പിടികൊടുക്കാതെ പഞ്ചിന്റെ കുതിപ്പ്; ഇഞ്ചോടിഞ്ച് പോരിൽ മുന്നേറി എസ്.യു.വികൾ
text_fieldsഇന്ത്യൻ റോഡുകളിൽ എതിരാളികൾക്ക് ടാറ്റ കൊടുത്ത് കുതിച്ച് പായുകയാണ് പഞ്ച്. ഇഞ്ചോടിച്ച് പോരാട്ടത്തിൽ പലരും പിന്നാലെയുണ്ടെങ്കിലും ആ കുതിപ്പിന് ഇതുവരെ ബ്രേക്കിടാനായിട്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിൽപനയിൽ ഒന്നാമതെത്തിയ ടാറ്റയുടെ മൈക്രോ എസ്.യു.വിയായ പഞ്ചിനെ വെല്ലുവിളിച്ച് ജൂണിൽ മാരുതി സുസുകിയുടെ സ്വിഫ്റ്റും ഹ്യുണ്ടേയിയുടെ ക്രെറ്റയുമെല്ലാം ഗിയർ മാറ്റിപ്പിടിച്ചിട്ടും അരികിലെത്തിയതല്ലാതെ തൊടാനായിട്ടില്ല. 18,238 പേർ ജൂണിൽ പഞ്ചിലിരുന്ന് റോഡിലേക്കിറങ്ങിയപ്പോൾ മേനി മിനുക്കിയെത്തിയ പുതിയ സ്വിഫ്റ്റിനും (16,422), ഹ്യുണ്ടേയ് ക്രെറ്റക്കും (16,293) രണ്ടും മൂന്നും സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അതേസമയം, ചെറുകാറുകളുടെ വെല്ലുവിളി അതിജീവിച്ച് എസ്.യു.വികൾ മുന്നേറ്റം തുടരുകയാണ്. കാർ വിൽപനയുടെ 50 ശതമാനത്തിലധികം എസ്.യു.വികളുടെ കൈയിലാണിപ്പോൾ. ജൂണിൽ ഏറ്റവും കൂടുതൽ ആളുകൾ കൈക്കലാക്കിയ 10 കാറുകളിൽ അഞ്ചും എസ്.യു.വികളാണ്. മാരുതി സുസുകി മോഡലുകളായ വാഗൺ ആർ, സ്വിഫ്റ്റ്, ബലേനൊ എന്നിവയാണ് ഇവയോട് മത്സരത്തിലുള്ള ഹാച്ബാക്കുകൾ.
മൂന്ന് ചെറുകാറുകളും ഓരോ സെഡാനും എം.പിവിയുമാണ് എസ്.യു.വികൾക്ക് വെല്ലുവിളിയുയർത്തുന്നത്. ടോപ് സെല്ലിങ് ലിസ്റ്റിലുള്ള ആദ്യ പത്തിൽ ആറ് സ്ഥാനവും മാരുതി സുസുകി കൈയടക്കിയേപ്പോൾ ടാറ്റയുടെ രണ്ടും ഹ്യുണ്ടേയ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓരോ മോഡലുകളും കൂട്ടത്തിലുണ്ട്.
പഞ്ചിനും സ്വിഫ്റ്റിനും ക്രെറ്റക്കും പിന്നാലെ 15,902 യൂനിറ്റുകൾ നിരത്തിലിറക്കി മാരുതിയുടെ എം.പി.വി സെഗ്മെന്റിലെ എർട്ടിഗ നാലാം സ്ഥാനം പിടിച്ചു. മാരുതിയുടെ തന്നെ ഹാച്ബാക്ക് മോഡലുകളായ ബലേനൊ (14,895), വാഗൺ ആർ (13,790) എന്നിവയും സെഡാൻ വിഭാഗത്തിലെ ഡിസയറും (13,421) തൊട്ടുപിന്നിലുണ്ട്. എസ്.യു.വി മോഡലായ ബ്രെസ്സയും (13,172) മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്കോർപിയോയും (12,307) കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഏറ്റവും കൂടുതൽ വിറ്റ ടാറ്റയുടെ നെക്സോണും (12,066) എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളുമായി പട്ടികയിലുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആദ്യ പത്തിൽ ഇടം നേടാൻ നെക്സോണിനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.