പുത്തൻ എസ്.യു.വിയിൽ തുരുമ്പ്; വൻ തുക പിഴയിട്ട് ഉപഭോക്തൃ കോടതി
text_fields‘ഉണരൂ ഉപഭോക്താവേ ഉണരൂ’ എന്നത് സർക്കാർ വ്യാപകമായി ഉപയോഗിക്കുന്ന പരസ്യമാണ്. ഇത് കേട്ട് അനീതികൾ ചോദ്യം ചെയ്യുന്നവർക്ക് നല്ല കാലമാണിത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് എയർബാഗ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിൽ കാറിന്റെ വില മുഴുവനായും കമ്പനി തിരികെ നൽകാൻ കൺസ്യൂമർ കമീഷൻ വിധിച്ചിരുന്നു. ഇപ്പോഴിതാ ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ എസ്.യു.വിയിൽ തൃപ്‌തി വരാത്ത ഉപഭോക്താവ് കൺസ്യൂമർ കോടതിയെ സമീപിച്ച് പിഴത്തുക വാങ്ങിയെടുത്തിരിക്കുകയാണ്.
പുത്തൻ എസ്.യു.വിയിൽ തുരുമ്പ്
പുതിയ കിയ സെൽറ്റോസ് വാങ്ങിയ ഉപഭോക്താവിന് വാഹനത്തിലെ ചില പാനലുകളിൽ പ്രശ്‌നം നേരിട്ടതിനെ തുടർന്ന് ഡൽഹിയിൽ കൺസ്യൂമർ കോർട്ടിനെ സമീപിക്കുകയായിരുന്നു. തന്റെ വാഹനത്തിലെ ചില പാനലുകളിൽ തുരുമ്പ് കാണിക്കാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇയാൾ പരാതിയുമായി എത്തിയത്. ആദ്യം പ്രശ്ന പരിഹാരത്തിനായി ഡീലർഷിപ്പുമായി ബന്ധപ്പെട്ടു. ക്ലീനിങ്, റിപ്പയറിങ് രീതികൾ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കുന്നതിനായിരുന്നു ഇത്. എന്നാൽ, തുരുമ്പിനെ തുരത്താൻ ഡീലർക്കും സർവീസ് സെന്ററിനും സാധിക്കാതിരുന്നതോടെയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. തുടർന്ന് കിയ മോട്ടോർസിനും അംഗീകൃത ഡീലർക്കും എതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്‌തു.
2020-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനത്തിൽ ഉപയോഗിച്ച മെറ്റീരിയലിൻ്റെ ഗുണനിലവാരമില്ലായ്മയാണ് തൻ്റെ വാഹനത്തിന്റെ പ്രശ്‌നത്തിന് കാരണമെന്ന് ഉപഭോക്താവ് പറഞ്ഞു. പക്ഷേ, കമ്പനി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ മറ്റൊരു കഥയിറക്കുകയായിരുന്നു. അനധികൃത ക്ലീനിങ് ഉൽപന്നങ്ങളുടെ ഉപയോഗവും മലിനീകരണവും കഠിനജലവും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് വാഹനത്തിന് തുരുമ്പ് വരാൻ കാരണമെന്നാണ് കമ്പനിയും ഡീലറും കുറ്റപ്പെടുത്തിയത്.
മലിനീകരണം മുതൽ ഓണേഴ്‌സ് മാന്വൽവരെ
ക്രോം ഭാഗങ്ങൾ തുരുമ്പെടുത്തതിന് കാരണം ഡൽഹിയിലെ മലിനീകരണമാണെന്ന് നിർമാതാവ് കോടതിയെ അറിയിച്ചു. ഇരു കക്ഷികളുടെയും അഭിപ്രായങ്ങൾ കോടതി കേൾക്കുകയും തെളിവുകളും നടപടികളും ഇരു കക്ഷികളും നൽകിയ പ്രതികരണവും പരിശോധിച്ചശേഷം ഡൽഹിയിലെ ജില്ല ഉപഭോക്തൃ കോടതി മലിനീകരണം മൂലമാണ് നിറവ്യത്യാസത്തിന് കാരണമായതെന്ന നിർമാതാവിൻ്റെ വാദം പൂർണമായും തള്ളിക്കളഞ്ഞു.
ഓണേഴ്‌സ് മാനുവലിൽ പരാമർശിച്ചിരിക്കുന്ന ചില മാർഗനിർദേശങ്ങൾ പരാതിക്കാരൻ പാലിക്കുന്നില്ലെന്ന് കമ്പനിയുടെ ഭാഗത്തു നിന്നും വാദമുയർന്നപ്പോൾ കാറിൻ്റെ ഭാഗങ്ങളിൽ തകരാർ കണ്ടെത്താനുള്ള സംഗതിയല്ല ഓണേഴ്‌സ് മാനുവലെന്നും അത് കാറിനെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന ഗൈഡ് ലൈൻ മാത്രമാണെന്നും കോടതി വിലയിരുത്തി. നിർമാതാവ് തൻ്റെ വാഹനം ദിവസവും വെള്ളത്തിൽ കഴുകുകയും കമ്പനി ശുപാർശ ചെയ്യാത്ത കാർ ഉൽപന്നങ്ങൾ പ്രയോഗിക്കുകയും ചെയ്തതെന്നുമുള്ള വാദങ്ങൾ ഉയർത്തിയെങ്കിലും ഇതൊന്നും നിലനിന്നില്ല.
കേസ് വിശകലനം ചെയ്ത ശേഷം, ഉപഭോക്തൃ കോടതി ഒടുവിൽ ഉപഭോക്താവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. തകരാർ ഉള്ള കാർ നൽകിയതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 70,000 രൂപ നൽകണമെന്ന് കിയ മോട്ടോർസ് ആൻഡ് ഫ്രോണ്ടിയർ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിനോട് കോടതി ഉത്തരവിട്ടു. രണ്ടു മാസത്തിനുള്ളിൽ ഉപഭോക്താവിന് തുക നൽകാനാണ് നിർമാതാവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച സമയത്ത് തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ പണം നൽകുന്നതുവരെ പ്രതിവർഷം ഏഴു ശതമാനം പലിശ ഈടാക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.