വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വില്ലനെ തിരിച്ചറിഞ്ഞ് ഗവേഷകർ; വണ്ടുകൾ എത്തുന്നത് പെട്രോളിലെ എഥനോൾ തേടി
text_fieldsവാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകളെ തിരിച്ചറിഞ്ഞെന്ന് ഗവേഷകർ. റബ്ബറും മരവും ലോഹവും തുരക്കുന്ന കുഞ്ഞൻ വണ്ടുകൾ കൂട്ടത്തോടെ എത്തിയത് പ്രളയശേഷമെന്നും അനുമാനം. നൂറുകണക്കിന് വാഹനങ്ങളിൽ ഇന്ധനചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടന്ന് നടത്തിയ പഠനത്തിലാണ് വണ്ടുകളെകുറിച്ചുള്ള രഹസ്യം ചുരുളഴിഞ്ഞത്.
കാറുകളിലെ റബ്ബര്‍പൈപ്പ് തുരന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടാക്കുന്ന വണ്ടുകള്‍. സ്‌കോളിറ്റിഡേ കുടുംബത്തില്‍പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് എന്നാണ് ഗവേഷകർ പറയുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ടാക്സോണമിസ്റ്റ് ഡോ. കെ.ഡി. പ്രതാപന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മരം, റബ്ബര്‍ ചില ലോഹങ്ങൾ ഇങ്ങിനെ എന്തും ഇവ തുരക്കും. 2018ലെ മഹാപ്രളയശേഷം കൂട്ടത്തോടെ എത്തിയ ഇവ മാസങ്ങൾക്കകം നൂറുകണക്കിന് കാറുകളിലാണ് പെട്രോൾ ചോര്‍ച്ച ഉണ്ടാക്കിയത്.
കാലിക്കടവ് ആണൂരില്‍ വര്‍ക്ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രനാണ് പൈപ്പില്‍നിന്ന് വണ്ടിനെ ശേഖരിച്ചത്. പടന്നക്കാട് കാര്‍ഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറും സംഘവും വെള്ളായണി കാർഷിക സര്‍വകലാശാലയിലേക്ക് വണ്ടിനെ വിദഗ്ധപഠനത്തിന് അയച്ചു. വെള്ളായണി കാര്‍ഷിക സര്‍വകലാശാല എന്റമോളജിവിഭാഗം 2018 സെപ്റ്റംബറില്‍ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തില്‍ ചാപ്പന്‍തോട്ടം സന്ദര്‍ശിച്ചു. ജാതി, കരയാമ്പു, മഹാഗണി, ആര്യവേപ്പ്, സപ്പോട്ട തുടങ്ങിയവ കീടം ആക്രമിച്ചു നശിപ്പിച്ചതായി കണ്ടെത്തി. ഈ കീടങ്ങള്‍ സൈലോസാന്‍ഡ്രസ് സ്പീഷീസ് വിഭാഗത്തില്‍ പെട്ട വണ്ടുകളാണെന്ന് തായ്ലാന്‍ഡിലെ ഡോ. റോഗര്‍ ബീവര്‍, ചിഹാ മായി എന്നിവര്‍ സ്ഥിരീകരിച്ചു. പഠനം ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പൈസസിന്റെ ജേണലില്‍ 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018-ലെ പ്രളയത്തിനുശേഷം കൂട്ടത്തോടെ വന്ന വണ്ടുകളും ഒന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഡോ. കെ.ഡി. പ്രതാപന്‍ പറഞ്ഞു. 2.5 മില്ലിമീറ്റര്‍ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാര്‍ഡ് വുഡ്, റബ്ബര്‍ എന്നിവ തുരക്കും. ചില ലോഹങ്ങളും. ചെടികള്‍ (മരങ്ങള്‍) ദുര്‍ബലമാകുമ്പോള്‍ ആല്‍ക്കഹോള്‍ പുറപ്പെടുവിക്കും. അത് ആകര്‍ഷിച്ചാണ് വണ്ടുകള്‍ വരുന്നതും തുരക്കുന്നതും. പെട്രോളില്‍ ഇപ്പോള്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ട്. എഥനോള്‍ വണ്ടിനെ ആകര്‍ഷിക്കും. ഇതാണ് വാഹനങ്ങൾ തേടി വണ്ടുകൾ എത്താൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.