കാടും മലയും താണ്ടുക ചിലവേറിയതാകില്ല; ഹിമാലയൻ 450യുടെ വില പ്രഖ്യാപിച്ച് എൻഫീൽഡ്
text_fieldsഅഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ മുടിചൂടാമന്നനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 2016ൽ പുറത്തിറങ്ങിയതു മുതൽ ഇത്രയധികം ഫാൻബേസുണ്ടാക്കിയെടുത്ത മറ്റൊരു മോട്ടോർസൈക്കിൾ ഇന്ത്യയിൽ വേറേയില്ല. ഓൺറോഡിൽ എന്നപോലെ ഓഫ്-റോഡിലും പുലിയാണ് ഹിമാലയൻ. നേരത്തേ വാഹനം പുറത്തിറക്കിയിരുന്നെങ്കിലും ഹിമാലയന്‍റെ വില കമ്പനി പ്രഖ്യാപിച്ചിരുന്നില്ല. ഗോവയിൽ നടക്കുന്ന മോട്ടോവേഴ്‌സിൽ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുകയും വില പുറത്തുവിടുകയും ചെയ്തിരിക്കുകയാണ് ആർ.ഇ.
ഇന്ത്യൻ വിപണിയിൽ 2.69 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ വേരിയന്‍റുകൾക്ക് അനുസരിച്ച് വിലകൾ 2.84 ലക്ഷം വരെ ഉയരും. 2.15 ലക്ഷം മുതലായിരുന്നു പഴയ ഹിമാലയന്‍റെ വില വന്നിരുന്നത്. അതുവച്ച്നോക്കുമ്പോൾ വില ഇയർന്നിട്ടുണ്ട്. എന്നാൽ പുതിയ എഞ്ചിനും പരിഷ്കാരങ്ങളും ഈ വിലക്ക് മൂല്യവത്താണെന്നാണ് ഹിമാലയൻ ആരാധകരുടെ പക്ഷം. ഹിമാലയന്‍റെ ബുക്കിങ് റോയൽ എൻഫീൽഡ് നേരത്തേ ആരംഭിച്ചിരുന്നു. 10,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം.
ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളിൽ പുതിയ ഹിമാലയൻ വിപണിയിലെത്തുക. ഇതിന് അഞ്ച് കളർ ഓപ്‌ഷനുകളും ലഭിക്കും. ബൈക്കിന്റെ ബേസ് വേരിയന്റ് കാസ ബ്രൗൺ കളർ ഓപ്ഷനോടെയാവും വരിക.പാസ് മോഡലിന് സ്ലേറ്റ് ഹിമാലയൻ സാൾട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ ഓപ്ഷനുകളാവും ഉണ്ടാവുക. ഹാൻലെ ബ്ലാക്ക്, കാമറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ടോപ്പ് എൻഡ് സമ്മിറ്റ് വേരിയന്റ് ലഭ്യമാവും.
പുത്തൻ ഹിമാലയൻ 452 മോഡലിന്റെ ടീസർ വിഡിയോകളും ചിത്രങ്ങളും എൻഫീൽഡ് നേരത്തേ പങ്കുവച്ചിരുന്നു. നിലവിലെ ഹിമാലയൻ 411 ഭാരമേറിയതാണെന്നും പവറും പെർഫോമൻസും അത്രപോരെന്നുമുള്ള പരിഭവങ്ങൾ പലതവണ എൻഫീൽഡ് കേട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിന് അറുതിവരുത്തിക്കൊണ്ടാണ് പുതിയ 452 പതിപ്പിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
പുതിയ 451.65 സിസി, ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹിമാലയൻ 452 മോഡലിന് കരുത്തേകുക. ഷെർപ്പ എഞ്ചിൻ എന്നാണ് കമ്പനി ഈ മെഷ്യീനെ വിളിക്കുന്നത്. ഇതാദ്യമായാണ് റോയൽ എൻഫീൽഡ് തങ്ങളുടെ ഒരു മോട്ടോർസൈക്കിളിൽ ലിക്വിഡ് കൂളിങ് എഞ്ചിൻ ഉപയോഗിക്കുന്നത്. 8,000 rpm-ൽ 40 bhp കരുത്തും 40 Nm ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സും അഡ്വഞ്ചർ ടൂററിൽ ഉൾപ്പെടുത്തും. വിശദമായ മാപ്പോടെ വരുന്ന പുതിയ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ട്രിപ്പർ നാവിഗേഷന്റെ പുതിയ തലമുറ പതിപ്പ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ റോയൽ എൻഫീൽഡ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സസ്പെൻഷനായി മുന്നിൽ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മോണോഷോക്കുമായിരിക്കും നൽകുക. എൽഇഡി ലൈറ്റിംഗും ഹസാർഡ് ലൈറ്റുകളും സൈഡ്-സ്റ്റാൻഡ് കട്ട് ഓഫ് സ്വിച്ചും വാഗ്ദാനം ചെയ്യും. ട്യൂബ്ലെസ് സ്പോക്ക്ഡ് വീലുകളും മോട്ടോർസൈക്കിളിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതും സെഗ്മെന്റിൽ പുതിയത് ആയിരിക്കും.
ബ്രേക്കിങിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് ബ്രേക്കുകളും ഉണ്ടാവും. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ സൈസിലായിരിക്കും ഹിമാലയൻ 452 വരിക. സിംഗിൾ ടോൺ, ഡ്യുവൽ ടോൺ നിറങ്ങളിൽ ഹിമാലയനെ കമ്പനി ഒരുക്കും. യെല്ലോ-ബ്ലാക്ക്, ഗ്രേ-റെഡ്, ഗ്രേ-ബ്ലൂ, ഗ്രേ-വൈറ്റ് എന്നിങ്ങനെ പുതുമയാർന്ന ഡ്യുവൽ ടോൺ കളറുകൾ വരാനിരിക്കുന്ന പുതിയ ഹിമാലയൻ 452 മോഡലിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.