‘കാലി പീലി’ പറയുന്നു, ബൈ ബൈ മുംബൈ…
text_fieldsആറ് പതിറ്റാണ്ടോളം മുംബൈയുടെ മോഹങ്ങൾക്കൊപ്പം ഓടിക്കൊണ്ടിരുന്ന ‘പ്രീമിയർ പദ്മിനി’ എന്ന ‘കാലി പീലി ടാക്സി’കളിൽ അവസാനത്തേതും നിരത്തൊഴിഞ്ഞു. എന്നും റോഡിലെ അഴകിന്റെ റാണിയായിരുന്നു ആ കുഞ്ഞൻ കാർ. കുട്ടികളും യുവതയും വയോധികരുമെല്ലാം ഒരുപോലെ അതിന്റെ ആരാധകരായിരുന്നു. പുത്തന്‍ പദ്മിനിക്കായി വർഷങ്ങൾ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വരുമായിരുന്നെന്ന്പ റയുമ്പോള്‍ വിശ്വസിക്കാന്‍ ഇനിയൊരു തലമുറ തയാറായെന്ന് വരില്ല. എന്നാൽ, അത് ഓടിത്തീർത്ത വഴികൾ നമ്മോട് ചരിത്രം വിളിച്ചുപറയും…
രാജ്യത്തെ ഓരോ മനുഷ്യന്റെയും സ്വപ്നങ്ങളിൽ ബോംബെ എന്ന മഹാനഗരം ഇടംപിടിച്ച കാലം. പലരും പലവിധ മോഹങ്ങളുമായി ആ നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്നപ്പോൾ അവരുടെ ഓട്ടത്തിന് വേഗത പകർന്ന ഒരു സാന്നിധ്യമുണ്ടായിരുന്നു, തലയിൽ മഞ്ഞയും ഉടലിൽ കറുപ്പും ചായമടിച്ച് പ്രൗഢിയോടെ കുതിച്ചുപാഞ്ഞ ‘പ്രീമിയർ പദ്മിനി’ എന്ന കുഞ്ഞൻ കാർ. ഇരുനിറത്തിലുള്ള ആ വാഹനത്തിന് നാട്ടുകാർ ഒരു ഓമനപ്പേരുമിട്ടു, ‘കാലി പീലി ടാക്സി’.
ആറ് പതിറ്റാണ്ടോളം മുംബൈയുടെ എല്ലാമായിരുന്നു ആ വാഹനം. ഗൾഫ്നാടുകളുടെ മോഹവിളികളിലേക്ക് പുറപ്പെടുന്ന ഓരോ മലയാളിയുടെയും ഇടത്താവളമായി ബോംബെ മാറിയപ്പോഴും ആ നഗരത്തിന്റെ ‘ഐകൺ’ വഴികാട്ടിയായി. ബോളിവുഡിൽ വരെ അത് തലയെടുപ്പോടെ കയറിയിറങ്ങി.
അഴകിന്റെ റാണിയുടെ പേര്
1964ൽ ഫിയറ്റ് 1100 ഡിലൈറ്റ് എന്ന മോഡലിലാണ് പദ്മിനിയുടെ തുടക്കം. ഹിന്ദുസ്ഥാൻ അംബാസഡർ, അമേരിക്കൻ ലാൻഡ്മാസ്റ്റർ, ഡോഡ്ജ് തുടങ്ങിയ വലിയ ടാക്സികൾക്കിടയിലേക്കായിരുന്നു ഇറ്റാലിയൻ ചെറുടാക്സിയുടെ വരവ്. നഗരത്തിന്റെ തിരക്കുകളിലൂടെ ഇത് കയറിപ്പോകുന്നത് വലിയവർ അസൂയയോടെ നോക്കിനിന്നു.
1970ൽ പേര് പ്രീമിയർ പ്രസിഡന്റായി. 1975ലാണ് ‘പദ്മിനി’യിലേക്കുള്ള മാറ്റം. ഈ പേര് വന്നതിന് പിന്നിലൊരു അഴകിന്റെ കഥയുണ്ട്. അതിസൗന്ദര്യം കൊണ്ട് അറിയപ്പെടുകയും സ്വന്തമാക്കാൻ ഭരണാധികാരികൾ തമ്മിൽ പോരടിക്കുകയും ചെയ്ത മേവാറിലെ രാജ്ഞിയായിരുന്ന പത്മാവതി എന്ന പദ്മിനിയുടെ പേരാണ് നിർമാതാക്കൾ അതിന് കണ്ടുവെച്ചത്. കുട്ടികളും യുവതയും വയോധികരുമെല്ലാം ഒരുപോലെ അതിന്റെ ആരാധകരായി. ഡൽഹിയും കൽക്കത്തയും അംബാസഡർ പിടിച്ചടക്കിയപ്പോൾ ബോംബെക്ക് പ്രിയം ‘പദ്മിനി’യോടായിരുന്നു. രണ്ടു ദശാബ്ദത്തോളം ഈ വാഹനങ്ങളിലായിരുന്നു ഇന്ത്യന്‍ കാര്‍ പ്രേമികളുടെ നോട്ടം. വിശ്വസിക്കാവുന്ന എൻജിനും കുറഞ്ഞ അറ്റകുറ്റപ്പണികളും വലുപ്പക്കുറവും സുഖകരമായ യാത്രയുമെല്ലാമായിരുന്നു പദ്മിനിയെ ജനപ്രിയമാക്കിയ ഘടകങ്ങൾ.
1990കളിൽ മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 55000ത്തിലധികം ടാക്സി വാഹനങ്ങൾ ഉണ്ടായിരുന്നതിൽ ഭൂരിഭാഗവും പ്രീമിയർ പദ്മിനികളായിരുന്നു. 2001ൽ ഉൽപാദനം നിർത്തിയ വാഹനം എന്നും റോഡിലെ അഴകിന്റെ റാണിയായി തുടർന്നു.
മുംബൈയുടെ ഐകൺ
1940കളിലും ’50കളിലും രണ്ടുതരം ടാക്സികളാണ് രാജ്യത്തുണ്ടായിരുന്നത് -ബഡാ ടാക്സികളും (വലിയ ടാക്സികൾ), ബേബി ടാക്സികളും (കുഞ്ഞൻ ടാക്സികൾ). ഡോഡ്ജ്, ൈപ്ലമൗത്ത്സ്, ഷെവർലെ, ആറും എട്ടും സീറ്റുകളുള്ള അമേരിക്കൻ കാറുകൾ എന്നിവയായിരുന്നു ശരീര വലുപ്പം കാണിച്ച് അക്കാലത്ത് യാത്രക്കാരെ വരുതിയിലാക്കിയവർ. എന്നാൽ, ഹിൽമാൻ മിൻക്സ്, ഫോർഡ് പ്രിഫെക്ട്, ഓസ്റ്റിൻ എ 40, മോറിസ് മൈനർ എന്നിവ വലുപ്പക്കുറവ് അവസരമാക്കി. 1948ൽ വലിയ ടാക്സികൾക്ക് 10 അണയും ചെറിയവക്ക് ആറണയും ആയിരുന്നു നിരക്കെന്ന് ചരിത്രകാരൻ ദീപക് റാവു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
1964ൽ ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റിന്റെ ലൈസൻസിൽ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (പി.എ.എൽ) ഒരു പുതിയ അവതാരത്തെ ഇറക്കി. ഫിയറ്റ് 1100 എന്ന പേരിലുള്ള കാർ നാല് സിലിണ്ടർ എൻജിനിൽ വിശ്വാസ്യതയിലും കഴിവിലും പേരെടുത്തു. ലണ്ടൻ നഗരത്തിലെ കറുത്ത കാറുകൾ പോലെ ന്യൂയോർക്കിലെ തിളങ്ങുന്ന ഓറഞ്ച് ചെക്കർ കാബുകൾ പോലെ മുംബൈയുടെ ഐകൺ കാറായി മഞ്ഞയും കറുപ്പും നിറത്തിലുള്ള ഈ വാഹനം മാറി. 1965ൽ ഡിലൈറ്റ് എന്ന പേരിലേക്കുള്ള മാറ്റത്തിനൊപ്പം കാഴ്ചയിലും ചെറിയ മാറ്റങ്ങളുണ്ടായി. 1972ൽ ഫിയറ്റുമായുള്ള പ്രീമിയർ ഓട്ടോമൊബൈൽസിന്റെ ലൈസൻസ് അവസാനിച്ചതോടെയാണ് പ്രീമിയർ പ്രസിഡന്റായത്. 1975ൽ ചെറിയ മുഖം മിനുക്കലോടെ ബോംബെയിലെ കുര്‍ള പ്ലാന്റില്‍നിന്ന് പുറത്തിറങ്ങിയപ്പോൾ പേര് ‘പ്രീമിയർ പദ്മിനി’യായി. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരുന്നു പദ്മിനി എത്തിയിരുന്നത്. 1089 സി.സിയില്‍ 47 ബി.എച്ച്.പി കരുത്തും 71 എൻ.എം ടോര്‍ക്കുമാണ് ഉൽപാദിപ്പിച്ചിരുന്നത്.
തരംഗമായ മഞ്ഞയും കറുപ്പും
സ്വാതന്ത്ര്യസമര സേനാനി വി.ബി. ഗാന്ധിയുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുകളിൽ മഞ്ഞയും താഴെ കറുപ്പും നിറം നൽകാൻ നിർദേശിച്ചതെന്ന് നഗരങ്ങളെ ക്കുറിച്ച് പഠനം നടത്തുന്നയാളും ഖാകി (KHAKI) ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകനുമായ ഭരത് ഗൊതോസ്കർ പറയുന്നു. ദൂരെനിന്ന് കാണാനാണ് മുകളിൽ മഞ്ഞ നിറമെങ്കിൽ താഴ്ഭാഗത്തെ പാടുകൾ മറക്കാനാണ് കറുപ്പ് നിറം നിർദേശിച്ചത്. 1970കളിലും ’80കളിലും യുവതക്കിടയിലും സെലിബ്രിറ്റികൾക്കിടയിലുമെല്ലാം തരംഗമായി മാറി ഈ കാർ. അക്കാലത്തെ പെൺകുട്ടികൾക്ക് സാധാരണ നൽകിയിരുന്ന പേരുകളിൽ ഒന്നുകൂടിയായിരുന്നു പദ്മിനി. അംബാസഡറിനെ അപേക്ഷിച്ച് ആധുനിക രൂപവും ഇന്ധനക്ഷമതയും ഓടിക്കാനുള്ള എളുപ്പവും ആയിരുന്നു കൂടുതൽ പേരെ ഇതിലേക്കടുപ്പിച്ചത്. ഹിന്ദുസ്ഥാൻ അംബാസഡറും സ്റ്റാൻഡേർഡ് ഹെറാൾഡുമായിരുന്നു വിപണിയിലെ എതിരാളികൾ. എന്നാൽ, ചെറുകാറുകളിൽ കാര്യമായ എതിരാളികളില്ലാത്തതിനാൽ ദീർഘകാലം ഭീഷണികളില്ലാതെ കഴിഞ്ഞുകൂടി.
സിനിമകളിലെ സ്ഥിര സാന്നിധ്യം
1976ൽ എ.സി ഘടിപ്പിച്ച് ഇറക്കിയതോടെയാണ് സിനിമക്കാർ പദ്മിനിയുടെ ആരാധകരായത്. ജീവിതത്തിൽ വഴികാട്ടിയായ കാർ സിനിമകളിലും ഇടമുറപ്പിച്ചു. ഒരുകാലത്ത് ഹിന്ദി സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്ന ‘പ്രീമിയർ പദ്മിനി’യുടെ പേരിൽ 2019ൽ രമേശ് ഇന്ദിരയുടെ സംവിധാനത്തിൽ കന്നഡ സിനിമ വരെ ഇറങ്ങി. അതിനുമുമ്പെ ടാക്സി ഡ്രൈവർ, ടാക്സി ടാക്സി പോലുള്ള സിനിമകളിൽ പ്രധാന വേഷങ്ങളിലുമെത്തിയിരുന്നു. മലയാളത്തിന്റെ പ്രണയനായകൻ പ്രേംനസീറിനൊപ്പം ഏറ്റവുമധികം സിനിമകളില്‍ കൂടെയുണ്ടായിരുന്ന വാഹനവും ‘പദ്മിനി’യായിരുന്നു.
മരണമണി മുഴങ്ങുന്നു
അര നൂറ്റാണ്ടിലേറെക്കാലം മുംബൈക്കൊപ്പം സഞ്ചരിച്ച പ്രീമിയർ പദ്മിനി ടാക്സികളിൽ അവസാനത്തേതും. ഒക്ടോബർ 29ന് നിരത്തൊഴിഞ്ഞു. അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള സർക്കാർ നടപടിയാണ് ‘കാലി പീലി’ക്ക് മരണമണി മുഴക്കിയത്.
പുത്തൻ രൂപകൽപനയിലും ആധുനിക സൗകര്യങ്ങളിലും പുതിയ ടാക്സികൾ എത്തുകയും മാരുതി 800 അവതരിച്ച് ഓരോരുത്തരും കാർ ഉടമകളായിത്തുടങ്ങുകയും ചെയ്തതോടെ തന്നെ ‘പദ്മിനി’ കിതപ്പ് തുടങ്ങിയിരുന്നു. അംബാസഡറിനെ പോലെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്ക് മുതിരാതിരുന്ന പ്രീമിയര്‍ പദ്മിനിയുടെ മുഖം മിനുക്കണമെന്ന് നിർമാതാക്കൾക്ക് തോന്നിത്തുടങ്ങിയതുതന്നെ മാരുതി 800ന്റെ വരവോടെയായിരുന്നു. 1989 മുതല്‍ മലിനീകരണം കുറക്കാനും കരുത്തുകൂട്ടാനും ശ്രമങ്ങളുണ്ടായി. ടാക്സികളെ ലക്ഷ്യം വെച്ച് ഡീസല്‍ മോഡലും അവതരിപ്പിച്ചു. എന്നാല്‍, കറുത്ത പുക ചീറ്റിയോടുന്ന ഡീസല്‍ പദ്മിനിക്കെതിരെ പരിസ്ഥിതി പ്രേമികൾ കോടതിയിലെത്തി.
1991ല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഉദാരവത്കരണം നടപ്പാക്കിയതിന് പിന്നാലെ വിദേശ കമ്പനികള്‍ ഇന്ത്യയിൽ വാഹനം ഇറക്കിയതോടെ പദ്മിനിയുടെ പ്രതാപത്തിന് കൂടുതൽ മങ്ങലേറ്റു. 1996ല്‍ കാലത്തിനിണങ്ങുന്ന മാറ്റങ്ങളുമായി പദ്മിനി എസ് വണ്‍ എന്ന പേരില്‍ വീണ്ടും എത്തിയെങ്കിലും ഏറെക്കാലം നീണ്ടുനിന്നില്ല. 2000ത്തില്‍ നിലവില്‍ വന്ന ബി.എസ് 2 മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാനാവാതെ വന്നതോടെ പ്രീമിയര്‍ പദ്മിനി അവസാനത്തോടടുത്തു. 2001ൽ ഉൽപാദനം നിർത്തുമ്പോൾ 100-125 പദ്മിനി വാഹനങ്ങൾ വേണ്ടത്ര സ്പെയർ പാർട്സും മറ്റും ഇല്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാതെ കിടപ്പുണ്ടായിരുന്നു. 2003ഓടെ കാർ ഡീലർമാർ രജിസ്ട്രേഷൻ നടപടികൾ ശരിയാക്കിയെടുത്തു. ഇതിൽ അവസാനം രജിസ്റ്റർ ചെയ്തതാണ് ഒക്ടോബർ 29ന് എന്നന്നേക്കുമായി ബ്രേക്കിട്ടത്.
2008ൽ വാഹനങ്ങൾക്ക് 25 വർഷം പ്രായപരിധി നിശ്ചയിച്ച സർക്കാർ 2013ൽ അത് 20 വർഷമാക്കിയപ്പോൾ അന്ത്യം പ്രവചിക്കപ്പെട്ടു. ഓൺലൈൻ കാബുകളുടെ വരവോടെ കിതപ്പിന്റെ ആക്കം കൂടി. ഇതിനിടെ 2019 അവസാനത്തോടെ മുംബൈ ആസ്ഥാനമായുള്ള കമ്പനി പുണെയിലെ 26.5 ഏക്കർ സ്ഥലം 217.5 കോടി രൂപക്ക് ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് കൈമാറുകയും ചെയ്തു.
‘ആ നല്ല കാലത്തിന് നന്ദി’
പ്രീമിയർ പദ്മിനിയുടെ അവസാന വാഹനവും നിരത്തൊഴിയുമ്പോൾ പ്രമുഖ വാഹന നിർമാണ കമ്പനി ഉടമയായ ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പിട്ടു. ആ വാഹനത്തോട് ജനങ്ങൾക്കുണ്ടായിരുന്ന ഹൃദയബന്ധം കാണിക്കുന്നതായിരുന്നു അത്. ‘പ്രീമിയർ പദ്മിനി ടാക്സി മുംബൈയിലെ റോഡുകളിൽനിന്ന് അപ്രത്യക്ഷമാകുകയാണ്. അവ കുഴപ്പക്കാരും ശബ്ദമുണ്ടാക്കുന്നവരുമായിരുന്നു. അധികം ലഗേജ് കപ്പാസിറ്റിയും ഉണ്ടായിരുന്നില്ല. എന്നാൽ, ആളുകൾക്ക് അവ ടൺകണക്കിന് ഓർമകൾ സമ്മാനിക്കുന്നു. ഞങ്ങളെ പോയന്റ് എയിൽ നിന്ന് ബിയിലേക്ക് എത്തിക്കുക എന്ന ജോലി അവ കൃത്യമായി ചെയ്തു. ആ നല്ല കാലത്തിന് നന്ദി’.
വിരാമമാകുന്നത് ഐതിഹാസിക യാത്രക്ക്
2003 ഒക്ടോബർ 29ന് മുബൈ ടാർഡിയോ ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്ത അവസാന പ്രീമിയർ പദ്മിനി കാബും 20 വർഷം പൂർത്തിയാക്കിയതോടെ ഒരു ഐതിഹാസിക യാത്രക്ക് കൂടിയാണ് വിരാമമായത്. അബ്ദുൽ കരീം കർസേകർ എന്നയാളായിരുന്നു അവസാന കാലി പീലിയുടെ ഡ്രൈവർ. ‘ഞാൻ എന്റെ ഭാര്യയെ സ്നേഹിച്ച പോലെ ഈ വാഹനത്തെയും സ്നേഹിച്ചിട്ടുണ്ട്. ഇതിനി ഓടിക്കാൻ കഴിയില്ലെന്ന് ഓർക്കുമ്പോൾ ദുഃഖമുണ്ട്. ചരിത്രത്തിൽ ഇടംപിടിച്ച വാഹനമാണ് എന്റേത്. പ്രീമിയർ പദ്മിനിയുടെ അവസാനത്തെ കാലി പീലി ടാക്സി ആയതിനാൽ, ഈ വാഹനം പുരാവസ്തുവായി സംരക്ഷിക്കണമെന്നാണ് ആവശ്യം. അതിന് ആർ.ടി.ഒ അധികൃതരുടെയും യൂനിയൻ നേതാക്കളുടെയും സഹായം തേടിയിട്ടുണ്ട്. പ്രീമിയർ പദ്മിനി വാഹനത്തിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ചിലർ എന്നെ തേടി വരുമായിരുന്നു. അഭിനേതാക്കളായ കത്രീന കൈഫ്, മനോജ് ബാജ്പേയ് തുടങ്ങി ഒട്ടേറെ പ്രമുഖർ എന്റെ പ്രീമിയർ പദ്മിനി കാറിൽ യാത്ര ചെയ്തിട്ടുണ്ട്. ഇർഫാൻ ഖാന്റെ മകൻ മുംബൈ ദർശൻ യാത്ര നടത്തിയിട്ടുണ്ട്. ആലിയ ഭട്ട് അഭിനയിച്ച ഒരു പരസ്യം ഈ കാറിലാണ് ചിത്രീകരിച്ചത്’, അദ്ദേഹം അഭിമാനത്തോടെ ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.