മാഗ്നൈറ്റിന്റെ ഇരട്ട സഹോദരൻ കൈഗർ; നിസാന്‍റെ പാത പിന്തുടർന്ന് റെനോയും
text_fieldsഇറക്കിയ മോഡലുകളുടെയെല്ലാം വിപണിയിൽ തലകുത്തിവീണ നിസാന്‍റെ അവസാന പിടിവള്ളിയായിരുന്നു മാഗ്നൈറ്റ് എന്ന കോമ്പാക്ട് എസ്.യു.വി അവസാന ശ്രമമെന്ന നിലയിൽ തങ്ങളുടെ മുഴുവൻ ശേഷിയും ആഗ്രഹവും നിസാൻ മാഗ്നൈറ്റിൽ നിക്ഷേപിച്ചിരുന്നു. ഇത് ഫലംകാണുകയുംചെയ്തു. നിലവിൽ വൻതോതിൽ ബുങ്ങിങ് നേടി വിൽപ്പനയിൽ കുതിക്കുകയാണ് മാഗ്നൈറ്റ്. നിസാനും റെനോയും തമ്മിലുള്ള ഇരിപ്പുവശംവച്ച് ഒരാൾ ഇറക്കുന്ന വാഹനം പേരുമാറ്റി മറ്റൊരാൾ ഇറക്കുന്നത് പതിവാണ്. അതനുസരിച്ച് മാഗ്നൈറ്റിന്റെ റെനോ വെർഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ വാഹനത്തിന്‍റെ പേര് കൈഗർ എന്നാണ്.
പ്ലാറ്റ്ഫോം മുതൽ ഡിസൈൻവരെ സാമ്യം
കൈഗറിന്‍റെ പ്രൊഡക്ഷൻ സ്‌പെക് വെർഷനാണ് റെനോ അനാച്ഛാദനം ചെയ്തത്. റെനോയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് കൈഗറും നിർമിച്ചിരിക്കുന്നത്. റെനോ ട്രൈബർ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമാണിത്. കൺസപ്റ്റ് മോഡലുമായി താരതമ്യെപ്പടുത്തിയാൽ 80 ശതമാനം രൂപവും നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത വാഹനമാണിതെന്ന് റെനോ പറയുന്നു.
സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ മുതൽ ബോൾഡ് ഗ്രിൽ വരെ പരിഗണിച്ചാൽ ഗാംഭീര്യമുള്ള മുൻവശമാണ് കൈഗറിന്. വേരിയന്‍റ് അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ, ഡയമണ്ട് കട്ട് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. സി ആകൃതിയിലുള്ള എൽഇഡി ടൈൽലൈറ്റുകൾ കിഡ് പ്ലേറ്റ്, റൂഫ് റെയിലുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവ വാഹനത്തിന് സ്പോർട്ടി രൂപം നൽകുന്നുണ്ട്. 205 മില്ലിമീറ്ററിൽ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും.
ഉൾവശം സമ്പന്നം
ലളിതവും സവിശേഷതകൾ ഉള്ളതുമായ ലേഔട്ടാണ് വാഹനത്തിനുള്ളിൽ. എട്ട് ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് കൺസോൾ, ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, സ്റ്റിയറിങ് മൗണ്ട്ഡ് കൺട്രോളുകൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. 12 വോൾട്ട് ചാർജിങ് സ്ലോട്ടുള്ള ആർക്കമെയ്‌സ് 3 ഡി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ്, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്‍റുകൾ എന്നിവയുമുണ്ട്. 405 ലിറ്ററാണ് ബൂട്ട് ശേഷി, ക്യാബിനിൽ 29 ലിറ്ററിലധികം സ്റ്റോറേജുണ്ട്. വാഹനത്തിനായി അഞ്ച് ആക്സസറി പായ്ക്കുകളും റെനോ അവതരിപ്പിച്ചിട്ടുണ്ട്.
എഞ്ചിൻ മാഗ്നൈറ്റിലേത്
രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന്. ഒന്നാമത്തേത് 98 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കുമുള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. മറ്റൊന്ന് 1.0 ലിറ്റർ ത്രീ സിലിണ്ടർ 71 ബിഎച്ച്പി 96 എൻഎം ടോർക്കുമുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ്. നിസാൻ മാഗ്നൈറ്റിലും ഇതേ എഞ്ചിനുകളാണുള്ളത്. 5 സ്പീഡ് ഗിയർബോക്സുമായാണ് ഇരു എഞ്ചിനുകളും ചേരുന്നത്. ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ എഎംടിയും സിവിടിയും ഉൾപ്പെടും. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും പുതിയ കൈഗറിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.