വരവറിയിച്ച് ഗോവൻ ക്ലാസിക് 350; റോയൽ എൻഫീൽഡിന്റെ ആദ്യ ബോബറിന്റെ വിലയെന്ത്..?
text_fieldsപനാജി: റോയൽ എൻഫീൽഡ് ആരാധകരെ തുടരെ തുടരെ വിസ്മയിപ്പിച്ച് ഞെട്ടിച്ച വർഷമാണ് 2024. ഷോട്ട്ഗൺ 650, ഗറില്ല 450, ബെയർ 650 സ്ക്രാംബ്ലർ തുടങ്ങിയ മോഡലുകൾ സമ്മാനിച്ച വർഷത്തിന് അവസാനം മറ്റൊരു അഡാർ ഐറ്റമാണ് ആരാധകരെ കാത്തിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 ഒന്നൂടെ ഊതിക്കാച്ചി ഉരുക്കി മിനുക്കിയെടുത്താൽ എങ്ങനെ ഇരിക്കും..?, അതാണ് ഗോവൻ ക്ലാസിക് 350. 350 സിസിയിൽ റോയൽ എൻഫീൽഡിൻ്റെ ആദ്യ ബോബർ ശൈലിയിലുള്ള മോട്ടോർസൈക്കിളാണിത്. ഭാരം കുറച്ച് വേഗം കൂട്ടാന്‍ സഹായിക്കുന്ന രൂപകല്‍പ്പന രീതിയാണ് ബോബര്‍ സ്‌റ്റൈല്‍.
റേവ് റെഡ്, ട്രിപ്പ് ടീൽ, ഷാക്ക് ബ്ലാക്ക്, പർപ്പിൾ ഹേസ് എന്നീ നാല് നിറങ്ങളിൽ രംഗത്തിക്കുന്ന ഗോവൻ ക്ലാസിക് 350യെ ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഔദ്യോഗിക ലോഞ്ചിങ് ശനിയാഴ്ച ഗോവയിൽ നടക്കുന്ന മോട്ടോവേഴ്സ് 2024 ൽ നടക്കും. 2.10 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി കണക്കാക്കുന്നുണ്ടെങ്കിലും യഥാർത്ഥ വില അറിയാൻ നാളെ വരെ കാത്തിരിക്കണം.
349 സിസി എയർ -കൂൾഡ്, സിംഗിൾ -സിലിണ്ടർ ഫ്യൂവൽ -ഇൻജക്റ്റഡ് യൂനിറ്റ് തന്നെയാണ് ഇത് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 6,100 ആർ.പി.എമ്മിൽ ഏകദേശം 20 ബി.എച്ച്.പി മാക്സ് പവറും 27 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് മോട്ടോർ ബന്ധിപ്പിച്ചിരിക്കുന്നത്. ഡബിൾ ക്രാഡിൽ ഷാസിയിൽ നിർമിച്ചിരിക്കുന്ന ഗോവൻ ക്ലാസിക് 350 -ൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ സൈഡ് ഷോക്കുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം ബ്രേക്കിംഗ് സിസ്റ്റത്തിൽ ഡ്യുവൽ -ചാനൽ എ.ബി.എസ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ബോബറിന്റെ മുൻ, പിൻ ചക്രങ്ങളിൽ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. 197 കിലോഗ്രാം ഭാരമുള്ള ഈ മോട്ടോർസൈക്കിളിന് പിൻസീറ്റ് ചേർക്കുന്നതിനൊപ്പം 9.0 കിലോഗ്രാം അധികമായി കയറും.
എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ടെയിൽ ലാമ്പ്, എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകൾ, അഡ്ജസ്റ്റബിൾ ക്ലച്ച് & ബ്രേക്ക് ലിവറുകൾ, ട്രിപ്പർ നാവിഗേഷനായി സ്പെഷ്യൽ പോഡുള്ള സെമി -ഡിജിറ്റൽ കൺസോൾ എന്നിവ ഗോവൻ ക്ലാസിക് 350 -ൽ റോയൽ എൻഫീൽഡ് ഉൾപ്പെടുത്തുന്നു.
ഫ്ലോട്ടിംഗ് റൈഡർ സീറ്റും ഒരു എക്സ്പോസ്ഡ് റിയർ ഫെൻഡറും റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 -ക്ക് ലഭിക്കുന്നു. ഓപ്ഷനലായി വരുന്ന പില്യൺ സീറ്റ് നീക്കം ചെയ്യുമ്പോൾ വാഹനം കൂടുതൽ ശ്രദ്ധനേടിയേക്കും.18 ഇഞ്ച് പിൻ ടയറുകളുള്ള ക്ലാസിക് 350-ൽ നിന്ന് വ്യത്യസ്തമായി, പുതിയ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350-ൽ 16 ഇഞ്ച് ചെറിയ പിൻ ടയറാണുള്ളത്. ഇതിന്റെ സീറ്റ് ഉയരം 750 മില്ലീമീറ്ററായി കുറച്ചിട്ടുണ്ട്. ഗോവൻ ക്ലാസിക് 350 ന് 197 കിലോഗ്രാം ഭാരം ഉണ്ട്. ഇത് ക്ലാസിക് 350 നേക്കാൾ ഭാരമുള്ളതാണ്.
ജാവ 42 ബോബര്‍, ജാവ പേരാക് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഗോവന്‍ ക്ലാസിക് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.