റിവോൾട്ടിെൻറ വിലകുറഞ്ഞ ഇ.വി ഉടൻ നിരത്തിൽ; നിർമാണം പൂർണമായും പ്രാദേശികമായി
text_fieldsരാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിെൻറ വിലകുറഞ്ഞ മോഡൽ ഉടൻ നിരത്തിലെത്തും. റിവോൾത്ത് ആർ.വി 1 എന്ന് പേരിട്ടിരിക്കുന്ന വാഹനം പൂർണമായും പ്രാദേശികമായി നിർമിക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ ആർവി 300, 400 എന്നിങ്ങനെ ഇ.വി ബൈക്കുകൾ കമ്പനി വിൽക്കുന്നുണ്ട്. അടുത്ത വർഷം ആദ്യം പുതിയ വാഹനത്തിെൻറ ഉത്പാദനത്തിലേക്ക് കടക്കുമെന്നാണ് വിവരം. രത്തൻ ഇന്ത്യ കമ്പനിയാണ് റിവോൾട്ട് ബൈക്കുകൾ നിർമിക്കുന്നത്.
ഹരിയാനയിലെ മനേസറിലാണ് കമ്പനിയുടെ നിർമാണശാല പ്രവർത്തിക്കുന്നത്. നിലവിൽ ബൈക്കുകൾക്കായി ചൈനയിൽ നിന്ന് ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് പടിപടിയായി കുറക്കാനാണ് നീക്കം നടക്കുന്നത്. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഇന്ത്യൻ വിപണിയിൽ ആർവി 300, ആർവി 400 ബൈക്കുകൾ വിൽക്കുന്നുണ്ട്. 'ഞങ്ങൾ ആർവി 300 മോഡലിനെ ഘട്ടംഘട്ടമായി ഒഴിവാക്കും. അതിെൻറ സ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് ആർവി 1 എന്ന പുതിയ മോഡൽ അവതരിപ്പിക്കും'-കമ്പനി പ്രമോട്ടർ അഞ്ജലി രത്തൻ പറഞ്ഞു.
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി 2025 ഓടെ 50,000 കോടി രൂപയുടേതായി മാറുമെന്നാണ് നിഗമനം. മക്കിൻസി റിപ്പോർട്ട് അനുസരിച്ച് 50 ലക്ഷം യൂനിറ്റ് വാർഷിക വിൽപ്പന 2025ൽ മേഖലയിലുണ്ടാകും. സർക്കാർ പിന്തുണയും ഫെയിം II ഇൻസെൻറീവ്, ഇ-ബൈക്കുകളുടെ 5 ശതമാനം ജിഎസ്ടി എന്നിവ അനുകൂലഘടകങ്ങളാണ്. ഫോസിൽ ഇന്ധന ബൈക്കുകളുടെ 28 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ഇ-ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് താങ്ങാനാവുന്ന തരത്തിലേക്ക് മാറാനാണ് സാധ്യത.
തങ്ങളുടെ ബൈക്കുകൾക്ക് വലിയ ഡിമാൻഡാണ് ലഭിക്കുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം അഞ്ച് ലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അഞ്ജലി പറഞ്ഞു. കമ്പനിയുടെ ആർവി 400 ഇ-ബൈക്കുകൾ ജൂലൈ പകുതിയോടെ രണ്ടാം റൗണ്ട് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയിരുന്നു. അതുപോലെ, ജൂണിൽ ആദ്യ റൗണ്ട് ബുക്കിങ് തുറന്നപ്പോഴും രണ്ട് മണിക്കൂറിനുള്ളിൽ ബൈക്കുകൾ വിറ്റുപോയി. ഡൊമിനോയുടെ പിസ്സ കമ്പനി ഡെലിവറിക്കായി ആർവി 300 ബൈക്കുകൾ വാങ്ങുമെന്നും കമ്പനി അറിയിച്ചു. ഫോസിൽ ഇന്ധന ബൈക്കുകളെ മുഴുവൻ ഇലക്ട്രിക് ബൈക്കുകളാക്കി മാറ്റാനാണ് ഡോമിനോസ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.