മത്സരം കടുത്തു; ഇന്ത്യയിൽ 'ഡസ്റ്റർ' നിർമാണം നിർത്തി റെനോ, അടുത്ത തലമുറയെ കുറിച്ചും സൂചന
text_fieldsഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ അവരുടെ ജനപ്രിയ കോംപാക്ട് എസ്.യു.വിയായ ഡസ്റ്ററിന്റെ നിർമാണം നിർത്തുന്നു. 2012ൽ ഇന്ത്യയിലേക്കെത്തിയ ഡസ്റ്റർ നാല് വർഷങ്ങളോളമാണ് രാജ്യത്തെ മിഡ്-സൈസ് എസ്.യു.വി സെഗ്മന്റിലെ രാജാവായി വിലസിയത്.
എന്നാൽ, പുത്തൻ ഫീച്ചറുകളും വ്യത്യസ്തവും മോഡേണുമായ ഡിസൈനുമൊക്കെയായി ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വാഹനങ്ങളുടെ വരവ് ഡസ്റ്ററിന് ക്ഷീണമായി. ഇരുവരും നൽകിയ ശക്തമായ മത്സരം കാരണം ഡസ്റ്ററിന്റെ വിൽപ്പന ഗണ്യമായി കുറയുകയായിരുന്നു. കൂടാതെ, സ്‌കോഡ, ഫോക്സ്വാഗണ്‍, എംജി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്മെന്റിലേക്ക് പ്രവേശിച്ചതും കമ്പനിക്ക് തിരിച്ചടിയായി.
അതേസമയം, ഒന്നാം തലമുറ ഡസ്റ്റർ ഈയടുത്ത് വരെ വിറ്റഴിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, ആഗോളതലത്തിൽ രണ്ടാം തലമുറ മോഡൽ 2017 മുതൽ വിൽപ്പനയ്‌ക്കുണ്ട്. മറ്റ് വിപണികളിൽ കമ്പനിയുടെ സബ്-ബ്രാൻഡായ ഡാസിയ വഴിയായിരുന്നു ഡസ്റ്റർ വിറ്റത്.
വരും വര്‍ഷങ്ങളില്‍ മൂന്നാം തലമുറ ഡസ്റ്റര്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. 2023ൽ വാഹനം ലോഞ്ച് ചെയ്യുമെന്നും എസ്‌യുവിയുടെ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ്ണ-ഇലക്‌ട്രിക് വകഭേദം തന്നെ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അത് ഇന്ത്യയിലേക്ക് എത്തിച്ച് കിരീടം തിരിച്ചുപിടിക്കാനാകും ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പദ്ധതി.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, റെനോ ഇന്ത്യയിൽ വിറ്റത് വെറും 1,500 ൽ താഴെ ഡസ്റ്റർ എസ്‌യുവികൾ മാത്രമായിരുന്നു. 2022 ജനുവരിയിൽ മൊത്ത വിൽപ്പന സംപൂജ്യമാവുകയും ചെയ്തു. അതേസമയം, ഈ വർഷം ജനുവരിയിൽ മാത്രം, ഹ്യുണ്ടായ് 9,869 യൂണിറ്റ് ക്രെറ്റ വിറ്റപ്പോൾ കിയ 11,483 യൂണിറ്റ് സെൽറ്റോസ് വിറ്റു. ഈ വിഭാഗത്തിന്റെ മാർക്കറ്റ് ലീഡർമാരാണ് ഇരുകമ്പനികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.