ബി.എസ് 6 ക്വിഡിന് വമ്പൻ വിലക്കുറവുമായി റെനോ; ഡസ്റ്ററിനും ട്രൈബറിനും ഇളവുകൾ
text_fieldsതങ്ങളുടെ മുഴുവൻ ഉത്പന്ന ശ്രേണിയിലും വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് റെനോ. ട്രൈബർ, ഡസ്റ്റർ, ക്വിഡ് എന്നിവക്കെല്ലാം ആകർഷകമായ വിലക്കിഴിവുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ് 6 വാഹനങ്ങൾക്കാണ് ഇളവുകളെന്നതും ശ്രദ്ധേയമാണ്. ആകെ 65,000 രൂപവരെയുള്ള ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 2021 ജനുവരി 31 വരെ ഓഫറുകൾ പ്രാബല്യത്തിലുണ്ടാകും. ഓഫറുകൾ രാജ്യമെമ്പാടുമുള്ള റെനോ ഡീലർമാർക്കനുസരിച്ച് വ്യത്യാസപ്പെടും.
എൻട്രി ലെവൽ വാഹനമായ ക്വിഡിന് 50000 രൂപയോളം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും തിരഞ്ഞെടുത്ത എഎംടി വേരിയന്‍റുകൾക്ക് 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും നൽകും. മാനുവൽ വേരിയന്‍റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ലഭിക്കും. കോർപ്പറേറ്റുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 10,000 രൂപവരെ അധിക കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്.
റെനോ ഡസ്റ്റർ എസ്‌യുവിയുടെ 1.3 ലിറ്റർ ടർബോ വേരിയന്‍റിന് 65,000 രൂപ വരെ കിഴിവുണ്ട്. ഇതിൽ 30,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 15,000 രൂപവരെ ലോയൽറ്റി ആനുകൂല്യങ്ങളും 20,000 രൂപ ക്യാഷ് ബെനിഫിറ്റും ഉൾപ്പെടുന്നു. എക്സ്ചേഞ്ച് ആനുകൂല്യം RXS, RXZ വേരിയന്‍റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ റെനോ അംഗീകൃത കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പട്ടികയിലുള്ള ജീവനക്കാർക്ക് 30,000 രൂപവരെ കോർപ്പറേറ്റ് കിഴിവ് ബാധകമാണ്. ഡസ്റ്ററുകളുടെ 1.5 ലിറ്റർ പെട്രോൾ വേരിയന്‍റുകൾ 45,000 രൂപ കിഴിവോടെ ലഭ്യമാണ്. യഥാക്രമം 30,000 രൂപയുടേയും 15,000 രൂപയുടേയും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലോയൽറ്റി ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ട്രൈബർ എംപിവിയിൽ 60,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ ലഭ്യമാണ്. 20,000 രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ, 30,000 രുപവരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, തിരഞ്ഞെടുത്ത എഎംടി വേരിയന്‍റുകൾക്ക് 10,000 രൂപ വരെ ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും മാനുവൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ആനുകൂല്യങ്ങളും യഥാക്രമം 20,000, 10,000 രൂപ കിഴിവും ലഭിക്കും. അംഗീകൃത കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാർക്ക് 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും കാർ നിർമ്മാതാവ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.