ടൊയോട്ടയുടെ ഉടുപ്പിട്ട് സെലേറിയോയും; പേര് ‘വിറ്റ്സ്’
text_fieldsസുസുകിയുമായി പരസ്പരം വാഹനങ്ങൾ കൈമാറുന്ന റീ ബാഡ്ജിങ് പദ്ധതി പ്രകാരം പുതിയ മോഡൽ അവതരിപ്പിച്ച് ടൊയോട്ട. 'വിറ്റ്‌സ്' എന്നുപേരിട്ടിരിക്കുന്ന കുഞ്ഞൻ ഹാച്ചിനെ ദക്ഷിണാഫ്രിക്കൻ വിപണിയിലാണ് പുറത്തിറക്കിയത്. ജോഹന്നാസ്ബർഗിൽ നടന്ന ടൊയോട്ടയുടെ സ്റ്റേറ്റ് ഓഫ് മോട്ടോർ ഇൻഡസ്ട്രി (SOMI) ഇവന്റിലാണ് വിറ്റ്സ് ഹാച്ച്ബാക്ക് വെളിച്ചംകണ്ടത്.
ബജറ്റ് ഫ്രണ്ട്‌ലി വാഹനങ്ങൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കോംപാക്‌ട് കാറിനെ ടൊയോട്ട ആഫ്രിക്കൻ വിപണിയിൽ എത്തിച്ചത്. ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ വിറ്റ്‌സ് ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും. പുതിയ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെകുറിച്ച് കമ്പനി വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല.
സ്റ്റാർലെറ്റ് (ബലേനോ), അർബൻ ക്രൂസർ (വിറ്റാര ബ്രെസ), റൂമിയോൺ (എർട്ടിഗ) എന്നിവയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ലഭ്യമാകുന്ന നാലാമത്തെ സുസുകി ബാഡ്‌ജ് എഞ്ചിനീയറിങ് മോഡലാണ് വിറ്റ്സ്. പതിവുപോലെ ബാഡ്‌ജിൽ മാത്രമാണ് വ്യത്യാസം. ബാക്കിയെല്ലാം മാരുതി സെലേറിയോക്ക് സമാനമായി തുടരും.
സെലേറിയോ
മാരുതി സുസുകിയുടെ രണ്ടാം തലമുറ സെലേറിയോ 2021 അവസാനത്തോടെയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. രാജ്യത്തെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ എന്ന വിശേഷണമുള്ള വാഹനമാണിത്. സെലേറിയോയിലെ 1.0 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട വിറ്റ്‌സും ഉപയോഗിക്കുക.5,500 rpm-ൽ 66 bhp പവറും 3,500 rpm-ൽ പരമാവധി 89 Nm ടോർക്കും വാഹനം ഉത്പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും.
3,695 എം.എം നീളവും 1,655 എം.എം വീതിയും 1,555 എം.എം ഉയരവും 2,435 എം.എം വീൽബേസ് ഉള്ള വാഹനമാണ് വിറ്റ്സ്. ഭാരം 800 കിലോഗ്രാം മാത്രമാണ്. ഇതെല്ലാം സെലേറിയോയ്ക്ക് സമാനമാണ്. സെൻട്രൽ ലോക്കിങ്, നാല് പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഎംടി വേരിയന്റിൽ ഹിൽ ഹോൾഡ് അസിസ്റ്റ്, കീലെസ് എൻട്രി, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളും ടൊയോട്ട വിറ്റ്‌സിന് ലഭിക്കും.
വിൻഡ്‌സ്‌ക്രീൻ വാഷർ, വൈപ്പർ, റിയർ ഡീഫോഗർ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫോഗ് ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളും വിറ്റ്സിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.