റോൾസ് റോയ്സ് സ്പെക്ട്രെ; ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് ആഡംബര രാജാവ്
text_fieldsഅത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് തങ്ങളുടെ ആദ്യ ആൾ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. സ്പെക്ട്രെ എന്നാണ് റോള്‍സ് റോയിസിന്‍റെ ഇലക്ട്രിക് മോഡലിന്‍റെ പേര്. ഒരു വർഷം മുമ്പ് നിർമാണം പൂർത്തിയ മോഡൽ ലക്ഷക്കണക്കിന് കിലോമീറ്ററുകളുടെ പരീക്ഷണ ഓട്ടത്തിനുശേഷമാണ് നിരത്തിലെത്തുന്നത്. രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള വാഹനമാണ് സ്പെക്ട്രെ. 2030-ഓടെ ഓൾ-ഇലക്‌ട്രിക് ബ്രാൻഡായി മാറുക എന്ന റോൾസിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.
'ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി'യെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. റോൾസിന്റെ സെഡാൻ മോഡലായ ഫാന്റം കൂപ്പേയുടെ ഡിസൈനാണ് വാഹനത്തിന്. നീളമുള്ള ബോണറ്റ്, ഫാസ്റ്റ്ബാക്ക് ടെയിൽ എന്നിവവച്ച് നോക്കുമ്പോൾ ആധുനിക യാച്ചുകളാണ് വാഹനത്തിന് പ്രചോദനമാകുന്നതെന്ന് പറയാം. 5.45 മീറ്റർ നീളവും 2 മീറ്ററിലധികം വീതിയുമുള്ള സ്പെക്ട്രെ മെഴ്‌സിഡസ് ഇക്യുഎസിനേക്കാൾ വലുതാണ്.
ഇലക്ട്രിക് മോഡലാണെങ്കിലും സാധാരണ റോള്‍സ് റോയിസിന്‍റെ അതേ നിലവാരത്തിലാണ് സ്പെക്ട്ര എത്തുന്നത്. 2013ല്‍ പുറത്തിറക്കിയ റോള്‍സ് റോയിസ് റെയ്ത്തിന്‍റെ അതേ മാതൃകയാണ് സ്പെക്ട്രയുടേത്. ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവികളാണ് റോള്‍സ് റോയിസിന്‍റേത് . 520 കിലോമീറ്ററാണ് സ്പെക്ട്രെ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 900 എന്‍എ ടോര്‍ക്ക് നല്‍കുന്ന വാഹനം പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലക്ക് എത്താനായി 4.5 സെക്കന്‍റുകള്‍ മാത്രമാണ് എടുക്കുക.
റോൾസിന്റെ ഗോസ്റ്റുമായി സാമ്യമുള്ള ഉൾവശമാണ് വാനത്തിന്. ഇതുവരെ മേൽക്കൂരയിൽ മാത്രം നൽകിയിരുന്ന സ്റ്റാർലൈറ്റ് ലൈനർ ഇപ്പോൾ ഡോർ പാഡുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പുതിയ കാര്യം. ഡാഷ്‌ബോർഡ് പാനലിൽ 5,500-ലധികം നക്ഷത്രങ്ങൾ പോലെയുള്ള ഇല്യൂമിനേഷനുകളാൽ ചുറ്റപ്പെട്ട രീതിയിൽ 'സ്പെക്ട്രെ' എന്നെഴുതിയിട്ടുണ്ട്. വാഹനത്തിന്റെ സീറ്റുകൾ തികച്ചും പുതിയതാണ്. ഇന്റീരിയറിൽ അതിമനോഹരമായ സ്റ്റിച്ചിങ്, എംബ്രോയ്ഡറി, എന്നിവയും ഉണ്ട്. കൂടാതെ എല്ലാ റോൾസ്-റോയ്‌സ് കാറുകളിലെയും പോലെ, സ്പെക്ട്രെ ഉപഭോക്താക്കൾക്ക് അനന്തമായ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ലഭിക്കും.
റോൾസ് റോയ്‌സിന്റെ പുതിയ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ 'സ്പിരിറ്റ്' ആണ് സ്പെക്ട്രെയുടെ മറ്റൊരു പ്രത്യേകത. റോൾസ് റോയ്‌സ് ഇതുവരെ BWM-ൽ നിന്നുള്ള ഇൻഫോടെയ്ൻമെന്റ് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിരുന്നത്. കാറിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള പുതിയ ഡിജിറ്റൽ ഇന്റർഫേസാണ് സ്പിരിറ്റ്. റോൾസ് സ്വയം നിർമിക്കുന്ന ഈ സംവിധാനം സ്പെക്ട്രെയിൽ ലഭിക്കും.
വാഹനത്തിന്‍റെ വില പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് റോള്‍സ് റോയിസ് വിതരണം ചെയ്യുമെന്നാണ് സൂചന. കള്ളിനൻ എസ്‌യുവി, ഗോസ്റ്റ് സലൂൺ, ഫാന്റം ലിമോസിൻ എന്നിവയുടെ ഇനി വരുന്ന മോഡലുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്ന് ഫെബ്രുവരിയില്‍ റോള്‍സ് റോയിസ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ റോൾസ് റോയ്‌സിന്‍റെ അഞ്ച് മോഡലുകളും ഇന്ത്യയില്‍ വിൽപ്പനയ്‌ക്കുണ്ട് - റെയ്ത്ത്, ഡോൺ, ഗോസ്റ്റ്, കള്ളിനൻ, ഫാന്റം എന്നിവയാണ് അവ. സ്പെക്ട്രെയുടെ ആഗോള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 2023ൽ വാഹനം ലോഞ്ച് ചെയ്ത ഉടൻ ഡെലിവറികൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.