ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ അവാർഡ് റോയൽ എൻഫീൽഡ് ഗാരേജിലേക്ക്; വിജയി ഇവിടെയുണ്ട്
text_fieldsപുറത്തിറങ്ങി ഒരു വർഷത്തിനകം അഭിമാനകരമായ പുതിയൊരു നേട്ടം സ്വന്തമാക്കി റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350 ബൈക്ക്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ 2023 (ഐ.എം.ഒ.ടി.വൈ) പുരസ്‌കാരമാണ് ഹണ്ടര്‍ സ്വന്തമാക്കിയത്. ടി.വി.എസ് റോണിന്‍, സുസുകി വി-സ്‌ട്രോം എസ്.എക്സ് എന്നിവരെ പിന്നിലാക്കിയാണ് ഹണ്ടർ വിജയിച്ചത്. റോണിന്‍ രണ്ടാം സ്ഥാനവും സുസുകി വി-സ്‌ട്രോം എസ്.എക്സ് മൂന്നാം സ്ഥാനവും നേടി.
ഓട്ടോമോട്ടീവ് ജേണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (AJAI) ആണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ അവാർഡ് നല്‍കുന്നത്. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഐ.എം.ഒ.ടി.വൈ 2023 അരങ്ങേറിയത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള 15 മുതിര്‍ന്ന മോട്ടോര്‍ സൈക്കിള്‍ ജേണലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാർഥ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങി.
ഹണ്ടർ എന്ന വമ്പൻ
നിരത്തിലറങ്ങിയ അന്നുമുതല്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350.2022 ഓഗസ്റ്റിലാണ് റെട്രോ-മോഡേണ്‍ മോട്ടോര്‍സൈക്കിളായ ഹണ്ടര്‍ വിപണിയില്‍ എത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഉല്‍പ്പന്ന നിരയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണിത്. പണത്തിനൊത്ത മൂല്യം, മികച്ച ഡിസൈന്‍, കൂടിയ ഇന്ധനക്ഷമത, സാങ്കേതികവിദ്യ എന്നിവയാണ് ഹണ്ടറിന്റെ പ്രത്യേകതകൾ.
വിപണിയില്‍ എത്തി മൂന്ന് മാസത്തിനുള്ളില്‍ ഹണ്ടറിന്റെ 50,000 യൂനിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത്. മീറ്റിയോര്‍ 350-യില്‍ നിന്ന് കടമെടുത്ത 350 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. എഞ്ചിന്‍ 20.1 bhp കരുത്തും 28 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.
5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡാണ്. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പര്‍, മെട്രോ റെബല്‍ എന്നിങ്ങനെ 3 വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാണ്. റെട്രോ ഫാക്ടറി ട്രിമ്മിന് 1.49 ലക്ഷം രൂപയും, മെട്രോ ഡാപ്പര്‍ പതിപ്പിന് 1.63 ലക്ഷം രൂപയും, മെട്രോ റെബല്‍ 1.68 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.