പൃഥ്വിരാജിന്റെ വീട്ടിലും ഇനി 'ഉറുസ്'
text_fieldsനടൻ പൃഥ്വിരാജ് സുകുമാരന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു സൂപ്പർതാരം കൂടിയെത്തി. 2018ൽ വാങ്ങിയ ലംബോർഗിനിയുടെ ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന് ലംബോർഗിനിയുടെ തന്നെ എസ്.യു.വി ഉറുസ് സെക്കൻഡ് ഹാൻഡ് വാഹനം സ്വന്തമാക്കിയത്. 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. എത്ര വില നൽകിയാണ് നടൻ വാഹനം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. കേരളത്തിൽ ഉറുസ് ബുക്ക് ചെയ്താൽ ലഭിക്കാൻ ഒരുവർഷം വരെ കാത്തിരിക്കണമെന്നതിനാലാണ് സെക്കൻഡ് ഹാൻഡ് തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ആദ്യ എസ്.യു.വിയാണ് ഉറുസ്. സൂപ്പർ എസ്.യു.വി എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനം ഏറ്റവും വേഗമുള്ള എസ്.യു.വികളിലൊന്നാണ്. 2018 ജനുവരിയിലാണ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബറോടെ ഇന്ത്യയിലും എത്തി. ഇതുവരെ 20,000 യൂനിറ്റുകളാണ് ലംബോർഗിനി നിർമിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവുമധികം വിൽപനയുള്ള വാഹനം കൂടിയാണിത്.
305 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ് മോഡുകളും ഉറുസിനുണ്ട്. 478 കിലോവാട്ട് കരുത്തുള്ള നാല് ലിറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ 3.6 സെക്കൻഡ് മാത്രം മതി. 12.8 സെക്കൻഡിനുള്ളിൽ 200 കിലോമീറ്റർ വേഗതയിലെത്താനാകും.
മലയാള നടന്മാരിൽ കാറുകളോട് ഏറെ പ്രിയമുള്ളയാളാണ് പൃഥ്വിരാജ്. ബി.എം.ഡബ്ല്യു സി4, പോർഷെ 911 കാബ്രിയോ, പോർഷെ കയാൻ, ഔഡി ക്യു7, ലാൻഡ് റോവർ ഡിഫെൻഡർ, മിനി കൂപ്പർ ജെ.സി.ഡബ്ലു തുടങ്ങിയ വമ്പൻ കാറുകളെല്ലാം താരത്തിന് സ്വന്തമായുണ്ട്. ഈ നിരയിലേക്കാണ് ഉറുസിന്റെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.