സ്ക്രാപ്പേജ് പോളിസി: വാഹനം ഉപേക്ഷിക്കുന്നവർക്ക് പുതിയത് വാങ്ങാൻ അഞ്ച് ശതമാനം റിബേറ്റ് നൽകുമെന്ന് മന്ത്രി
text_fieldsവെഹിക്കിൾ സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനം ഉപേക്ഷിക്കുന്നവർക്ക് അഞ്ച് ശതമാനം റിബേറ്റ് നൽകുമെന്ന് മന്ത്രി നിതിൻ ഗഡ്കരി. പുതിയ വാഹനം വാങ്ങുന്ന സമയത്താണ് അഞ്ച് ശതമാനം കിഴിവ് ലഭിക്കുക. വാഹന കമ്പനികൾ വഴിയാകും ആനുകൂല്യം ഏർപ്പെടുത്തുക. ഫെബ്രുവരിയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങൾക്കായി സ്ക്രാപ്പേജ് നയം ഏർപ്പെടുത്തിയത്. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴയ പാസഞ്ചർ വാഹനങ്ങളും ഉപേക്ഷിക്കണമെന്നാണ് നിയമം പറയുന്നത്.
'വാഹനം ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നതിന് പഴയ വാഹനങ്ങൾക്ക് ഹരിതനികുതിയും മറ്റ് നികുതികളും ഈടാക്കുന്നുണ്ട്. ഓട്ടോമേറ്റഡ് സൗകര്യങ്ങളിലാവും ഫിറ്റ്നസ്, മലിനീകരണ പരിശോധന നടക്കുക' -മന്ത്രി പറഞ്ഞു. സ്‌ക്രാപ്പേജ് പോളിസി ഇന്ത്യൻ വാഹന വ്യവസായത്തിന്‍റെ വിറ്റുവരവ് 30 ശതമാനം ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗഡ്കരി പറഞ്ഞു. നിലവിലെ 4.5 ലക്ഷം കോടി രൂപ വിറ്റുവരവ് 10 ലക്ഷം കോടിയായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറയുന്നു. 1.45 ലക്ഷം കോടിയുടെ വാഹനഘടക കയറ്റുമതി 3 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
'നയം പ്രാബല്യത്തിൽ വന്നാൽ, ഉരുക്ക്, പ്ലാസ്റ്റിക്, റബ്ബർ, അലുമിനിയം തുടങ്ങിയവ വൻ തോതിൽ സ്ക്രാപ്പുകളായി ലഭ്യമാവുകയും ഓട്ടോമൊബൈൽ ഭാഗങ്ങളുടെ നിർമ്മാണത്തിൽ ഇവ ഉപയോഗിക്കുകയും ഇത് അവയുടെ വില 30-40 ശതമാനം കുറയ്ക്കുകയും ചെയ്യും'-മന്ത്രി പറഞ്ഞു. ഹരിത ഇന്ധനവും വൈദ്യുതിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മികച്ച മൈലേജ് ഉള്ള പുതിയ സാങ്കേതികവിദ്യകൾക്ക് സ്ക്രാപ്പേജ് നയം കൂടുതൽ കരുത്ത് പകരുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.