ആർ.സി ബുക്ക് മാർച്ച് 31നകം ഡിജിറ്റലാക്കും -ഗതാഗതമന്ത്രി
text_fieldsതിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാർച്ച് 31നകം ആർ.സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർ.സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ലാഗ്ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ചാണ് ഉടനടി ലൈസൻസ് ലഭ്യമാകുക. റോഡ് സുരക്ഷ നിയമപാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടിൽനിന്നും 20 വാഹനങ്ങൾ വാങ്ങിയത്. അമ്പത് വാഹനങ്ങൾകൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളിൽ ബ്രത്ത് അനലൈസർ, മുന്നിലും പിന്നിലും കാമറ, റഡാർ, ഡിസ്പ്ലേ യൂനിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ കൂട്ടിച്ചേർക്കും. ഡിസ്പ്ലേയിൽ ആറ് ഭാഷകളിൽ നിയമലംഘനവും പിഴയും പ്രദർശിപ്പിക്കും. പരിശോധനക്കായി എം.വി.ഡി ഉദ്യോഗസ്ഥർക്ക് വാഹനത്തിൽ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല.
അഞ്ചുദിവസത്തിനകം ഒരു ഫയലിൽ തീരുമാനമെടുക്കാതെ കൈയിൽവെച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഇന്റേണൽ വിജിലൻസ് സ്ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കൽ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താൻ സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തും. കെ.എസ്.ആർ.ടി.സി ആരംഭിച്ച ഡ്രൈവിങ് സ്കൂളുകളിലൂടെ ആറുമാസത്തിനുള്ളിൽ പതിനൊന്നരലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.