ലക്ഷം ഹണ്ടറുകൾ നിരത്തിൽ; റോയൽ എൻഫീൽഡ് ജൈത്രയാത്ര തുടരുന്നു
text_fieldsഏറ്റവും വിലകുറഞ്ഞ റോയൽ എൻഫീൽഡ് എന്ന വിശേഷണവുമായി നിരത്തിലെത്തിയ ഹണ്ടർ 350, വിൽപ്പന റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. നിരത്തിലെത്തി ആറ് മാസം കൊണ്ട് ഒരു ലക്ഷം ഹണ്ടറുകളാണ് വിറ്റുപോയത്. 1.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത ഹണ്ടർ യുവാക്കൾക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്. ഇതോടെ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹണ്ടർ മാറി.
2022 ഓഗസ്റ്റ് മുതൽ 2023 ജനുവരി വരെ ഹണ്ടർ 350 മോഡലിന്റെ 1,00,183 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചിരിക്കുന്നത്. ക്ലാസിക് 350 ബൈക്കിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോട്ടോർസൈക്കിളാണിത്. ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് റോയൽ എൻഫീൽഡ് ഹണ്ടർ നിർമിച്ചിരിക്കുന്നത്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുന്നത്. കളർ ഓപ്ഷനുകളുടേയും ഫീച്ചറുകളുടേയും കാര്യത്തിൽ രണ്ട് വകഭേദങ്ങളും തമ്മിൽ വ്യത്യാസമുണ്ട്.
ഹണ്ടർ 350 വിപണിയിലെത്തിയ ആദ്യമാസം അതായത് 2022 ഓഗസ്റ്റിൽ 18,197 യൂനിറ്റ് വിൽപ്പനയും സെപ്റ്റംബറിൽ 17,118 യൂനിറ്റും ഒക്ടോബറിൽ 15,445 യൂനിറ്റുമാണ് റോയൽ എൻഫീൽഡ് വിറ്റഴിച്ചത്. നവംബറിൽ 15,588 യൂനിറ്റുകളും ഡിസംബറിൽ 17,261 വിറ്റഴിഞ്ഞപ്പോൾ 2023 ജനുവരിയിൽ മോട്ടോർസൈക്കിളിന്റെ 16,574 യൂനിറ്റുകൾ നിരത്തിലെത്തി.
റിബൽ ബ്ലൂ, റിബൽ റെഡ്, റിബൽ ബ്ലാക്ക്, ഡാപ്പർ ആഷ്, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഹണ്ടർ 350 എത്തുന്നത്. വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ഓവൽ ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ഹാലൊജൻ ടെയിൽ ലാമ്പ്, കറുത്ത അലോയ് വീലുകൾ എന്നിവ പ്രത്യേകതകളാണ്.
13 ലിറ്റർ ശേഷിയുള്ള ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കിന്റെ ഇരുവശത്തും 'റോയൽ എൻഫീൽഡ്' ബ്രാൻഡിങ് കാണാം. ട്വിൻ ഡൗൺട്യൂബ് ഫ്രെയിമിലാണ് ഹണ്ടർ 350 നിർമിച്ചിരിക്കുന്നത്. 177 കിലോഗ്രാം മാത്രമാണ് ഭാരം. ഗ്രൗണ്ട് ക്ലിയറൻസ് 150 മില്ലീമീറ്ററും സീറ്റ് ഹൈറ്റ് 800 മില്ലീമീറ്ററുമാണ്. 1,370 mm വീൽബേസുമായാണ് ബൈക്ക് നിരത്തിലോടുന്നത്. മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും.
കമ്പനിയുടെ പുതിയ സിംഗിൾ സിലിൻഡർ ജെ സീരീസ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ക്ലാസിക്, മീറ്റിയോർ എന്നിവയ്ക്ക് തുടിപ്പേകുന്ന അതേ 349 സി.സി ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിനാണിത്. സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, SOHC എഞ്ചിൻ 20.2 bhp പവറിൽ 27 Nm ടോർക്ക് ഉത്പാദിപ്പിക്കും. 5 സ്പീഡ് ആണ് ഗിയർബോക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.