പുതിയ ബൈക്ക് ലോഞ്ച് പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്; നിരത്തിലെത്തിക്കുക സ്ക്രാം 411
text_fieldsപുതിയ ബൈക്ക് ലോഞ്ച് പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്. മാർച്ച് 15നാകും വാഹനം നിരത്തിലെത്തുക. ഇതു സംബന്ധിച്ച ടീസർ റോയൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. അഡ്വഞ്ചർ ബൈക്കായ ഹിമാലയന്റെ സ്ട്രിപ്പ്-ബാക്ക് പതിപ്പായ സ്‌ക്രാം 411 ആയിരിക്കും പുതുതായി വിപണിയിലെത്തുക. ഹിമാലയനിൽനിന്ന് ചില പാർട്സുകൾ മാറ്റിയാകും പുതിയ ബൈക്ക് അവതരിപ്പിക്കുക. ഹിമാലയൻ അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുമ്പോൾ സ്ക്രാം അർബൻ ബൈക്കായിട്ടാകും അറിയപ്പെടുക.
സ്‌ക്രാമിന് ഹിമാലയന്റെ വിൻഡ്‌സ്‌ക്രീൻ നഷ്‌ടപ്പെടുകയും ഇന്ധന ടാങ്കിന് ചുറ്റുമുള്ള ട്യൂബുലാർ മെറ്റൽ ഘടനകൾക്ക് പകരം ഒരു ചെറിയ ഇന്ധന ടാങ്ക് ആവരണം ലഭിക്കുകയും ചെയ്യും. ഹിമാലയനിൽനിന്ന് വ്യത്യസ്‌തമായി ഇതിന് മെറ്റൽ ഹെഡ്‌ലാമ്പ് കൗളും ലഭിക്കുന്നു.
സീറ്റിലും സൈഡ് പാനലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹിമാലയത്തിലെ 21 ഇഞ്ച് വീലിന് പകരം 19 ഇഞ്ച് നൽകുന്നതാണ് നിർണായക മാറ്റങ്ങളിലൊന്ന്. എഞ്ചിനിൽ മാറ്റമില്ല. ഹിമാലയനിലെ 24hp ഉം 32Nm ഉം ഉത്പാദിപ്പിക്കുന്ന അതേ 411cc, ടു-വാൽവ്, SOHC എയർ-കൂൾഡ് മോട്ടോർ ഇവിടേയും ലഭിക്കും. എഞ്ചിന്ന് ചില ചെറിയ ട്യൂണിങ് വ്യത്യാസങ്ങൾ ഉണ്ടാകും.
ആകർഷകമായ പുതിയ നിറങ്ങളിൽ ബൈക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി ലോഞ്ച് ചെയ്ത യെസ്ഡി സ്‌ക്രാംബ്ലർ ആകും പ്രധാന എതിരാളി. അടുത്തിടെ, സ്ക്രാം 411ന്റെ ഔദ്യോഗിക ബ്രോഷർ ഓൺലൈനിൽ ചോർന്നിരുന്നു. ബൈക്കിന് ഏകദേശം 1.75 ലക്ഷം രൂപ (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.