ്ടയുടെ സിഗ്നേച്ചർ ലോഗോയുള്ള മൾട്ടി-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഡിആർഎൽസുള്ള ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, കൂപ്പെ പോലെയുള്ള ടാപ്പറിങ് റൂഫ്, ചങ്കി ക്ലാഡിംഗോടുകൂടിയ ഫ്ലേർഡ് വീൽ ആർച്ചുകൾ എന്നിവ പ്രത്യേകതകളാണ്. ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുത്തൻ സിറ്റിയിലുള്ള എല്ലാ ആധുനിക ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിയും ഉണ്ടായിരിക്കും.
എഞ്ചിൻ ഓപ്ഷനും സിറ്റിക്ക് സമാനമായിരിക്കും. അതായത് 1.5 ലിറ്റർ iVTEC പെട്രോളും ഹൈബ്രിഡ് ടെക്കുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനുമായിരിക്കും ഹോണ്ടയുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന് തുടിപ്പേകുക. ഡീസൽ എഞ്ചിൻ പടിയിറങ്ങിയതോടെ ഹോണ്ടയും പെട്രോൾ എഞ്ചിൻ മാത്രം നൽകുന്ന ബ്രാൻഡായി മാറിയിട്ടുണ്ട്. ഹോണ്ടയുടെ എതിരാളിയായ ക്രെറ്റക്ക് 12 ലക്ഷത്തിനും 19 ലക്ഷത്തിനും ഇടയിലാണ് വില വരുന്നത്. ഇതിനോട് അടുത്ത് വിലയായിരിക്കും പുത്തൻ മിഡ്-സൈസ് മോഡലിനും കമ്പനി നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.